/indian-express-malayalam/media/media_files/uploads/2018/01/Gambhir-Kohli.jpg)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കെതിരെ വീണ്ടും മുൻ താരം ഗൗതം ഗംഭീർ. എം.എസ്.ധോണിയും രോഹിത് ശർമ്മയും ടീമിനുള്ളതിനാലാണ് നായകനെന്ന നിലയിൽ വിരാട് കോഹ്‌ലിക്ക് തിളങ്ങാൻ സാധിക്കുന്നതെന്ന് ഗംഭീർ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഗംഭീർ പറഞ്ഞു. ഇതിനു മുമ്പും വിരാടിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഗംഭീർ രംഗത്തെത്തിയിട്ടുണ്ട്.
"കഴിഞ്ഞ ഏകദിന ലോകകപ്പിൽ കോഹ്‌ലി നന്നായി ടീമിനെ നയിച്ചു. എന്നാൽ ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ കോഹ്‌ലി നല്ല ക്യാപ്റ്റനാകുന്നത് എം.എസ്.ധോണിയും രോഹിത് ശർമ്മയും ടീമിലുള്ളതിനാലാണ്." ഗൗതം ഗംഭീർ പറഞ്ഞു.
Also Read: 'സമയമായി'; ധോണി സ്വമേധയാ വിരമിക്കണമെന്ന് സുനില്‍ ഗവാസ്‌കർ
ക്യാപ്റ്റനെന്ന നിലയിലുള്ള മികവ് ഐപിഎൽ കളിക്കുമ്പോൾ നമ്മൾ കണ്ടിട്ടുള്ളതാണെന്നും ഗംഭീർ പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഒരു കിരീടം നേടികൊടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. മികവുറ്റ കളിക്കാരുടെ പിന്തുണയില്ലാതെ ഫ്രാഞ്ചൈസികളെ നയിക്കുമ്പോഴാണ് ഒരാളുടെ ക്യാപ്റ്റന്‍സി മികവ് അളക്കാനാകുകയെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
Also Read:നിങ്ങൾ മികച്ച കളിക്കാരനാണ്; കോഹ്ലിയെ പുകഴ്ത്തി അഫ്രീദി
"മുംബൈ ഇന്ത്യൻസിന് വേണ്ടി രോഹിത് ശർമ്മ എന്ത് നേടിയെന്നും ചെന്നൈ സൂപ്പർ കിങ്സിന് കേണ്ടി ധോണി എന്ത് ചെയ്തെന്നും വ്യക്തമാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നേട്ടവുമായി ഇത് താരതമ്യപ്പെടുത്തിയാൽ കാര്യം വ്യക്തമാകും," ഗംഭീർ പറഞ്ഞു.
അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മിന്നും പ്രകടനത്തെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. "നിങ്ങള്‍ മികച്ചൊരു കളിക്കാരനാണ്. വിജയങ്ങള്‍ തുടരാനും ലോകത്താകെയുളള ക്രിക്കറ്റ് ആരാധകരെ രസിപ്പിക്കാനും നിങ്ങള്‍ക്ക് ഇനിയും സാധിക്കട്ടെ"യെന്ന് അഫ്രീദി ട്വിറ്ററിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.