/indian-express-malayalam/media/media_files/uploads/2020/02/virat-kohli-vvs-laxman.jpg)
വെല്ലിങ്ടണിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഇന്നിങ്സ് തോൽവി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 165 റൺസിന് പുറത്തായപ്പോൾ ന്യൂസിലൻഡ് 348 റൺസാണ് അടിച്ചെടുത്തത്. ആദ്യ ഇന്നിങ്സിൽ വഴങ്ങിയ കൂറ്റൻ ലീഡ് ഇന്ത്യൻ പ്രതീക്ഷകൾക്ക് ശക്തമായ തിരിച്ചടിയായി. ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിയുടെയും ബോളിങ്ങിൽ ജസ്പ്രീത് ബുംറയുടെയും മോശം ഫോമാണ് ഇന്ത്യയ്ക്ക് പ്രധാന തലവേദനയാകുന്നത്.
ആദ്യ ഇന്നിങ്സിൽ 19 റൺസിന് പുറത്തായ കോഹ്‌ലിക്ക് രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കടക്കാൻ പോലുമായില്ല. നേരിട്ട ഏഴാം പന്തിൽ കോഹ്‌ലി പുറത്താകുമ്പോൾ അക്കൗണ്ടിലുണ്ടായിരുന്നത് രണ്ട് റൺസ് മാത്രമാണ്. ജസ്പ്രീത് ബുംറ വീഴ്ത്തിയതാകട്ടെ ഒരു വിക്കറ്റ് മാത്രവും. ആദ്യ ഇന്നിങ്സിൽ അജിങ്ക്യ രഹാനെയുടെയും രണ്ടാം ഇന്നിങ്സിൽ മായങ്ക് അഗർവാളിന്റെയും ചെറുത്തുനിൽപ്പാണ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് കരകയറ്റിയത്.
Also Read: ഇന്ത്യ പൊരുതുന്നു, ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ വേണ്ടത് 39 റൺസ്
മത്സരത്തിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ നിരവധി വിമർശനങ്ങളാണ് ലോക ഒന്നാം നമ്പർ ടീമിനെതിരെ ഉയർന്ന് വരുന്നത്. ക്രിക്കറ്റ് ആരാധകർക്കൊപ്പം മുതിർന്ന താരങ്ങളും ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തി. കോഹ്‌ലി കൂടുതൽ അച്ചടക്കവും ക്ഷമയും കാണിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ പറഞ്ഞു. ബാറ്റ്സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോഹ്‌ലിക്ക് പിഴവ് സംഭവിച്ചതായി അദ്ദേഹം വ്യക്തമാക്കി.
'കോഹ്‌ലി കൂടുതല്‍ ക്ഷമയും അച്ചടക്കവും കാണിക്കണം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ മികച്ച പന്തുകളെ ബഹുമാനിക്കണം. ഇന്നിങ്‌സിന്റെ തുടകത്തില്‍ കാണിക്കുന്ന ക്ഷമ പിന്നീട് കോഹ്‌ലിക്ക് നഷ്ടപ്പെടുന്നു. സ്റ്റമ്പിന് നേര്‍ക്ക് പന്തെറിയുമ്പോള്‍ റണ്‍സ് കണ്ടെത്തുന്നു. എന്നാല്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കോഹ്‌ലിയുടെ ക്ഷമ പരീക്ഷിക്കുന്നു. കിവീസ് ബൗളര്‍മാര്‍ കോലിക്ക് സ്‌കോര്‍ കണ്ടെത്താനുള്ള ഒരവസരവും നല്‍കിയില്ല.' ലക്ഷ്മൺ പറഞ്ഞു.
Also Read: എല്ലാ ഫോർമാറ്റിലും മികച്ച ബാറ്റ്സ്മാൻ ആര്? സംശയമില്ല, കോഹ്‌ലിയെന്ന് വില്യംസൺ
ഫീൽഡിങ് ഒരുക്കിയതിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പിഴവ് സംഭവിച്ചതായി ലക്ഷ്മൺ. പുതിയ പന്തിൽ കളിക്കുമ്പോൾ പ്രത്യേകിച്ച് ഇത് വ്യക്തമായിരുന്നെന്നും ലക്ഷ്മൺ."വിദേശ രാജ്യങ്ങളിൽ കളിക്കുമ്പോൾ പുതിയ പന്തിന് വലിയ സ്വാധീനമുണ്ട്. ആ ട്രിക്ക് വിരാട് കോഹ്‌ലിക്ക് നഷ്ടമായി. അതിന് പകരം കൊടുക്കേണ്ടി വരിക ഈ മത്സരം തന്നെയാകും," ലക്ഷ്മൺ കൂട്ടിച്ചേർത്തു.
അതേസമയം മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. 25 റൺസുമായി അജിൻക്യ രഹാനെയും 15 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ഇനിയും 39 റൺസ് കൂടി വേണം. പൃഥ്വി ഷാ (30 പന്തിൽ 14), മായങ്ക് അഗർവാൾ (99 പന്തിൽ 58), ചേതേശ്വർ പൂജാര (81 പന്തിൽ 11), ക്യാപ്റ്റൻ വിരാട് കോലി (43 പന്തിൽ 19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.