കൊറോണ വൈറസ് കളി ലോകത്തെയും കളിമൈതാനങ്ങളെയും നിശ്ചലമാക്കിയപ്പോള്‍ താരങ്ങളില്‍ പലര്‍ക്കുമിത് ഫാമിലി ടൈമാണ്. വീട്ടിൽ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കിട്ടിയ അവസരം. എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട കാല്‍പ്പന്ത് താരം സി.കെ. വിനീത് ലോക്ക്ഡൗൺ ദിവസങ്ങളിൽ കൂടുതൽ സമയവും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണു മാറ്റിവച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാരിന്റെ ഹെല്‍പ്‌ലൈന്‍ സെന്ററിലാണ് വിനീത് പ്രതിരോധ നിരക്കാരന്റെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത്. നാട്ടിലെത്തിയ ഉടനെ വിനീതിനെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ബന്ധപ്പെടുകയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ നാടിനുവേണ്ടി തന്നാലാകുന്നത് ചെയ്യുകയെന്ന ഉത്തമബോധ്യത്തോടെ ഹെല്‍പ്‌ലൈന്‍ സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായി വിനീത് എത്തി.
”രാവിലെ 10നു വന്നാല്‍ വൈകിട്ട് അഞ്ചിനാണു പോകുന്നത്. നിരവധി ആളുകള്‍ വിളിക്കുന്നുണ്ട്. ഭയത്തോടെ വിളിക്കുന്നവരുണ്ട്, അവശ്യ സാധനങ്ങള്‍ തീരുമ്പോഴും മരുന്നിനായും വിളിക്കുന്നവരുണ്ട്. ഇവരുടെയെല്ലാം സാഹചര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു, അത് തന്നെയാണു വലിയ അനുഭവം,” വിനീത് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read Also: ആധി ഒഴിയുന്നില്ല മനസ്സിൽ നിന്നും; ലോക്ക്‌ഡൗൺ ജീവിതത്തെ കുറിച്ച് ഇന്ദ്രൻസ്
ലോക്ക്ഡൗണില്‍ ഹെല്‍പ്‌ലൈന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുമ്പോഴും കുടുംബവുമായി ചെലവഴിക്കാന്‍ മുൻപത്തെക്കാളും കൂടുതൽ സമയം ലഭിക്കുന്നുണ്ടെന്നു വിനീത് പറയുന്നു. ”നേരത്തെ വീട്ടുകാർക്കൊപ്പമിരിക്കാൻ ഒട്ടും സമയം കിട്ടില്ലായിരുന്നു. ഇപ്പോള്‍ വൈകീട്ട് ആറു മുതല്‍ വീട്ടില്‍ തന്നെയാണ്. ഓഫീസിലൊക്കെ പോയിവരുന്ന പോലെ. കുഞ്ഞുമോനുണ്ട്, അവന്റെ കൂടെ കളിക്കും. അവന്‍ കുരുത്തക്കേടുകളൊക്കെ തുടങ്ങി, അതൊക്കെ ആസ്വദിക്കാന്‍ പറ്റുന്നുണ്ട്,” വിനീത് പറഞ്ഞു.
വിനീതിനു ലോക്ക്ഡൗണില്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഫുട്‌ബോളാണ്. കളിക്കാനും പരിശീലനം നടത്താനും പറ്റുന്നില്ലെന്നത് സങ്കടമുള്ള കാര്യമാണെന്നു താരം പറയുന്നു. എന്നാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള വ്യായമങ്ങള്‍ വീട്ടില്‍ ചെയ്യുന്നുണ്ട്. മോനെ ഓടിപ്പിടിക്കുമ്പോള്‍ തന്നെ ഫിറ്റ്‌നസ് ഏകദേശം സെറ്റാകുമെന്നാണു താരം പറയുന്നത്.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കഴിഞ്ഞാല്‍ ആദ്യം ഒരു യാത്ര ചെയ്യാനാണ് വിനീതിന്റെ ആഗ്രഹം. ”യാത്ര നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ആ സാഹചര്യത്തില്‍ അതിന് പറ്റിയില്ല. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ എവിടേക്കെങ്കിലും യാത്ര ചെയ്യണം. മനസ് ഫ്രഷ് ആക്കണം.”
ലോക്ക്ഡൗണില്‍ വിനീത് പുതിയ ശീലങ്ങളൊന്നും തുടങ്ങിയിട്ടില്ല. തന്റെ ശീലങ്ങള്‍ മാറ്റണമെന്ന് തോന്നിയിട്ടുമില്ലെന്നും വിനീത് പറയുന്നു.
Read Also: ‘തിങ്കളാഴ്ച തിരിച്ചു പോകാമെന്ന് കരുതി വന്നതാ ഞാൻ; ദേ ഇവിടെ കുടുങ്ങി’
ലോക്ക്ഡൗണ്‍ കായികലോകത്തെയും കാര്യമായി ബാധിക്കുമെന്നാണു വിനീതിന്റെ അഭിപ്രായം. ”ഫുട്‌ബോളില്‍ ക്ലബ്ബുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. കളി എപ്പോഴാണു തുടങ്ങുകയെന്ന് പോലും അറിയില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കഴിയേണ്ട സമയമായി, എന്നാല്‍ ഇതുവരെ അത് തുടങ്ങുന്നതിനേക്കുറിച്ച് പോലും ആലോചിക്കാന്‍ പറ്റുന്നില്ല,” വിനീത് പറഞ്ഞു.
ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്നീ പ്രമുഖ ക്ലബ്ബുകളുടെ സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്ന വിനീത് കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണു പന്ത് തട്ടിയത്. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം വിനീതാണ്. ഇത്തവണ ജംഷ്ഡ്പൂരിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഈ സ്‌ട്രൈക്കര്‍ ഇപ്പോള്‍ തിളങ്ങുന്നതു ഡിഫന്‍ഡറുടെ റോളിലാണ്, കൊറോണയെന്ന എതിരാളിക്കു മുന്നില്‍.