ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും മുതിര്‍ന്ന താരവുമായ മഹേന്ദ്രസിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സമയമായെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. ധോണിയില്ലാത്ത ടീമിനെ കുറിച്ച് ഇന്ത്യ ആലോചിക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗവാസ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഗവാസ്കര്‍ ഇക്കാര്യം പറഞ്ഞതെന്നും ശ്രദ്ധേയമാണ്. “ധോണിയുടെ മനസ്സില്‍ എന്താണ് ഉള്ളതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ. ധോണിക്കിപ്പോള്‍ 38 വയസ്സായി. അടുത്ത ട്വന്റി 20 ലോകകപ്പ് എത്തുമ്പോഴേക്കും അദ്ദേഹത്തിന് പ്രായം 39 ആകും. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വിഷയത്തെ കുറിച്ച് ആലോചിക്കണം” ഗവാസ്കര്‍ പറഞ്ഞു.
Read Also: ധോണി വിരമിക്കുമോ?; പ്രതികരിച്ച് എം.എസ്.കെ.പ്രസാദ്
ധോണിയെ പോലൊരു ക്രിക്കറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്കിയ സംഭാവനകള്‍ അതുല്യമാണെന്നും ഗവാസ്കര്‍ പറഞ്ഞു. ” നായകനായും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായും ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, എനിക്ക് തോന്നുന്നു അദ്ദേഹത്തിന് സമയമായി. വിരമിക്കാനുള്ള സമയം അടുത്തെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”- ഗവാസ്കർ പറഞ്ഞു.
“ധോണിയുടെ കോടിക്കണക്കിനുള്ള ആരാധകരില്‍ ഒരാളാണ് ഞാനും. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടും കൂടിയാണ് ഇക്കാര്യം ഞാന്‍ പറയുന്നത്. മറ്റാരുടെയും സമര്‍ദ്ദമില്ലാതെ ധോണി സ്വയം തീരുമാനമെടുത്ത് വിരമിക്കണമെന്നാണ് ആഗ്രഹം. സ്വന്തം താത്പര്യത്തിനനുസരിച്ചായിരിക്കണം അദ്ദേഹം വിരമിക്കേണ്ടത്.” ഗവാസ്കര്‍ വ്യക്തമാക്കി.
Read Also: രാജ്യത്തിന് നിങ്ങളെ വേണം; ധോണിയോട് ലത മങ്കേഷ്കർ
ഋഷഭ് പന്തിനെ ഗവാസ്കര്‍ പിന്തുണച്ചു. പന്തിനെ വിശ്വാസത്തിലെടുക്കണം. കഴിവുള്ള താരമാണ് പന്ത്. അദ്ദേഹത്തോട് ക്രൂരമായി പെരുമാറരുത്. ടീമിനായി ഒട്ടേറെ സഭാവനകള്‍ നല്കാന് പന്തിന് സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.