/indian-express-malayalam/media/media_files/2024/12/20/rxToOrQNHSYhv9Fuf1y4.jpg)
ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം(ഫയൽ ഫോട്ടോ)
ഇനി ചാംപ്യൻസ് ട്രോഫി ആവേശത്തിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിലെ ചാംപ്യന്മാരും ആതിഥേയരുമായാണ് പാക്കിസ്ഥാൻ ടൂർണമെന്റിലേക്ക് എത്തുന്നത്. ആ കിരീട നേട്ടം 2017ലെ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചും. ഇപ്പോഴത്തെ പാക്കിസ്ഥാൻ ടീമിനെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ മുൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി.
ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരം കറാച്ചിയിൽ പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിൽ. ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോര്.
കഴിഞ്ഞ എട്ട് മാസത്തെ വൈറ്റ് ബോളിലെ പ്രകടനം നോക്കുമ്പോൾ പാക്കിസ്ഥാൻ മികച്ച് നിൽക്കുന്നു. കരുത്തുറ്റ പ്രകടനങ്ങൾ ഈ കാലയളവിൽ അവരിൽ നിന്ന് വന്നിട്ടുണ്ട്, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിൽ, ഐസിസി റിവ്യുയിൽ രവി ശാസ്ത്രി പറഞ്ഞു.
"ആയുബിനെ ടോപ് ഓർഡറിൽ പാക്കിസ്ഥാന് നഷ്ടമാവുന്നു. ആയുബ് വളരെ നിർണായകമായ കളിക്കാരനാണ്. എന്നാൽ അപകടകാരികളാവാൻ പാകത്തിൽ തീവ്രതയുള്ള സ്ക്വാഡാണ് പാക്കിസ്ഥാന്റേത്. പ്രത്യേകിച്ച് സ്വന്തം മണ്ണിൽ അവർ കളിക്കുമ്പോൾ. സെമി ഫൈനൽ വരെ പാക്കിസ്ഥാൻ എത്തും എന്ന് എനിക്ക് ഉറപ്പുണ്ട്. അവിടെ നിന്നങ്ങോട്ട് പിന്നെ ആർക്കും കളി അനുകൂലമാവാം," രവി ശാസ്ത്രി പറഞ്ഞു.
ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ പാക്കിസ്ഥാനെ പിടിച്ചാൽ കിട്ടില്ല
ഇപ്പോൾ വളരെ വളരെ അപകടകാരികളാണ് പാക്കിസ്ഥാൻ. ഗ്രൂപ്പ് ഘട്ടം കടന്ന് കഴിഞ്ഞാൽ പിന്നെ അവർ ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി അപകടകാരികളാവും എന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്റെ പേസ് ആക്രമണ നിരയിലേക്കാണ് റിക്കി പോണ്ടിങ് വിരൽ ചൂണ്ടുന്നത്.
"ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൌഫ്, മുഹമ്മദ് ഹസ്നെയ്ൻ എന്നിവർ ഏറെ ആക്രമണകാരികളാണ്. പാക്കിസ്ഥാൻ പേസ് നിരയെ മുൻപിൽ നിന്ന് നയിക്കുന്ന ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർ അടുത്തിടെ നടന്ന പരമ്പരകളിൽ ഏറെ മികച്ച് നിന്നിരുന്നു. ഏതൊരു ലോകോത്തര ബാറ്റിങ് നിരയേയും തകർത്തെറിയാൻ അവർക്ക് സാധിക്കും," റിക്കി പോണ്ടിങ് പറഞ്ഞു.
"കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാബർ അസമിന്റെ പ്രകടനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. എന്നാൽ ബാബറിനും മുഹമ്മദ് റിസ്വാനും തങ്ങളുടെ എ ഗെയിം പുറത്തെടുക്കാനായാൽ പിന്നെ പാക്കിസ്ഥാൻ അവിശ്വസനീയമാം വിധം അപകടകാരികളാവും," പോണ്ടിങ് അഭിപ്രായപ്പെട്ടു.
സ്വന്തം മണ്ണിൽ കളിക്കുന്നു എന്നത് പോസിറ്റീവായും നെഗറ്റീവായും പാക്കിസ്ഥാനെ ബാധിച്ചേക്കാം എന്നും പോണ്ടിങ് പറയുന്നു. "സ്വന്തം മണ്ണിൽ കളിക്കുക എന്നത് രണ്ട് തരത്തിലും ബാധിക്കാം. സ്വന്തം കാണികളുടെ പിന്തുണ എന്നത് ഏറെ പ്രചോദനം നൽകുന്നു. നിർണായക നിമിഷങ്ങളെ അതിജീവിക്കാൻ ഇത് പാക്കിസ്ഥാനെ സഹായിച്ചേക്കാം," പോണ്ടിങ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.