/indian-express-malayalam/media/media_files/uploads/2022/01/Sreejesh.jpg)
പിആർ ശ്രീജേഷ് (ഫൊട്ടോ കടപ്പാട്-എക്‌സ്)
പാരീസ്: ഇനി ഇന്ത്യൻ ഗോൾവല കാക്കാൻ ശ്രീജേഷ് ഇല്ല. പാരീസ് ഒളിമ്പിക്‌സിൽ വെങ്കല തിളക്കത്തോടെ ഇന്ത്യൻ ഹോക്കി ഇതിഹാസം മലയാളിയായ പി ആർ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന്് വിരമിച്ചു. ശ്രീജേഷിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര പോരാട്ടമായതിനാൽ ഇന്ത്യൻ ഹോക്കി ടീമിനും ഇത് അഭിമാനപോരാട്ടം ആയിരുന്നു. തങ്ങളുടെ മുൻ നായകനെ, ഗോൾവല കാക്കുന്ന കരുത്തന് അഭിമാന വിടവാങ്ങൾ നൽകണമെന്ന് ഇന്ത്യൻ ടീമിന്റെ നിശ്ചയ ദാർണ്ഡ്യം ഒടുവിൽ പൊന്നുപോലൊരു വെങ്കല മെഡൽ ഇന്ത്യക്ക് സമ്മാനിച്ചു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പറുകളിൽ ഒരാളാണ് പിആർ ശ്രീജേഷ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ ശ്രീജേഷ് 328 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ടീമിൻറെ മുൻ ക്യാപ്റ്റൻ കൂടിയാണ് ഈ മലയാളി. ഇതുവരെ മൂന്ന് ഒളിമ്പിക്‌സുകളിൽ പങ്കെടുത്തു. ഇതുകൂടാതെ കോമൺവെൽത്ത് ഗെയിംസുകളിലും ലോകകപ്പുകളിലും ഇന്ത്യൻ ടീമിൻറെ ഭാഗമായിരുന്നു. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വിജയത്തിലും ശ്രീജേഷിന്റെ പ്രയ്‌നമുണ്ടായിരുന്നു.തുടർച്ചയായ രണ്ടാം വെങ്കലമെഡലാണ് ഒളിമ്പിക്‌സിൽ ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിലും ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വെങ്കലം നേടി മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടത്. ഇതോടെ രണ്ട് ഒളിമ്പിക്‌സ് മെഡൽ കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോർഡും ശ്രീജേഷ് സ്വന്തമാക്കി.
'അവസാനമായി ഒരിക്കൽ കൂടി ആ പോസ്റ്റുകൾക്കിടയിൽ നിൽക്കാൻ ഒരുങ്ങുമ്പോൾ എന്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ടു വീർപ്പുമുട്ടുന്നു. സ്വപ്നങ്ങൾ കണ്ടു നടന്ന കൊച്ചു കുട്ടിയിൽ നിന്നു ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്ന മനുഷ്യനിലേക്കുള്ള എന്റെ ഈ യാത്ര അസാധാരണമായ ഒന്നാണ്.ഇന്ന് ഞാൻ ഇന്ത്യക്ക് വേണ്ടി അവസാന മത്സരം കളിക്കുന്നു. ഓരോ സേവും ഓരോ ഡൈവും ആരാധകരുടെ ഓരോ ഇരമ്പലും എല്ലാ കാലത്തും എന്റെ ആത്മാവിൽ പ്രതിധ്വനിക്കും. നന്ദി ഇന്ത്യ, എന്നെ വിശ്വസിച്ചതിന് ഒപ്പം നിന്നതിന്'.-സ്‌പെയിനെതിരെയുള്ള മത്സരത്തിന് തൊട്ടുമുമ്പ് ശ്രീജേഷ് എക്‌സിൽ കുറിച്ചതാണ് ഈ വാക്കുകൾ.
/indian-express-malayalam/media/media_files/LpNi7UtiD2fWuTgMkZCK.jpg)
പാരീസ് ഒളിമ്പിക്‌സിലെ ടൂർണമെൻറിലുടനീളം ശ്രീജേഷ് എന്ന ഉരുക്കുകോട്ട ഇന്ത്യയുടെ രക്ഷകനാവുന്നതിന് കായികലോകം സാക്ഷ്യം വഹിച്ചതാണ്.സ്പെയിനിനെതിരായ വിജയത്തിലും ശ്രീജേഷിന്റെ സേവുകൾ നിർണായകമായി. വെങ്കലപ്പോരാട്ടത്തിൽ സ്പെയിൻ പലപ്പോഴും ഗോളിനടുത്ത് വരെ എത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാൻ സാധിച്ചില്ല. മത്സരത്തിലുടനീളം മിന്നും സേവുകളുമായി ശ്രീജേഷ് കളം നിറഞ്ഞു. അവസാന നിമിഷങ്ങളിൽ സ്‌പെയ്‌നിന് ലഭിച്ച പെനാൽറ്റി കോർണർ അവിശ്വസനീയമായി ശ്രീജേഷ് രക്ഷപ്പെടുത്തി. ഏറണാകുളം കിഴക്കമ്പലം സ്വദേശിയാണ് ശ്രീജേഷ്.
Read More
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
- ആശ്വാസ വിജയം തേടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.