മൊഹാലി ടി20യിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മിന്നും പ്രകടനത്തെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 52 പന്തില്‍ 72 റണ്‍സ് കോഹ്‌ലി നേടിയത്.
‘അഭിനന്ദനങ്ങള്‍, വിരാട് കോഹ്‌ലി. നിങ്ങള്‍ മികച്ചൊരു കളിക്കാരനാണ്. വിജയങ്ങള്‍ തുടരാനും ലോകത്താകെയുളള ക്രിക്കറ്റ് ആരാധകരെ രസിപ്പിക്കാനും നിങ്ങള്‍ക്ക് ഇനിയും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു,’ അഫ്രീദി ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
Congratulations @imVkohli You are a great player indeed, wish you continued success, keep entertaining cricket fans all around the world. https://t.co/OoDmlEECcu
— Shahid Afridi (@SAfridiOfficial) September 18, 2019
രാജ്യാന്തര ടി20 ക്രിക്കറ്റിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്റെ ഇരിപ്പിടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിൽ അർധ സെഞ്ചുറി നേടിയതോടെയാണ് രോഹിത് ശര്‍മയെ മറികടന്ന് കോഹ്‌ലി നേട്ടം കൈവരിച്ചത്. മത്സരത്തില്‍ കോഹ്‌ലി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി.
Read More: മൊഹാലിയില്‍ മോഹിപ്പിക്കും ജയം; തല്ലിത്തകര്‍ത്ത് കോഹ്‌ലി, ഇന്ത്യന്‍ വിജയം ഏഴ് വിക്കറ്റിന്
കോഹ്‌ലിക്ക് ടി20യില്‍ ആകെ 2441 റണ്‍സാണുള്ളത്. രോഹിത് ശര്‍മയ്ക്ക് 2434 റണ്‍സുണ്ട്. 97 ട്വന്റി20 മത്സരങ്ങളാണ് രോഹിത് കളിച്ചത്. ഇരുവരും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുളളത്. 71 മത്സരങ്ങളില്‍ നിന്ന് 50.85 ശരാശരിയോടെയാണ് കോഹ്‌ലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 22-ാം അർധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്.
ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ബാറ്റ്‌സ്മാനും കോഹ്‌ലിയാണ്. ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങിയ മൂന്ന് ഫോര്‍മാറ്റുകളിലും ഒരേസമയം 50 റണ്‍സിലധികം നേടുന്ന ലോകത്തെ ഏക ബാറ്റ്സ്മാന്‍ എന്ന നേട്ടവും ഈ മത്സരത്തോടെ കോഹ്‌ലിക്ക് സ്വന്തം.
ദക്ഷിണാഫ്രിക്കയ്ക്കായി ഡികോക്ക് അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത് നായകന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ചുറിയാണ്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. വിരാടിന്റേയും ശിഖര്‍ ധവാന്റേയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. വിരാട് 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സുമടക്കം 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. 31 പന്തില്‍ 40 റണ്‍സെടുത്താണ് ശിഖര്‍ ധവാന്‍ പുറത്തായത്. രോഹിത് 12 റണ്‍സും പന്ത് നാല് റണ്‍സുമെടുത്തു. ശ്രേയസ് അയ്യര്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.