scorecardresearch

Latest News

ജയസൂര്യയുടെ സെഞ്ചുറി മുതൽ ചോരവാർന്ന് വാട്സൺ നേടിയ 80 വരെ; ആരാധകരെ എന്നും ത്രസിപ്പിച്ചിട്ടുള്ള മുംബൈ-ചെന്നൈ പോരാട്ടങ്ങൾ

ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിന് യോഗ്യത നേടുകയും ഫൈനൽ കളിക്കുകയും ചെയ്ത ചെന്നൈ മൂന്ന് തവണ കിരീടം ഉയർത്തിയപ്പോൾ മുംബൈ നാല് തവണ ഐപിഎൽ ചാംപ്യന്മാരായി

ipl 2020: mi vs csk, csk vs mi, chennai super kings vs mumbai indians, chennai super kings vs mumbai indians ipl 2019 final, sanath jayasuriya 114, shane watson bleeding knee, cricket news, ipl rivalry

ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 13-ാം പതിപ്പിന് സെപ്റ്റംബർ 19ന് തുടക്കമാകുമ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തിലാണ്. ലോകകപ്പിന് ശേഷം ഏറ്റവും കൂടുതൽ കാണികളുള്ള ക്രിക്കറ്റ് ടൂർണമെന്റാണ് ഐപിഎൽ. പണക്കൊഴുപ്പിലും ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ലീഗ്. കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആരാധകരുടെ കാത്തരിപ്പിന് അവസാനം കുറിച്ച് അബുദാബിയിൽ സെപ്റ്റംബർ 19 ഇന്ത്യൻ സമയം 7.30ന് ചെന്നൈയും മുംബൈയും നേർക്കുനേർ എത്തുന്നതോടെ കുട്ടിക്രിക്കറ്റ് പൂരത്തിന് തുടക്കമാകും.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടമെതെന്ന് ചോദിച്ചാൽ ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരുടെയും ഉത്തരം മുംബൈ – ചെന്നൈ പോരാട്ടമെന്നായിരിക്കും. പ്രീമിയർ ലീഗിലെ ഏറ്റവും പഴക്കമേറിയതും കഠിനവുമായ റൈവറി. ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമുകളാണ് പലപ്പോഴും ചെന്നൈയും മുംബൈയും. ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിന് യോഗ്യത നേടുകയും ഫൈനൽ കളിക്കുകയും ചെയ്ത ചെന്നൈ മൂന്ന് തവണ കിരീടം ഉയർത്തിയപ്പോൾ മുംബൈ നാല് തവണ ഐപിഎൽ ചാംപ്യന്മാരായി.

നേർക്കുന്നേർ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 29 തവണയാണ് മുംബൈയും ചെന്നൈയും നേർക്കുന്നേർ എത്തിയത്. 18ലും ജയം മുംബൈയ്ക്ക് ഒപ്പമായിരുന്നു. പ്ലേ ഓഫിൽ അഞ്ച് തവണയും ഫൈനലിൽ നാല് തവണയും ഇരുടീമുകളും ഏറ്റുമുട്ടി. പരസ്പരം മത്സരിച്ച കലാശ പോരാട്ടത്തിൽ രണ്ട് വീതം തവണ കിരീടം ചെന്നൈയുടെ ടേബിളിലും മുംബൈയുടെ ടേബിളിലുമെത്തി.

ധോണിയുടെ വിശ്വസ്തൻ ജോഗീന്ദർ രക്ഷിച്ച മത്സരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയത് പ്രഥമ സീസണിലെ എട്ടാം മത്സരത്തിലായിരുന്നു. ഓസിസ് ഇതിഹാസം താരം മാത്യൂ ഹെയ്ഡന്റെ 81 റൺസും 53 റൺസ് നേടിയ സുരേഷ് റെയ്നയും 16 പന്തിൽ 30 റൺസ് നേടിയ എംഎസ് ധോണിയുടെയും മികവിൽ 208 റൺസാണ് ചെന്നൈ മുംബൈയ്ക്ക് മുന്നിൽ ഉയർത്തിയത്. അന്നത്തെ മുംബൈ നായകൻ ഹർഭജൻ സിങ് എട്ടോളം ബോളർമാരെ പരീക്ഷിച്ചെങ്കിലും റൺറേറ്റ് മാത്രം താഴേക്കുകൊണ്ടുവരാൻ സാധിച്ചില്ല.

Also Read: IPL 2020: ഇവരെ കരുതിയിരിക്കുക; ഐപിഎല്ലിൽ അത്ഭുതം സൃഷ്ടിക്കാൻ പോകുന്ന യുവനിര, കൂട്ടത്തിൽ ഒരു മലയാളിയും

മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് തുടക്കം മുതൽ പിഴച്ചു. തന്റെ ആദ്യ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി സനത് ജയസൂര്യയുടെ ഉൾപ്പടെ വിക്കറ്റെടുത്ത മൻപ്രീത് ഗോണി ചെന്നൈയ്ക്ക് പ്രതീക്ഷയുടെ അടിത്തറ പാകി. എന്നാൽ റോബിൻ ഉത്തപ്പയുടെ 43 റൺസ് ഇന്നിങ്സ് മുംബൈയ്ക്ക് തിരിച്ചുവരവിന്റെ പാത തെളിക്കുകയായിരുന്നു. ഉത്തപ്പ പുറത്താകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലെത്തിയ മുംബൈയെ നായകൻ ഹർഭജൻ സിങ്ങും അഭിഷേക് നായരും ചേർന്ന് മുന്നോട്ട് നയിച്ചു. ജേക്കബ് ഒറമിനെ രണ്ട് തവണ സിക്സർ പായിച്ച ഭാജി ജയം ഉറപ്പിച്ചെന്ന പോലെ പോരാടി. എന്നാൽ സ്‌പിൻ ഇതിഹാസം മുത്തായായ്ക്ക് മുന്നിൽ ഇന്ത്യയുടെ ടർബനേറ്ററിന് പിടിച്ചു നിൽക്കാനായില്ല.

ധോണി ജോഗീന്ദർ ശർമയം അവസാന ഓവർ ഏൽപ്പിക്കുമ്പോൾ വിജയത്തിന് 19 റൺസ് മാത്രം അകലെയായിരുന്ന മുംബൈയുടെ പ്രതീക്ഷകൾ അഭിഷേകിന്റെ ചുമരിലായിരുന്നു. ആദ് രണ്ട് പന്തും ബൗണ്ടറി പായിച്ച അഭിഷേക് നായർ ആ പ്രതീക്ഷകൾ കൂടുതൽ സജീവമാക്കി. എന്നാൽ അടുത്ത നാലു പന്തുകളും ജോഗീന്ദറിന്റേതായിരുന്നു. ആറു റൺസിന് നീലപ്പടയെ വീഴ്ത്തി മുംബൈയ്ക്കെതിരായ ആദ്യ ജയം ചെന്നൈ അന്നു കുറിച്ചു.

Also Read: IPL 2020: ചെന്നൈയുടെ അടുത്ത ക്യാപ്റ്റൻ; ധോണിയുടെ മനസ്സിലുള്ള കാര്യത്തെക്കുറിച്ച് ബ്രാവോ

സർവ്വതും തകർത്ത സനത് ജയസൂര്യ

വൺ മാൻ ഷോ എന്ന വാചകത്തോട് ഇത്രയും നീതി പുലർത്തിയ അധികം ഐപിഎൽ മത്സരങ്ങളുണ്ടായിട്ടുണ്ടാകില്ല. ലോകത്തിന്റെ മുന്നിൽ താൻ പരിമിത ഓവർ ക്രിക്കറ്റിന് വേണ്ടിയുള്ള താരമാണെന്ന് ശ്രീലങ്കൻ ഇതിഹാസം തെളിയിച്ച മത്സരമായിരുന്നു അത്. പവർ പ്ലേകളിൽ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് സെഞ്ചുറിയിലേക്ക് കുതിച്ച ജയസൂര്യ അന്ന് മുംബൈയ്ക്ക് വേണ്ടി ഒരുക്കിയത് അനായസ വിജയം.

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ ഷോൺ പൊള്ളാക്കിന്റെ എക്കണോമിക്കൽ ബോളിങ്ങും ധവാൽ കുൽക്കാർണിയുടെ കൃത്യമായ വിക്കറ്റ് കൊയ്ത്തും ചെന്നൈ ആറ് വിക്കറ്റിന് 156 റൺസിൽ ഒതുക്കി. 157 റൺസ് പ്രതിരോധിച്ച ധോണിയുടെ പ്രധാന ആയുധം ഗോണിയും ആൽബി മോർക്കലുമായിരുന്നു. എന്നാൽ ഇരുവരെയും നിരന്തരം ബൗണ്ടറി പായിച്ച ജയസൂര്യയെ പിടിച്ചുകെട്ടാൻ മുത്തയ്യ മുരളീധരനുമായില്ല. 14 ഓവറിൽ സെഞ്ചുറി തികച്ച ശ്രീലങ്കൻ താരം 48 പന്തിൽ നേടിയത് 114 റൺസ്. മുംബൈ ടീം സ്കോറിലെ 70 ശതമാനത്തിലധികം റൺസും പിറന്നത് ജയസൂര്യയുടെ ബാറ്റിൽ നിന്നായിരുന്നു. 37 പന്ത് ബാക്കി നിൽക്കെ മുംബൈയെ വിജയത്തിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

Also Read: IPL 2020: ചെന്നൈയ്‌ക്ക് തിരിച്ചടിയായി ഫാസ്റ്റ് ബൗളർമാരുടെ അഭാവം

മുന്നേറ്റ നിര തകർന്നടുത്ത് നിന്ന് മുംബൈയെ കരകയറ്റിയ സ്മിത്ത് ഇന്നിങ്സ്

ചെന്നൈയും മുംബൈയും ഏറെ വാശിയോടെ കൊമ്പുകോർത്ത മറ്റൊരു മത്സരം മുംബൈ ആരാധകർ ചേർത്തു വായിക്കുന്നത് സ്മിത്തിന്റെ പേരിനൊപ്പമാണ്. മുരളി വിജയിയുടെ 41 റൺസും റെയ്നയുടെ 36ഉം ബ്രാവോയുടെ 40ഉം ധോണിയുടെ 25 റൺസും ചേർന്ന് 174 എന്ന മികച്ച സ്കോറിലെത്തിയ ചെന്നൈയെ പിന്തുടർന്ന മുംബൈയ്ക്ക് അന്ന് തുടക്കത്തിൽ തന്നെ ജെയിംസ് ഫ്രാങ്ക്ലിനെ നഷ്ടമായി. സച്ചിൻ – രോഹിത് കൂട്ടുകെട്ട് 126 റൺസ് കൂട്ടിച്ചേർത്തപ്പോൾ മുംബൈ വിജയം ഉറപ്പിച്ചു.

എന്നാൽ ആർ അശ്വിൻ ബോളിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. 16-ാം ഓവറിൽ സച്ചിന് അശ്വിൻ പുറത്താക്കുമ്പോൾ രണ്ടിന് 134 എന്ന നിലയിൽ നിന്ന മുംബൈ നേരെ വീണത് ഒമ്പതിന് 159 റൺസിലേക്ക്. അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ മുംബൈയ്ക്ക് ജയിക്കാൻ വേണ്ടത് 16 റൺസ്. കൂട്ടതകർച്ച നേരിട്ട ഒരു ടീമിനുണ്ടാകുന്ന സാധാരണ സമ്മർദ്ദത്തിൽ എല്ലാം അവസാനിക്കണ്ടടുത്ത് നിന്ന് മുംബൈയുടെ രക്ഷകനായി അവതരിച്ചത് ഡ്വെയ്ൻ സ്‌മിത്തായിരുന്നു. 9 പന്തിൽ 25 റൺസുമായി ടീമിനെ അദ്ദേഹം കരകയറ്റിയത് തോൽവിയുടെ വൻ കയത്തിൽ നിന്ന് വിജയത്തിലേക്കായിരുന്നു.

‘ബ്രാവോ’ ഇന്നിങ്സും ജാദവ് ഫിനിഷിങ്ങും

2018ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ശ്രദ്ധേയമാകുന്നത് പ്രധാനമായും ചെന്നൈയുടെ തിരിച്ചുവരവിലൂടെയാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ വീണ്ടും ഐപിഎല്ലിലേക്ക് തലയുയർത്തിയെത്തിയത് മുംബൈയുടെ തലയറഉത്തുകൊണ്ടായിരുന്നു. ക്രുണാൽ പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്സിൽ (22 പന്തിൽ 41 റൺസ്) 165 എന്ന ഭേദപ്പെട്ട സ്കോറിലെത്താൻ മുംബൈയ്ക്ക് സാധിച്ചു.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ ഓപ്പണർ എവിൻ ലെവിസിനെ മുംബൈയുടെ അരങ്ങേറ്റക്കാരൻ ദീപക് ചാഹർ മടക്കുന്നത് ഐപിഎൽ ചരിത്രത്തിലെ ആദ്യ ഡിആർഎസിലൂടെയായിരുന്നു. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് ചെന്നൈയ്ക്ക് തിരിച്ചടിയായി, ഒപ്പം കേദാർ ജാദവിന്റെ റിട്ടയർഡ് ഹട്ട് സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്തു. 13 ഓവറിൽ 24 റൺസെടുക്കുന്നതിനിടയിൽ ആറു ചെന്നൈ വിക്കറ്റുകളാണ് വീണത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച ഡ്വെയ്ൻ ബ്രാവോ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. എന്നാൽ മിച്ചൽ മഗ്ലനാനും വീണതോടെ ചെന്നൈ പ്രതീക്ഷകൾ അസ്തമിച്ചുവെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പരുക്കുമേന്തി ജാദവ് വന്ന് വിജയ റൺസും നേടി ചെന്നൈയ്ക്ക് സമ്മാനിച്ചത് വീറിന്റെ മറ്റൊരു വിജയമായിരുന്നു.

Also Read: മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ലസിത് മലിംഗ എത്തില്ല, ഓസ്ട്രേലിയയിൽ നിന്ന് പകരക്കാരനെ കണ്ടെത്തി ടീം

വാട്സന്റെ ചോരയും ചെന്നൈയുടെ കണ്ണീരും കണ്ട ഫൈനൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ കലാശപോരാട്ടത്തിനായിരുന്നു കഴിഞ്ഞ സീസൺ സാക്ഷിയായത്. ടോസ് നേടിയെങ്കിലും ബാറ്റിങ്ങിൽ ദയനീയ പരാജയമായി മാറിയ മുംബൈയ്ക്ക് രക്ഷയായത് പൊള്ളാർഡിന്റെ ഇന്നിങ്സാണ്. 25 പന്തിൽ വിൻഡീസ് താരം നേടിയ 41 റൺസില്ലായിരുന്നുവെങ്കിൽ മുംബൈ അടപടലം തകർന്നുപോയെനെ. 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറിന്റെ പ്രകടനം മുംബൈയെ 149ൽ ഒതുക്കി.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അക്രമിച്ച് കളിച്ച് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത് 13 പന്തിൽ 26 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസിനെയാണ്. മറുവശത്ത് ഷെയ്ൻ വാട്സണും. പവർ പ്ലേയിലെ അവസാന ഓവറിൽ 15 റൺസാണ് സാക്ഷാൽ മലിംഗയ്ക്കെതിരെ വാട്സൺ അടിച്ചെടുത്തത്. എന്നാൽ റയ്ഡുവും റെയ്നയും ധോണിയും അവസരത്തിനൊത്ത് ഉയരാൻ പരാജയപ്പെട്ടതോടെ വാട്സണിന് അമിതഭാരമായി. 14 ഓവറിന് ശേഷം ആവശ്യമായ റൺറേറ്റ് 12ലേക്ക് ഉയർന്നു. എങ്കിലും ചോരവാർന്ന കാലുകളുമായി വാട്സൺ പോരാട്ടം തുടർന്നു. എന്നാൽ വിജയം മുംബൈയ്ക്കൊപ്പമായിരുന്നു. അതേസമയം 59 പന്തുകളിൽ നിന്ന് വേദന സഹിച്ച് വാട്സൺ നേടിയ 80 റൺസ് കിരീടത്തോളം വലുപ്പമുള്ളതായിരുന്നു ചെന്നൈ ആരാധകർക്ക്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2020 the best of mi vs csk rivalry