കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സുകളില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്‌മാൻ രോഹിത് ശര്‍മ, ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്.ധോണി, ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലി എന്നിവരാണ് വിസ്‌ഡൺ പുറത്തുവിട്ട പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ്.

2014 ല്‍ രോഹിത് ശര്‍മ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 264 റണ്‍സാണ് വിസ്‌ഡൺ പട്ടികയില്‍ ഒന്നാമത്. രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സിന് പകരം മറ്റ് ഏകദിന ഇന്നിങ്‌സുകളൊന്നും ഇല്ലെന്നാണ് വിസ്‌ഡൺ അഭിപ്രായപ്പെടുന്നത്. 25 പന്തില്‍ 12 റണ്‍സ് എന്ന നിലയില്‍ നിന്ന ശേഷമാണ് രോഹിത് ശര്‍മ 264 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്. 173 പന്തില്‍ നിന്നാണ് രോഹിത് 264 റണ്‍സ് നേടിയത്. 33 ഫോറുകളും ഒന്‍പത് സിക്‌സുകളും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഇത് രോഹിത്തിന്റെ രണ്ടാം ഡബിള്‍ സെഞ്ചുറിയായിരുന്നു.

Read Also: മകനെയും കയ്യിലെടുത്ത് നിറചിരിയുമായി സാനിയ മിർസ, ചിത്രങ്ങൾ

രോഹിത് ശര്‍മയ്ക്ക് ശേഷം പട്ടികയില്‍ രണ്ടാമതെത്തിയത് ദക്ഷിണാഫ്രിക്കയുടെ മുന്‍താരം എബി ഡിവില്ലിയേഴ്‌സാണ്. 2015 ജനുവരി 16 ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഡിവില്ലിയേഴ്‌സ് നേടിയ 149 റണ്‍സ് ഇന്നിങ്‌സാണ് നേട്ടത്തിനു കാരണം. വെറും 44 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. ഒന്‍പത് ഫോറുകളും 16 സിക്‌സുകളുമാണ് ഡിവില്ലിയേഴ്‌സ് നേടിയത്.

2011 മാര്‍ച്ച് രണ്ടിന് ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്‍ നേടിയ 113 റണ്‍സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. വെറും 63 പന്തില്‍ നിന്ന് ആറ് സിക്‌സുകളും 13 ഫോറുകളും അടങ്ങിയതായിരുന്നു ഒബ്രിയാന്റെ ഇന്നിങ്‌സ്.

Read Also: ഇനി തൈമൂറിനെ രക്ഷപ്പെടുത്താൻ കോഹ്‌ലിക്കും അനുഷ്കയ്‌ക്കും മാത്രമേ കഴിയൂ: കരീന കപൂർ

നാലും അഞ്ചും സ്ഥാനത്ത് ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത, ചരിത്രത്തില്‍ ഇടംപിടിച്ച എം.എസ്.ധോണിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് നാലാം സ്ഥാനത്ത്. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ധോണി നേടിയത് 91 റണ്‍സാണ്. 2011 ഏപ്രില്‍ രണ്ടിനായിരുന്നു ലോകകപ്പ് ഫൈനല്‍ മത്സരം. എട്ട് ഫോറുകളും രണ്ട് സിക്‌സുകളുമടക്കം 79 പന്തില്‍ നിന്നാണ് ധോണി 91 റണ്‍സ് നേടിയത്. ഇന്ത്യ ലോകകപ്പ് സ്വന്തമാക്കാന്‍ കാരണമായ ഇന്നിങ്‌സ് കൂടിയാണിത്.

Read Also: അയല്‍വാസിയെയും മകനെയും മര്‍ദിച്ചു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര പരാതി

ഇന്ത്യയുടെ ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലി ശ്രീലങ്കയ്‌ക്കെതിരെ നേടിയ 133 റണ്‍സാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 86 പന്തുകളില്‍ നിന്നാണ് കോഹ്‌ലി 133 റണ്‍സ് നേടിയത്. 16 ഫോറുകളും രണ്ട് സിക്‌സുകളും അടക്കമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook