വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പല താരങ്ങളും മികച്ച പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കുന്നത് ക്രിക്കറ്റ് ലോകത്ത് വളരെ നാളായി പ്രചാരത്തിലുള്ളൊരു പരിപാടിയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കളിമൈതാനങ്ങൾ നിശ്ചലമാവുകയും താരങ്ങൾ വീടിനുള്ളിൽ അകപ്പെടുകയും ചെയ്തു. ഈ പ്രത്യേക സാഹചര്യത്തിൽ മുൻ താരങ്ങളും ഇതിഹാസങ്ങളും ഉൾപ്പടെ ഇത്തരത്തിൽ ടീമുകളെ പ്രഖ്യാപിക്കുകയാണ്. ഈ പട്ടികയിൽ ഏറ്റവും ഒടുവിൽ പാക്കിസ്ഥാൻ താരം ഷാഹീദ് അഫ്രീദിയും. എക്കാലത്തെയും മികച്ച ഏകദിന ലോകകപ്പ് ഇലവനെയാണ് താരം തിരഞ്ഞെടുത്തത്.
എന്നാൽ താരത്തിന്റെ പട്ടികയിൽ ഇന്ത്യൻ താരം സച്ചിൻ ടെണ്ഡുൽക്കറും പാക്കിസ്ഥാന്റെ ലോകകപ്പ് നായകൻ ഇമ്രാൻ ഖാനുമൊന്നുമില്ലെന്നതാണ് ശ്രദ്ധേയം. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സച്ചിൻ. ആറ് ലോകകപ്പുകളിൽ നിന്നായി 2278 റൺസാണ് താരം അടിച്ചെടുത്തത്. 2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോഴും മുന്നിൽ നിന്ന് നയിച്ചത് സച്ചിൻ തന്നെയായിരുന്നു. 1992ൽ പാക്കിസ്ഥാന് ആദ്യമായും അവസാനമായും ലോകകപ്പ് നേടിയപ്പോൾ ഇമ്രാൻ ഖാനായിരുന്നു നായകൻ.
Also Read: പാക്കിസ്ഥാൻ 1992 നു ശേഷം ലോകകപ്പ് നേടാത്തതിനു കാരണം അക്രം; ഗുരുതര ആരോപണവുമായി മുൻ താരം
അഫ്രീദിയുടെ ടീമിലെ ഓപ്പണർമാർ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റും പാക്കിസ്ഥാന്റെ തന്നെ സയ്ദ് അൻവറുമാണ്. 1999, 2003, 2007 ലോകകപ്പുകൾ ഓസ്ട്രേലിയ നേടുമ്പോൾ ഗിൽക്രിസ്റ്റ് ടീമിന്റെ ഭാഗമായിരുന്നു. ഇതേ ലോകകപ്പുകളിൽ പാക്കിസ്ഥാന് വേണ്ടി കളിച്ച താരമാണ് സയ്ദ് അൻവർ.
Also Read: ധോണിയും കോഹ്‌ലിയുമുൾപ്പടെ പലരും യുവരാജിനെ പിന്നിൽ നിന്ന് കുത്തി: യോഗ്‌രാജ് സിങ്
ഓസ്ട്രേലിയയ്ക്ക് രണ്ട് ലോകകപ്പുകൾ നേടികൊടുത്ത നായകൻ റിക്കി പോണ്ടിങ്ങാണ് ലിസ്റ്റിലെ മൂന്നാമൻ. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും അഫ്രീദിയുടെ ടീമിലെ ബാറ്റിങ് കരുത്താണ്. ടീമിലെ ഏക ഇന്ത്യൻ താരവും കോഹ്‌ലി തന്നെ. പാക്കിസ്ഥാന്റെ ഇൻസമാമം ഉൾ ഹഖാണ് മധ്യനിരയിലെ പ്രധാന താരം. 1996, 1999, 2003, 2007, 2011 ലോകകപ്പുകളിൽ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിൽ കളിച്ച ജാക് കാലിസാണ് ടീമിലെ ഓൾറൗണ്ടർ.
Also Read: ഓസീസിനെ രക്ഷിക്കാന്‍ കോഹ്ലിയും ടീമും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാര്‍
ശക്തമായ പേസ് നിരയെയാണ് അഫ്രീദി തിരഞ്ഞെടുത്തിരിക്കുന്നത്. വസീം അക്രം, ഗ്ലെൻ മഗ്രത്ത്, ഷൊയ്ബ് അക്തർ എന്നിവരാണ് പേസ് നിരയിൽ അണിനിരക്കുന്നത്. ലോകകപ്പിൽ 55 വിക്കറ്റുകൾ നേടിയ താരമാണ് വസിം അക്രം. 1992ൽ പാക്കിസ്ഥാൻ ലോകകപ്പ് നേടിയപ്പോൾ കലാശപോരാട്ടത്തിൽ മാൻ ഓഫ് ദി മാച്ചും അക്രമായിരുന്നു. ഓസിസ് ഇതിഹാസം ഷെയ്ൻ വോണും സഖ്ലിൻ മുഷ്താഖുമാണ് ടീമിലെ സ്പിൻ സാനിധ്യം.