/indian-express-malayalam/media/media_files/2025/09/11/rinku-singh-about-monkey-attack-2025-09-11-16-43-47.jpg)
Source: Instagram
ഏറെ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ട്, വേണ്ട സൗകര്യങ്ങളൊന്നും ലഭിക്കാതെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ജീവിതം. ഐപിഎല്ലിലൂടെയാണ് റിങ്കു സിങ് തന്റേയും കുടുംബത്തിന്റേയും ജീവിതം കീഴ്മേൽ മറിച്ചത്. ഇന്ത്യയുടെ വെടിക്കെട്ട് ഫിനിഷർ ആവുന്നതിനെല്ലാം മുൻപ് ഒരു ദിവസം സഹോദരങ്ങൾക്കൊപ്പം പോകുമ്പോൾ കുരങ്ങിന്റെ ആക്രമണത്തിന് ഇരയായ ഭയപ്പെടുത്തുന്ന സംഭവം വെളിപ്പെടുത്തുകയാണ് താരം.
"ആ സമയം വീട്ടിൽ കുളിമുറി ഒന്നും ഉണ്ടായിരുന്നില്ല. അത് മഴക്കാലമായിരുന്നു. ഞാനും എന്റെ സഹോദരനും സുഹൃത്തും കുളിക്കുന്നതിനായി പോവുകയായിരുന്നു. പെട്ടെന്ന് ഞങ്ങളുടെ പിന്നിൽ നിന്ന് ആരോ ഉച്ചത്തിൽ കുരങ്ങൻ എന്ന് വിളിച്ച് പറഞ്ഞു. പിന്നിൽ നിന്ന് വന്ന കുരങ്ങൻ എന്നെ നിലത്തേക്ക് വീഴ്ത്തി. തുടരെ എന്നെ കടിച്ചു. എന്റെ ശരീരത്തിലെ ഒരുപാട് മാംസം പോയി," റിങ്കു സിങ് പറഞ്ഞു.
"ആ സമയം എന്നെ രക്ഷിക്കാൻ അവിടെ അധികം ആളുകൾ ഒന്നും ഉണ്ടായില്ല. എന്റെ സഹോദരൻ കുരങ്ങനെ ഓടിക്കുന്നതിനായി കല്ലെറിഞ്ഞിട്ടും ഫലമുണ്ടായില്ല. എന്നെ കുരങ്ങൻ കടിച്ച് കീറി. കുരങ്ങനിൽ നിന്ന് രക്ഷപെട്ട് എങ്ങനെയോ ഞാൻ ഓടി. മഴ പെയ്യുകയായിരുന്നു. എന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകിക്കൊണ്ടിരുന്നു. എന്റെ ശരീരത്തിലെ എല്ലുകളും കാണാമായിരുന്നു."
Also Read: Sanju Samson: ഫുൾ ഡൈവ് ചെയ്ത് തകർപ്പൻ ക്യാച്ച്; വിക്കറ്റിന് പിന്നിൽ തിളങ്ങി സഞ്ജു സാംസൺ
"പിന്നെ ഞങ്ങൾ ഒരു ക്ലിനിക്കിലേക്ക് പോയി. എന്റെ മുറിവുകളിൽ അവർ മരുന്ന് വയ്ക്കാൻ തുടങ്ങി. എന്നെ ജീവനോടെ തിരികെ ലഭിക്കുമോ എന്ന ഭയത്തിലാണ് എന്നെ കുടുംബം ക്ലിനിക്കിൽ നിന്നത്. അത്രയും രക്തം എന്റെ ശരീരത്തിൽ നിന്ന് പൊയ്ക്കൊണ്ടിരുന്നു. അതിനിടയിൽ ക്ലിനിക്കിലുള്ള ആരോ ഒരു ഫോൺ വിളിച്ച് ഒരു കുട്ടിക്ക് കുരങ്ങിന്റെ കടിയേറ്റു, വരൂ എന്ന് വിളിച്ചു പറഞ്ഞു. അതിന് ശേഷം ആരൊക്കെയോ വരികയും ഞാൻ രക്ഷപെടുകയുമായിരുന്നു," രാജ് ശർമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ റിങ്കു പറഞ്ഞു.
Also Read: കളിക്കാർക്ക് പഴത്തിനായി 35 ലക്ഷം രൂപ; ബിസിസിഐക്ക് കോടതി നോട്ടീസ്
ക്രിക്കറ്റിലേക്ക് വരുമ്പോൾ ദുബായിൽ ഇന്ത്യൻ ടീമിനൊപ്പമാണ് റിങ്കു സിങ് ഇപ്പോൾ. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റിങ്കുവിന് പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാനായില്ല. റിങ്കുവിന് പകരം ശിവം ദുബെയെയാണ് ഇന്ത്യ യുഎഇക്കെതിരെ ഇറക്കിയത്. ശിവം ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ പാക്കിസ്ഥാനെതിരായ കളിയിലും താരം സ്ഥാനം നിലനിർത്താനാണ് സാധ്യത.
Read More: ഇന്ത്യാ-പാക്കിസ്ഥാൻ മത്സരം; ടിക്കറ്റ് വിറ്റ് പോകുന്നില്ല; വില കേട്ടാൽ ഞെട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.