കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് ജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരാജയപ്പെടുത്തിയാണ് മുൻ ചാംപ്യന്മാരായ ഗോകുലം പുതിയ സീസണിന് തുടക്കമിട്ടിരിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
ഇരു ക്ലബ്ബുകളുടെയും റിസർവ് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങി ഓൺഗോളാണ് പരാജയത്തിലേക്ക് നയിച്ചത്. 66-ാം മിനിറ്റിൽ ഗോകുലം താരം ബ്യൂടിന്റെ ഷോട്ട് കേരള ബ്ലാസ്റ്റേഴ്സ് താരം ലെമിനൻ ഡങ്കലിന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.
Also Read: കേരളത്തിന്റെ മിശിഹ…; രണ്ടു ഗോളിന് പിന്നിൽനിന്ന ബ്ലാസ്റ്റേഴ്സിനെ സമനിലയിലെത്തിച്ച് മെസി
ഗോൾ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളും ലീഡ് ഉയർത്താനുള്ള ഗോകുലത്തിന്റെ ശ്രമങ്ങളും അവശേഷിച്ച മിനിറ്റിൽ വിഫലമായതോടെ ഗോകുലത്തിന് ഒരു ഗോൾ ജയം. ആയിരക്കണക്കിന് ആരാധകരാണ് കേരളത്തിലെ രണ്ടു പ്രമുഖ ക്ലബ്ബുകൾ ഏറ്റുമുട്ടിയ മത്സരം കാണാൻ കോഴിക്കോട് സ്റ്റേഡിയത്തിലെത്തിയത്.
Also Read: പകരക്കാരിൽ പ്രധാനി; നീലക്കുപ്പായത്തിൽ സഞ്ജുവിന്റെ കാത്തിരിപ്പ് നീളുമ്പോൾ
കെഎഫ്എ സീനിയർ വൈസ് പ്രസിഡന്റ് കെ.പി.സണ്ണിയാണ് കേരള പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിന് കിക്കോഫ് നടത്തിയത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സാറ്റ് തിരൂർ കണ്ണൂർ എഫ്സിയെ പരാജയപ്പെടുത്തി. വാശിയേറിയ മത്സരത്തിൽ ഏഴു ഗോളുകളാണ് പിറന്നത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സാറ്റ് തിരൂരിന്റെ ജയം. തിരൂരിനായി നാലു ഗോളുകളും നേടിയത് വിദേശ താരം കമാരയാണ്.