/indian-express-malayalam/media/media_files/2025/04/07/l2Jl3en43296tRNbDxWN.jpg)
Hardik Pandya, Krunal Pandya Photograph: (IPL, Instagram)
MI vs RCB IPL 2025: ഹർദിക് പാണ്ഡ്യയും തിലക് വർമയും അവിശ്വസനീയ ജയത്തിലേക്ക് മുംബൈ ഇന്ത്യൻസിനെ എത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും വിജയ വഴിയിലേക്ക് തിരിച്ചെത്താനാവാതെ മുംബൈ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുൻപിൽ വെച്ച 222 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിച്ചു. റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് 12 റൺസ് ജയം. 18ാം ഓവറിൽ തിലക് വർമയുടേയും 19ാം ഓവറിൽ ഹർദിക് പാണ്ഡ്യയുടേയും വിക്കറ്റ് വീഴ്ത്താൻ സാധിച്ചതാണ് ആർസിബിയെ ജയം പിടിക്കാൻ സഹായിച്ചത്. 10 വർഷത്തിന് ശേഷമാണ് വാങ്കഡെയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസിനെതിരെ ജയം നേടുന്നത്.
15 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്സും സഹിതം 42 റൺസ് എടുത്ത ഹർദിക് പാണ്ഡ്യയും 29 പന്തിൽ നിന്ന് 56 റൺസ് എടുത്ത തിലക് വർമയുമാണ് മുംബൈക്ക് വിജയ പ്രതീക്ഷ നൽകിയത്. 99 റൺസിന്റെ കൂട്ടുകെട്ടാണ് ഹർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് കണ്ടെത്തിയത്. രണ്ട് ഓവറിൽ 41 റൺസ് ഉൾപ്പെടെ ആർസിബി വഴങ്ങിയെങ്കിലും ഹെയ്സൽവുഡും ക്രുനാൽ പാണ്ഡ്യയും ചേർന്ന് മുംബൈയെ ജയത്തിൽ നിന്ന് തടഞ്ഞു.
ഏഴ് പന്തിൽ 32 റൺസ് എടുത്ത് ഹർദിക്
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ രോഹിത് ശർമ ഇന്നും നിരാശപ്പെടുത്തി 17 റൺസ് മാത്രം എടുത്ത് രോഹിത് മടങ്ങി. റികെൽറ്റനും 17 റൺസ് മാത്രമാണ് നേടാനായത്. വിൽ ജാക്സ് 22 റൺസും സൂര്യകുമാർ യാദവ് 28 റൺസും എടുത്തു. ഇരുവർക്കും സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനായില്ല. എന്നാൽ ക്രീസിലേക്ക് വന്ന ഉടനെ വെടിക്കെട്ട് ബാറ്റിങ് ആണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയിൽ നിന്ന് വന്നത്. പുറത്താവുമ്പോൾ 280 ആയിരുന്നു ഹർദിക്കിന്റെ സ്ട്രൈക്ക്റേറ്റ്. നേരിട്ട ആദ്യ ഏഴ് പന്തിൽ നിന്ന് 32 റൺസ് ആണ് ഹർദിക് അടിച്ചെടുത്തത്.
നാല് കളിയിൽ നിന്ന് ആർസിബിയുടെ മൂന്നാമത്തെ ജയമാണ് ഇത്. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. യഷ് ദയാലും ഹെയ്സൽവുഡും രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും പിഴുതു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിയെ 200ന് മുകളിൽ സ്കോറിലേക്ക് എത്തിച്ചത് കോഹ്ലി, രജത് എന്നിവരുടെ അർധ ശതകവും ജിതേഷ് ശർമയുടെ ഡെത്ത് ഓവറിലെ വെടിക്കെട്ട് ബാറ്റിങ്ങുമാണ്.ഓപ്പണർ ഫിൽ സോൾട്ട് മടങ്ങിയതിന് പിന്നാലെ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ആർസിബി സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്.
കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്നുള്ള കൂട്ടുകെട്ട് പൊളിച്ച് മുംബൈക്ക് ബ്രേക്ക് നൽകിയത് വിഘ്നേഷ് പുത്തൂരാണ്. 37 റൺസിൽ നിൽക്കെ തന്റെ ആദ്യ ഓവറിൽ തന്നെ ദേവ്ദത്ത് പടിക്കലിനെ വിഘ്നേഷ് പുറത്താക്കി. എന്നാൽ ദേവ്ദത്ത് പടിക്കൽ മടങ്ങിയതിന് പിന്നാലെ വന്ന ക്യാപറ്റൻ രജത് പാടീദാർ തകർത്തടിച്ചു. 31 പന്തിൽ നിന്ന് അഞ്ച് ഫോറും നാല് സിക്സും സഹിതം 64 റൺസ് ആണ് രജത് കണ്ടെത്തിയത്. ട്രെൻറ് ബോൾട്ട് ആണ് ഡെത്ത് ഓവറിൽ രജത്തിനെ വീഴ്ത്തിയത്.
42 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സും സഹിതം 67 റൺസ് എടുത്ത് നിന്ന വിരാട് കോഹ്ലിയെ ഹർദിക് പാണ്ഡ്യ 15ാം ഓവറിലെ ആദ്യ പന്തിൽ മടക്കുകയായിരുന്നു. അതേ ഓവറിലെ മൂന്നാമത്തെ പന്തിൽ ലിവിങ്സ്റ്റണിനെ ഡക്കാക്കി മടക്കാനും ഹർദിക്കിനായി. എന്നാൽ മറുവശത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ തകർത്തടിച്ചു. 19 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 40 റൺസ് ആണ് ജിതേഷ് അടിച്ചെടുത്തത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.