അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ എന്നുമുതല്‍ എങ്ങനെ ആരംഭിക്കുമെന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഓസ്ട്രേലിയയുമായി പരമ്പര നടത്തുന്നതിന് രണ്ട് ആഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ ഇന്ത്യന്‍ ടീം തയ്യാറാണെന്ന് ബിസിസിഐ. ലോകത്തെ എല്ലാ കായിക മത്സരങ്ങള്‍ നിര്‍ത്തിവച്ച് സ്റ്റേഡിയങ്ങള്‍ അടഞ്ഞു കിടക്കുമ്പോഴാണ് ബിസിസിഐയുടെ നീക്കം.
ഇന്ത്യയുമായി അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നടത്താമെന്നുള്ള ഓസീസിന്റെ
ആവശ്യം നടക്കാതെ വന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് 300 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടാകും. സെപ്തംബര്‍ 30 വരെ ഓസ്ട്രേലിയ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.
ബിസിസിഐയുടെ ട്രഷറര്‍ അരുണ്‍ ധുമാലാണ് ഓസ്ട്രേലിയക്ക് പ്രതീക്ഷകള്‍ നല്കി ഇന്ത്യന്‍ ടീം രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞത്.
ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കേണ്ടതുണ്ടെന്നും മറ്റൊരു വഴിയില്ലെന്നും (ഓസ്ട്രേലിയില്‍ ക്വാറന്റൈനില്‍ കഴിയുക) എല്ലാവരുമത് ചെയ്യേണ്ടി വരുമെന്നും ധുമാല്‍ ദി സിഡ്നി മോണിങ് ഹെറാള്‍ഡിനോട് പറഞ്ഞു.
Read Also: ലാ ലിഗയുടെ ഇന്ത്യയിലേക്കുള്ള വരവ് നീളും; ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശ
ലോക്ക്ഡൗണ്‍ പോലെ നീണ്ടതല്ല രണ്ടാഴ്ച്ച. എല്ലാ കായിക താരങ്ങള്‍ക്കും അത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ അഞ്ച് ടെസ്റ്റുകള്‍ കളിക്കണമെന്ന ആവശ്യം ബിസിസിഐ അംഗീകരിച്ചിട്ടില്ലെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നാലോ അഞ്ചോ ടെസ്റ്റ് കളിക്കണമെന്ന് ഇന്ത്യ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അതേസമയം, കൂടുതല്‍ പരിമിതമായ ഓവറുകളുള്ള മത്സരങ്ങള്‍ കണിക്കുന്നത് മഹാമാരി മൂലമുള്ള സാമ്പത്തിക നഷ്ടത്തില്‍ നിന്നും തിരിച്ചു കയറാന്‍ രാജ്യങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഏകദിനങ്ങളില്‍ നിന്നും ടി20യില്‍ നിന്നും വരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നിലവിലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ ഒന്നാം റാങ്ക് പിടിച്ചെടുത്തിരുന്നു. എന്നിരുന്നാലും, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമതാണ്.