/indian-express-malayalam/media/media_files/uploads/2020/05/Dhoni-Yuvraj-Kohli.jpg)
ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിലും രണ്ടാം ഏകദിന ലോകകപ്പ് നേട്ടത്തിലും പ്രധാന പങ്കുവഹിച്ച താരമാണ് യുവരാജ് സിങ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെയും തകർപ്പൻ ഫീൽഡിങ്ങിലൂടെയും സ്‌പിൻ മാന്ത്രികതയിലൂടെയും ഇന്ത്യൻ ക്രിക്കറ്റിലെ കംപ്ലീറ്റ് ഓൾറൗണ്ടറായിരുന്ന താരം കഴിഞ്ഞ വർഷമാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഐപിഎല്ലിൽ നിന്നും പടിയിറങ്ങാനുള്ള താരത്തിന്റെ തീരുമാനം ലക്ഷകണക്കിന് ആരാധകരെ നിരശരാക്കിയിരുന്നു. എന്നാൽ അവരെ ആവേശത്തിലേക്ക് നയിക്കുന്ന മറ്റൊരു വാർത്തയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നത്.
വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. വരുന്ന സീസണിൽ പഞ്ചാബ് ടീമിനൊപ്പം യുവരാജ് സിങ്ങും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 38 കാരനായ യുവി ടി20യിൽ മാത്രമായിരിക്കും പഞ്ചാബിനായി കളിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം വ്യക്തമാക്കി താരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് കത്തെഴുതി.
Also Read: തിരിച്ചുവരവിനൊരുങ്ങി യുവരാജ് സിങ്; ബിബിഎല്ലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായേക്കും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലച്ചിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് പോരാട്ടങ്ങൾ ഒക്ടോബർ മുതലാണ് പുനഃരാരംഭിക്കുന്നത്. വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറാണമെന്നും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്നും ആവശ്യപ്പെട്ട് പിസിഎ സെക്രട്ടറി പുനീത് ബാലി യുവിയെ നേരത്തെ സമീപിച്ചിരുന്നു. "അഞ്ചോ ആറോ തവണ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു താരമായും മെന്ററായും ടീമിലേക്ക് മടങ്ങിയെത്താൻ അദ്ദേഹത്തിന് സാധിച്ചാൽ അത് ശരിക്കും നല്ല കാര്യമായിരിക്കും," ബാലി വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഓസ്ട്രേലിയൻ ലീഗായ ബിഗ് ബാഷ് ലീഗും താരം കളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. പരിമിത ഓവർ ക്രിക്കറ്റിൽ യുവരാജ് താൽപര്യം പ്രകടപ്പിച്ചതിനു പിന്നാലെ അനുയോജ്യമായ ബിബിഎൽ ക്ലബ് കണ്ടുപിടിക്കാൻ സഹായിക്കാമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയയും ഉറപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ബിബിഎൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാകും യുവരാജ് സിങ്.
നിലവിൽ ബിസിസിഐയുമായി കരാറുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമില്ല. എന്നാൽ യുവി ഇപ്പോൾ ബിസിസിഐയുടെ ഒരു ടൂർണമെന്റിലും മത്സരിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ ടി20 അടക്കം കളിക്കാൻ സാധിച്ചത്. ഈ പരിചയസമ്പത്തുകൂടി മുന്നിൽ കണ്ടാണ് ബിഗ് ബാഷ് ലീഗിലേക്ക് ചേക്കാറാനുള്ള തീരുമാനം. താരത്തിന്റെ ആവശ്യം മനസിലാക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയ യുവിക്കായി ഒരു ഫ്രാഞ്ചൈസി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.