ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോൾ രാജ്യാന്തര ക്രിക്കറ്റ് പല മാറ്റങ്ങൾക്കും സാക്ഷിയായി കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഇനി ധോണിയും റെയ്നയുമൊന്നുമുണ്ടാകില്ല. ടെസ്റ്റ് ടീമിലെ വജ്രായുധങ്ങളായ പേസ് നിരയിലും മാറ്റമുണ്ടാകുമെന്ന് നായകൻ വിരാട് കോഹ്ലിയും വ്യക്തമാക്കി കഴിഞ്ഞു. ടീമിൽ തലമുറ മാറ്റത്തിന് സമയമായെ ധ്വനിയാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിലേക്ക് അവസരത്തിനായി യുവതാരങ്ങളുടെ ഒരു നിര കാത്തിരിക്കുന്നു. ഈ ഐപിഎൽ അവരുടേതു കൂടിയാണ്. ഉടനല്ലെങ്കിലും ഭാവിയിൽ തങ്ങളുടെ സ്ഥാനം ദേശീയ ടീമിലുറപ്പിക്കാനുള്ള അവസരമായിരിക്കും ഇന്ത്യൻ അവർക്ക് ഐപിഎൽ 13-ാം പതിപ്പ്. അത്തരത്തിൽ ഐപിഎൽ വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പോകുന്ന അഞ്ച് പ്രധാന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
യശസ്വി ജയ്സ്വാൾ
കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഓപ്പണർ ബാറ്റ്സ്മാൻ കൂടിയായ യശസ്വി ജയ്സ്വാൾ. കന്നി ഐപിഎൽ താരലേലത്തിൽ തന്നെ കോടിപതിയായിട്ടാണ് താരം ടൂർണമെന്റിലേക്ക് എത്തുന്നത്. 2.4 കോടി രൂപ മുടക്കി യശസ്വി സ്വന്തമാക്കിയിരിക്കുന്നത് രാജസ്ഥാൻ റോയൽസാണ്. യുവതാരങ്ങൾക്ക് അവസരം നൽകാൻ എപ്പോഴും ശ്രദ്ധ പുലർത്തുന്ന ടീമായ രാജസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ടിൽ യശസ്വിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസരം മുതലാക്കാനായിൽ വൈകാതെ തന്നെ ഇന്ത്യൻ സീനിയർ കുപ്പായത്തിലും താരത്തെ പ്രതീക്ഷിക്കാം. ഇടംകയ്യൻ ബാറ്റ്സ്മാനായതിനാൽ തന്നെ ബോളർമാർക്ക് യശസ്വിയെ നേരിടുക അത്ര എളുപ്പമല്ല. ഒപ്പം താരത്തിന്റെ ആത്മവിശ്വാസവും ചടുലതയും പ്രകടനത്തിന് കരുത്തേകും.
രവി ബിഷ്ണോയ്
അണ്ടർ 19 ലോകകപ്പിൽ ബാറ്റുകൊണ്ട് യശസ്വി തിളങ്ങിയപ്പോൾ പന്തുകൊണ്ട് വിസ്മയം തീർത്ത താരമാണ് രവി ബിഷ്ണോയ്. ലെഗ് സ്പിന്നറായ രവിക്കുവേണ്ടി മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും പൊരിഞ്ഞ പോരാട്ടം. 20 ലക്ഷം അടിസ്ഥാനവിലയില്നിന്ന് രണ്ടുകോടി രൂപയ്ക്കാണ് ഒടുവില്‍ താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. മുഖ്യ പരിശീലകൻ അനിൽ കുംബ്ലെയുടെ വിശ്വസതനായിട്ടാണ് രവി ടീമിലെത്തുന്നത്. ലോകകപ്പിൽ 17 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന താരത്തിന് ഐപിഎല്ലിലും തിളങ്ങാനാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ചേട്ടന്മാർക്ക് എല്ലാ തരത്തിലും സ്പിന്‍ മാജിക് കൊണ്ട് ഈ രാജസ്ഥാന്താരം വെല്ലുവിളിയാകും.
റിയാൻ പരാഗ്
രാജസ്ഥാൻ റോയൽസ് ഇത്തവണ നിലനിർത്തിയ താരങ്ങളിലൊരാളാണ് കൗമാരക്കാരൻ റിയാൻ പരാഗ്. വ്യക്തമായ കാരണം താരത്തിന്റെ ടീമിന്റെ നിലനിൽപ്പിലുണ്ട്. കഴിഞ്ഞ സീസണിൽ രാജസ്ഥാന് റോയല്‍സിനെ വന്‍ തകര്‍ച്ചയില്‍നിന്നു കരകയറ്റിയ ഒറ്റയാള്‍ പോരാട്ടം റിയാന്‍ പരാഗിന് സമ്മാനിച്ചത് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് റിയാന്‍ സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പ് ഉയർത്തിയ പൃഥ്വി ഷായുടെ ടീമിലംഗമായിരുന്നു റിയാൻ. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ സാധിക്കുമെന്നതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്.
Also Read: IPL 2019: ടീം വീണിടത്ത് തലയുയര്‍ത്തി പരാഗ്; സഞ്ജുവിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ
വിരാട് സിങ്
സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവതാരമാണ് വിരാട് സിങ്. അക്രമണോത്സുകമായ ബാറ്റിങ് കൊണ്ടും സ്ഥിരതകൊണ്ടും ഇതിനോടകം പല പ്രമുഖരുടെയും പ്രശംസ പിടിച്ചുപറ്റിയ താരം. മധ്യനിരയിൽ ഹൈദരാബാദിന്റെ പ്രതീക്ഷയും ഉത്തരവാദിത്തവും വിരാടിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടുള്ള താരം വൈറ്റ് ബോൾ ക്രിക്കറ്റിൽ തന്റെ മികവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.
Also Read: ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ അഞ്ച് പേസർമാർ; പട്ടികയിൽ രണ്ട് മലയാളികളും
ദേവ്ദത്ത് പടിക്കൽ
കർണാടകയ്ക്കുവേണ്ടി കളിക്കുന്ന മലയാളി താരമാണ് ദേവ്ദത്ത് പടിക്കൽ. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണയും താരത്തെ ടീമിനൊപ്പം നിലനിർത്തിയത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. ഇടംകയ്യൻ ബാറ്റ്സ്മാനായ ദേവ്ദത്തിന് ഇത്തവണ കൂടുതൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ തന്റെ മികവ് ഒന്നുകൂടെ അടിവരയിടാൻ ദേവ്ദത്തിന് ലഭിക്കുന്ന സുവർണാവസരവുമാകുത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook