/indian-express-malayalam/media/media_files/uploads/2020/05/Dhoni-hayden.jpg)
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മങ്കൂസ് ബാറ്റ് ഉപയോഗിക്കാതിരിക്കാൻ ധോണി തനിക്ക് മുന്നിൽവച്ച ഓഫറിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ഓസിസ് താരം മാത്യൂ ഹെയ്ഡൻ. മങ്കൂസ് ബാറ്റ് ഉപയോഗിക്കാതിരുന്നാൽ ജീവിതത്തിൽ നിങ്ങളാഗ്രഹിക്കുന്നതെന്തും തരാമെന്നായിരുന്നു ഹെയ്ഡന് മുന്നിൽ നായകൻ കൂടിയായിരുന്ന ധോണി വച്ച ഓഫർ. ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായിരുന്ന ഹെയ്ഡൻ മങ്കൂസ് ബാറ്റ് ഉപയോഗിച്ച് ക്രിക്കറ്റ് ലോകത്ത് തന്നെ പുതിയ തരംഗം സൃഷ്ടിച്ചിരുന്നു.
നീളൻ പിടിയോടുകൂടി ഹിറ്റിങ് പ്രതലം കുറവുള്ള പ്രത്യേക തരം ബാറ്റിനെയാണ് മങ്കൂസ് എന്ന് പറയുന്നത്. മങ്കൂസ് ബാറ്റ് ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതൽ നിരവധി ചോദ്യങ്ങളാണ് നേരിട്ടതെന്നും ഹെയ്ഡൻ വെളിപ്പെടുത്തി. എന്നാൽ ടി20യിലെ ഹെയ്ഡന്റെ ഏറ്റവും മികച്ച ഇന്നിങ്സ് പിറന്നത് മങ്കൂസ് ബാറ്റിൽ നിന്നുമാണ്. ഐപിഎൽ 2010 സീസണിൽ ഡൽഹിക്കെതിരെ മങ്കൂസ് ബാറ്റ് ഉപയോഗിച്ച് 43 പന്തിൽ 93 റൺസാണ് ഹെയ്ഡൻ അടിച്ചെടുത്തത്.
Also Read: സച്ചിനില്ലാതെ അഫ്രീദിയുടെ എക്കാലത്തെയും മികച്ച ഏകദിന ലോകകപ്പ് ഇലവൻ; ഇന്ത്യയിൽ നിന്ന് ഒരു താരം
"ഈ ബാറ്റ് ഉപയോഗിക്കാതിരിക്കാൻ ജീവിതത്തിൽ നിങ്ങൾക്ക് വേണ്ടത് എന്തും ഞാൻ തരാം. ഇനി ഇത് ഉപയോഗിക്കരുത്," ധോണി അന്ന് എന്നോട് പറഞ്ഞു.
എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി താനീ ബാറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ധോണിയെ പറഞ്ഞ് മനസിലാക്കുകയായിരുന്നുവെന്ന് ഹെയ്ഡൻ പറയുന്നു. ബാറ്റിന്റെ മധ്യത്തിൽ പന്ത് കൊള്ളുമ്പോൾ 20 മീറ്ററിൽ കൂടുതൽ പന്ത് പോകുമെന്നും ധോണിയോട് പറഞ്ഞതായി ഹെയ്ഡൻ ചെന്നൈ സൂപ്പർ കിങ്സുമായി നടത്തിയ തത്സമയ സംവാദത്തിനിടെ വ്യക്തമാക്കി.
Also Read: ഓസീസിനെ രക്ഷിക്കാന്‍ കോഹ്ലിയും ടീമും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാര്‍
"മങ്കൂസ് ബാറ്റ് ഉപയോഗിച്ച് കളിക്കുന്നതിലൂടെ മോശം പ്രകടനം നടത്തി എന്റെ ടീമിനെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെ ഈ ബാറ്റ് ഉപയോഗിച്ചുളള പരിശീലനം ഞാൻ നേരത്തെ തന്നെ നടത്തിയിരുന്നു. പലപ്പോഴും ഇന്നിങ്സിന്റെ മധ്യത്തിൽ വച്ചായിരിക്കും ഞാൻ മങ്കൂസിലേക്ക് മാറുക. മങ്കൂസ് തിരഞ്ഞെടുത്ത തീരുമാനം തെറ്റായിരുന്നില്ല. എന്റെ കളി മികച്ചതാകുമെന്ന തോന്നൽ എനിക്കുണ്ടായി," ഹെയ്ഡൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.