/indian-express-malayalam/media/media_files/uploads/2020/08/ipl-2020-suresh-raina-returns-to-india-covid19.jpg)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈയെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ഐപിഎൽ 13-ാം പതിപ്പിലേക്ക് എത്തുമ്പോൾ ധോണിപ്പടയ്ക്ക് സുരേഷ് റെയ്നയുടെയും ഹർഭജൻ സിങ്ങിന്റെയും അഭാവം വലിയ നഷ്ടം തന്നെയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരു താരങ്ങളും ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ താരവും സ്‌പിൻ ഡിപ്പാർട്മെന്റിലെ ഏറ്റവും പരിചയസമ്പന്നനുമായ താരവുമില്ലാതെയാണ് ചെന്നൈ കളത്തിലിറങ്ങുന്നത്. റെയ്നയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നത് ശരിക്കും കഠിനമായിരിക്കുമെന്നാണ് ടീമിലെ മുതിർന്ന ഓസിസ് താരം ഷെയ്ൻ വാട്സൺ പറയുന്നത്.
എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ പ്രാപ്തമായ സ്ക്വാഡാണ് ചെന്നൈയുടേതെന്നും വാട്സൺ അഭിപ്രായപ്പെട്ടു. ചിന്നത്തലയെന്ന് ആരാധകർ വിളിക്കുന്ന റെയ്ന ചെന്നൈയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമാണ്.
“ഞങ്ങൾക്ക് ഈ സാഹചര്യവും (റെയ്നയുടെയും ഹർഭജന്റെയും അഭാവം) കൈകാര്യം ചെയ്യണം. എല്ലാ ഐപിഎൽ സ്ക്വാഡുകളെയും പോലെ സിഎസ്‌കെയ്ക്കും ഡെപ്ത് ഉണ്ട്. സുരേഷ് റെയ്നയ്ക്ക് പകരക്കാരനെ കണ്ടെത്തുക ശരിക്കും ബുദ്ധിമുട്ടാണ്. അത് സാധിക്കില്ല. യുഎഇയിലെ സ്ഥിതിഗതികൾ ചൂടേറിയതാണെന്നും വിക്കറ്റുകൾ വരണ്ടതാകാനും കുറച്ചുകൂടി തിരിയാനുമുള്ള സാധ്യതകൾ അറിയുമ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും," ഷെയ്ൻ വാട്സൺ പറഞ്ഞു.
Also Read: IPL 2020: ദീപക് ചാഹറും മടങ്ങിയെത്തി; സർവസജ്ജമായി ധോണിപ്പട
റെയ്‌നയുടെ അഭാവം മുരളി വിജയ്‌ക്ക് അവസരം നൽകുമെന്നും പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിൽ സിഎസ്‌കെക്ക് വേണ്ടി വെറും മൂന്ന് മത്സരങ്ങൾ കളിച്ച വിജയ് 76 റൺസ് നേടിയിരുന്നു. ഇത്തവണ റെയ്നയുടെ അഭാവം മുരളി വിജയ്‌യ്ക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.
"അദ്ദേഹം <റെയ്‌ന> ഒരു വലിയ നഷ്ടമാണെന്നതിൽ സംശയമില്ല, പക്ഷേ മുരളി വിജയ്‌യെപ്പോലെയുള്ള ഒരാളെ ഞങ്ങൾക്ക് ഒപ്പമുണ്ട്. ടി20 ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല, പക്ഷേ അദ്ദേഹം വളരെ നല്ല ബാറ്റ്സ്മാനാണ്. കഴിഞ്ഞ വർഷം അദ്ദേഹം ബെഞ്ചിലായിരുന്നു, ഈ വർഷം കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കാം," വാട്സൺ പറഞ്ഞു.
ആരാധകർക്കും ടീമിനും ആശ്വാസമായി ദീപക ചാഹർ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. തുടർച്ചയായ രണ്ട് കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവായ ശേഷമാണ് ചാഹർ ഇന്നലെ പരിശീലനത്തിനിറങ്ങിയത്. ദീപക് ചാഹർ കൂടി മടങ്ങിയെത്തിയതോടെ ടീമിലെ ബോളിങ് നിര ഉണർന്നു കഴിഞ്ഞു. ഭാജിയുടെ അഭാവത്തിൽ പിയൂഷ് ചൗളയാകും ടീമിനെ നയിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.