/indian-express-malayalam/media/media_files/uploads/2019/12/kohli-ronaldo.jpg)
വിശാഖപട്ടണം: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ഇതിഹാസ താരം ബ്രയാൻ ലാറ. കഴിവിനൊപ്പം കഠിനാധ്വാനവും ഗെയിമിനോടുള്ള പ്രതിബദ്ധതയുമാണ് ഇരു താരങ്ങളും തമ്മിലുള്ള സാമ്യമെന്നും ലാറ വ്യക്തമാക്കി. ടീമിലെ സഹതാരങ്ങളായ കെ.എൽ.രാഹുലിനേക്കാളുമോ രോഹിത് ശർമയേക്കാളുമോ കഴിവ് കോഹ്‌ലിക്കില്ല. എന്നാൽ തന്റെ കഴിവുകളെ അവിശ്വസനീയമായ രീതിയിലേക്ക് മാറ്റി കോഹ്‌ലി തന്നെ അതിശയിപ്പിച്ചുവെന്നും ലാറ പറഞ്ഞു.
"കെ.എൽ.രാഹുലിനേക്കാളുമോ രോഹിത് ശർമയെക്കാളുമോ കഴിവ് കൂടുതലൊന്നും കോഹ്‌ലിക്ക് ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ മികച്ച പ്രകടനങ്ങൾ ഒരുക്കാൻ കോഹ്‌ലി കാണിക്കുന്ന പ്രതിബദ്ധത വലുതാണ്. അതുകൊണ്ട് ക്രിക്കറ്റിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം നിൽക്കുന്ന താരമായി കോഹ്‌ലിയെ പലപ്പോഴും തോന്നിയിട്ടുണ്ട്," ലാറ പറഞ്ഞു.
Also Read: കെപിഎൽ: കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഗോകുലം കേരള എഫ്‌സി
നൂറ്റാണ്ടിലെ ഏത് ടീമിലും ഉൾപ്പെടുത്താൻ സാധിക്കുന്ന താരമാണ് കോഹ്‌ലി. എഴുപതുകളിലെ ക്ലീവ് ലോഡ്സിന്റെ അൺബീറ്റബിൾ ടീമിലും ഡോൺ ബ്രാഡ്മാന്റെ ഇൻവിസിബിൾ ടീമിലുമെല്ലാം കോഹ്‌ലിക്ക് സ്ഥാനമുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും 50 റൺസിലധികം ശരാശരിയിൽ ബാറ്റുവീശുകയെന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും ലാറ പറഞ്ഞു.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്‌ലി ടീമിന് നിരവധി ജയങ്ങളും സമ്മാനിച്ചു കഴിഞ്ഞു. ടെസ്റ്റ് റാങ്കിങ്ങിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും കോഹ്‌ലിപ്പടയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏകദിന-ടെസ്റ്റ് റാങ്കിങ്ങുകളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ താരം. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലും തിളങ്ങിയതോടെ ടി20 റാങ്കിങ്ങിലും ആദ്യ പത്തിലെത്താൻ കോഹ്‌ലിക്കായി.
Also Read: ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ്; കോഹ്‌ലിയെയും ധോണിയെയും പിന്നിലാക്കി രോഹിത്
അതേസമയം, വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങി. എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് 13 പന്ത് ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ഷിമ്രോൺ ഹെറ്റ്മയറിന്റെയും ഷായി ഹോപ്പിന്റെയും ഇന്നിങ്സാണ് വെസ്റ്റ് ഇൻഡീസ് ജയം അനായാസമാക്കിയത്. ബോളിങ്ങിലും മികവ് പുലർത്താൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്കായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us