/indian-express-malayalam/media/media_files/uploads/2018/11/Sandesh-Jingan.jpg)
ബ്ലാസ്റ്റേർസ് താരം സന്ദേശ് ജിങ്കൻ പരിശീലനത്തിനിടെ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയ്ക്ക് കരുത്തു പകർന്ന സന്ദേശ് ജിങ്കൻ ക്ലബ്ബ് വിട്ടു. ആറ് വർഷമായി ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന ജിങ്കൻ ബുധനാഴ്ചയാണ് ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ജിങ്കൻ പുറത്തുപോവുന്ന വാർത്ത ക്ലബ്ബ് അധികൃതർ സ്ഥിരീകരിച്ചു.
അടുത്ത ഐഎസ്എൽ സീസണിൽ ജിങ്കൻ ക്ലബ്ബിനൊപ്പമുണ്ടാവില്ലെന്നും പുറത്തുപോക്ക് സംബന്ധിച്ച് ഉഭയകക്ഷി ധാരണയിലെത്തിയതായും കേരളാ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടവരെ അധികരിച്ച് പിടിഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. " അതേ ജിങ്കൻ ഇപ്പോൾ ക്ലബ്ബിനൊപ്പമില്ല. രണ്ടു പേരും തമ്മിലുള്ള പരസ്പര ധാരണയോടെയാണ് ഈ തീരുമാനം"- ബ്ലാസ്റ്റേഴ്സ് വൃത്തങ്ങൾ പറഞ്ഞു.
Read More: പ്രീമിയർ ലീഗ് വീണ്ടും ആശങ്കയിൽ; താരങ്ങൾക്കും സ്റ്റാഫിനുമായി നടത്തിയ പരിശോധനയിൽ ആറ് പോസിറ്റീവ് കേസുകൾ
ജിങ്കൻ ക്ലബ്ബ് വിടാൻ സാധ്യതയുള്ളതായി പ്രമുഖ സ്പോർട്സ് സൈറ്റായ ഗോൾ ഡോട്ട് കോം ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വിദേശ ക്ലബ്ബിലേക്കാണ് ജിങ്കൻ പോവുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐ-ലീഗിൽ ഒന്നിലധികം ടീമുകൾക്ക് വേണ്ടി കളിച്ച ജിങ്കൻ 2014ൽ 21-ാം വയസിലാണ് കേരള ബ്ലാസ്റ്റേഴിസിലെത്തുന്നത്. ആദ്യ സീസണിൽ തന്നെ എമർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരം ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനമാണ് പിന്നീടുള്ള സീസണുകളിലും പുറത്തെടുത്തത്. പ്രതിരോധത്തിലെ സൂപ്പർ നായകനായിരുന്നു ബ്ലാസ്റ്റേഴ്സിന് ജിങ്കൻ. പല നിർണായ ഘട്ടങ്ങളിലും അത്ഭുതകരമായി ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തിയതും ജിങ്കനായിരുന്നു.
2005ൽ ദേശീയ ടീം അംഗമായ ജിങ്കൻ ഇന്ത്യക്കുവേണ്ടി 36 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. ചണ്ഡീഗഡ് ജന്മനാടായ ജിങ്കൻ കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി 76 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2014ലും 16ലും ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ജിങ്കൻ നിർണായക പങ്ക് വഹിച്ചു. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ബൂട്ടുകെട്ടിയ കളിക്കാരൻ എന്ന റെക്കോർഡിനുമുടമയാണ് ജിങ്കൻ.
Read More: 'ഫൈനല്‍ വിസിലി'നൊടുവില്‍ വേണ്ടതൊരു യാത്ര; ലോക്ക്ഡൗൺ ജീവിതത്തെക്കുറിച്ച് വിനീത്
ചുരുങ്ങിയ സീസണുകളിൽ നിന്നു തന്നെ യുവതാരത്തിൽ നിന്ന് നായകനിലേക്ക് വളരാൻ ജിങ്കന് സാധിച്ചു. കരാറിൽ രണ്ട് വർഷം കൂടി ബാക്കി നിൽക്കെയാണ് താരം ക്ലബ്ബുമായി പിരിയുന്നത്. 2019- 20 സീസണിൽ പരിക്കിനെത്തുടർന്ന് ജിങ്കന് ബ്ലാസ്റ്റേഴ്സിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ജിങ്കനില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസിണിൽ ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു.
ഐ ലീഗിൽ മോഹൻ ബഗാനെ വിജയത്തിലേക്കെത്തിച്ച കിബു വിക്യൂണയെ അടുത്തിടെ ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചിരുന്നു. മുൻ പരിശീലകൻ ഇൽകോ ഷറ്റോരിക്ക് പകരക്കാരാനായാണ് പുതിയ നിയമനം.
Read More: Sandesh Jhingan leaves Kerala Blasters
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.