ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിങ്. കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ബിസിസിഐയുമായുള്ള ബന്ധങ്ങൾ അവസാനിച്ച താരം വിദേശ ലീഗുകളിലേക്ക് ചേക്കേറുമെന്ന് സജീവമായ വാർത്തകളുണ്ടായിരുന്നു. ക്യാനഡയിൽ നടക്കുന്ന ഗ്ലോബൽ ടി20 ടൂർണമെന്റിൽ ടൊറന്റോ നാഷ്ണൽസിന് വേണ്ടി കളിച്ച താരം ഓസ്ട്രേലിയൻ ലീഗായ ബിഗ് ബാഷ് ലീഗ് കളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.

പരിമിത ഓവർ ക്രിക്കറ്റിൽ യുവരാജ് താൽപര്യം പ്രകടപ്പിച്ചതിനു പിന്നാലെ അനുയോജ്യമായ ബിബിഎൽ ക്ലബ് കണ്ടുപിടിക്കാൻ സഹായിക്കാമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയയും ഉറപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ബിബിഎൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാകും യുവരാജ് സിങ്.

Also Read: IPL 2020: ഇവരെ കരുതിയിരിക്കുക; ഐപിഎല്ലിൽ അത്ഭുതം സൃഷ്ടിക്കാൻ പോകുന്ന യുവനിര, കൂട്ടത്തിൽ ഒരു മലയാളിയും

നിലവിൽ ബിസിസിഐയുമായി കരാറുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമില്ല. എന്നാൽ യുവി ഇപ്പോൾ ബിസിസിഐയുടെ ഒരു ടൂർണമെന്റിലും മത്സരിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്ലോബൽ ടി20 അടക്കം കളിക്കാൻ സാധിച്ചത്. ഈ പരിചയസമ്പത്തുകൂടി മുന്നിൽ കണ്ടാണ് ബിഗ് ബാഷ് ലീഗിലേക്ക് ചേക്കാറാനുള്ള തീരുമാനം. താരത്തിന്റെ ആവശ്യം മനസിലാക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയ യുവിക്കായി ഒരു ഫ്രാഞ്ചൈസി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്.

Also Read: IPL 2020: ആശങ്ക: ഡൽഹി ക്യാപിറ്റൽസ് സംഘത്തിലൊരാൾക്കും കോവിഡ്

ഇതിഹാസ താരങ്ങൾ പങ്കെടുത്തുകൊണ്ട് മാർച്ചിൽ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിനു അദ്ദേഹം കളിച്ചിരുന്നില്ല. കഴിഞ്ഞ വർഷത്തോടെ മുംബൈ ഇന്ത്യൻസുമായും ഇന്ത്യൻ പ്രീമിയർ ലീഗുമായുമുള്ള (ഐപിഎൽ) ബന്ധവും അവസാനിപ്പിച്ചിരുന്നു. ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിലും രണ്ടാം ഏകദിന ലോകകപ്പ് നേട്ടത്തിലും നിർണായക പങ്കുവഹിച്ച താരമാണ് യുവി.

അതേസമയം ഇന്ത്യൻ കളിക്കാരെ ബി‌ബി‌എല്ലിൽ ഉൾപ്പെടുത്തുന്നതു ലീഗിന് വലിയ പ്രോത്സാഹനമാകുമെന്നു ചെന്നൈ സൂപ്പർ കിങ്സ് താരവും ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ ഷെയ്ൻ വാട്സൺ പറഞ്ഞു. കരീബിയൻ പ്രീമിയർ ലീഗിലടക്കം മറ്റ് വിദേശ താരങ്ങൾ പങ്കെടുക്കുന്നുണ്ടെങ്കിലും ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാൻ അനുമതിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook