/indian-express-malayalam/media/media_files/aFjDd3hmRHmrqdOj1kpw.jpg)
ഇന്ത്യൻ നായകൻ രോഹിത്ത് ശർമ | ഫൊട്ടോ: X/ BCCI
മുംബൈ: ഒരു മാസത്തിലേറെ കാലമായി നീണ്ടുനിന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. നാളെ ആദ്യ സെമി ഫൈനലിൽ ആതിഥേയരായ ഇന്ത്യയുടെ എതിരാളികൾ, കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ്പായ കീവീസ് പടയാണ്. ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല നാളെ വാംഖഡെ സ്റ്റേഡിയത്തിൽ കാണാനിരിക്കുന്നത്. ലീഗ് സ്റ്റേജിന്റെ ഗരിമയും പ്രതാപവുമൊക്കെ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെന്നത് നേരാണ്. എന്നാൽ, കെയ്ൻ വില്ല്യംസണിന്റെ കരിമ്പടയെ നേരിടുമ്പോൾ രോഹിത്തിനും കൂട്ടർക്കും അൽപ്പമൊക്കെ നെഞ്ചിടിപ്പ് കൂടുമെന്നുറപ്പാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇതേ ന്യൂസിലൻഡിനോട് തോറ്റാണ് കീരീടം കൈവിട്ടതെന്ന് കോഹ്ലിക്കും കൂട്ടർക്കും നന്നായി ഓർമ്മയുണ്ടായിരിക്കും. ലോക ക്രിക്കറ്റിൽ എന്നും പ്രതിഭാ ധാരാളിത്തമുള്ള ടീമാണ് ന്യൂസിലൻഡിന്റേത്. ഐസിസി ടൂർണമെന്റിൽ സുപ്രധാന നോക്കൌട്ട് മത്സരങ്ങളിൽ സ്ഥിരം സാന്നിധ്യമാണ് അവരുടേത്. അതിനാൽ തന്നെ, ബുധനാഴ്ച ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ പോരാട്ടം തുടങ്ങുമ്പോൾ വാംഖഡെയിലെ പുൽമൈതാനികൾക്ക് തീപിടിക്കുമെന്നുറപ്പാണ്.
ടോസിന്റെ ആനുകൂല്യം നിർണായകം
ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. രണ്ടാമിന്നിംഗ്സിൽ ബൌളർമാർക്ക് വാംഖഡെയിലെ പിച്ചിൽ നിന്ന് അധിക സ്വിങ് ആനുകൂല്യം ലഭിക്കുമെന്നതും, മഞ്ഞിന്റെ സാന്നിധ്യവും ബാറ്റിങ്ങ് ദുഷ്ക്കരമാക്കുമെന്നാണ് സൂചന. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്തു എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന ടീം സ്കോർ ഉയർത്താൻ ശ്രമിക്കുമെന്നുറപ്പാണ്. ആതിഥേയരെന്ന നിലയിൽ ഇന്ത്യൻ ടീം വാംഖഡെയിലെ സാഹചര്യങ്ങൾ മുതലെടുക്കുമെന്നുറപ്പാണ്. രോഹിത്തിന്റേയും സൂര്യകുമാർ യാദവിന്റേയും ഹോം ഗ്രൌണ്ട് കൂടിയായതിനാൽ ആരാധക പിന്തുണയും നിർണായക ഘടകമാകും.
വാംഖഡെയിൽ നാളെ ഉച്ചസമയത്തെ ചൂടും ഈർപ്പവും ബൌളർമാർക്ക് കാര്യമായ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 350ന് മുകളിലുള്ള സ്കോർ തന്നെയാകും ലക്ഷ്യമിടുക. 399/7, 382/5, 357/8, 291/5 എന്നിങ്ങനെയാണ് വാംഖഡെയിലെ കഴിഞ്ഞ മത്സരങ്ങളിലെ ഒന്നാമിന്നിംഗ്സ് സ്കോറുകൾ. മാക്സ് വെൽ 201 റൺസുമായി ഓസീസിനെ ജയിപ്പിച്ച, ഏക്കാലത്തേയും മികച്ചൊരു ചേസിങ് കണ്ട മത്സരമാണ് നാലാമത്തേതെന്ന് മറക്കരുത്.
കെയ്ൻ വില്ല്യംസൺ ഒരുക്കുന്ന ചതിക്കുഴികൾ
ടീം ഇന്ത്യയുടെ ദൌർബല്യങ്ങൾ മുതലെടുക്കാൻ കരുതിക്കൂട്ടി തന്നെയാണ് കെയ്ൻ വില്ല്യംസൺ ടീമിനെ കളത്തിൽ വിന്യസിക്കുക. വിരാട് കോഹ്ലിയുടെ ഇടംകയ്യൻ സ്പിന്നർമാരോടുള്ള ഭയം, രോഹിത്ത് ശർമ്മയ്ക്ക് ഭീഷണിയുയർത്തുന്ന സ്വിങ് ബോളുകൾ, ശുഭ്മൻ ഗില്ലിനെ കുഴയ്ക്കുന്ന ഇൻ ഡിപ്പർ പന്തുകൾ, ശ്രേയസ് അയ്യർക്ക് വെല്ലുവിളിയാകുന്ന ബൌൺസറുകൾ... എന്നിവയെല്ലാം വില്ല്യംസണിന്റെ പട നന്നായി ഗൃഹപാഠം ചെയ്തുതന്നെയാകും നാളെ പന്തെറിയാനെത്തുക.
തുടക്കത്തിലേ ഇന്ത്യൻ ഓപ്പണർമാരെ മടക്കിയാൽ, പിന്നീട് ക്രിസീലെത്തുന്ന കോഹ്ലിയെ മിച്ചൽ സാന്റ്നറുടെ സ്പിൻ കെണിയിൽ വീഴ്ത്തിയാൽ ഇന്ത്യയുമായുള്ള യുദ്ധം പാതി ജയിച്ചെന്ന് ന്യൂസിലൻഡിന് ഉറപ്പിക്കാം. കഴിഞ്ഞ കളിയിൽ നെതർലൻഡിൻ്റെ ക്വാളിറ്റിയുള്ള ഇടംകയ്യൻ സ്പിന്നർ വാൻഡർ മെർവ കോഹ്ലിയുടെ കുറ്റി തെറിപ്പിച്ചതും ഇതിനോട് ചേർത്തുവായിക്കണം.
രോഹിത്തിന്റെ പവർപ്ലേ സ്ട്രാറ്റജിക്ക് മറുതന്ത്രം
പവർപ്ലേ സ്ട്രാറ്റജിയുമായെത്തുന്ന രോഹിത്ത് ശർമ്മയേയും ശുഭ്മൻ ഗില്ലിനേയും ട്രെന്റ് ബോൾട്ട്, ടിം സൌത്തി, മാറ്റ് ഹെൻറി എന്നീ ക്വാളിറ്റി പേസർമാരെ ഉപയോഗിച്ച് വരിഞ്ഞുമുറുക്കാനായിരിക്കും കീവീസ് നായകൻ ശ്രമിക്കുക. ഈ ലോകകപ്പിൽ ആദ്യത്തെ 50 പന്തുകൾ വരെ രോഹിത്ത് ശർമ്മയുടെ സ്ട്രൈക്ക് റേറ്റ് 121.49 വരെയാണ്. ഇത് എതിർ ടീമിന്റെ താളം തെറ്റിക്കുന്നുണ്ടെന്നതാണ് ഇതുവരെ കാണാനായത്.
ശ്രേയസ് അയ്യരെ തുടരെ ബൌൺസറുകൾ എറിഞ്ഞ് തളർത്താനായി ലോക്കി ഫെർഗ്യൂസനെ നിയോഗിക്കുമെന്നുറപ്പാണ്. 140ന് മുകളിൽ വേഗത്തിൽ പന്തെറിയുന്ന ഫെർഗ്യൂസൻ, ബാറ്റ് കൊണ്ടും ടീമിന് കനത്ത സംഭാവനകൾ നൽകാറുണ്ട്.
400 റൺസ് ലക്ഷ്യമിട്ടെത്തുന്ന 'ബ്ലാക്ക് ക്യാപ്സ്'
കീവിസ് ടീമിൽ ടോപ് സെവൻ ബാറ്റർമാരിൽ നാല് പേരും പന്തെറിയാൻ ശേഷിയുള്ളവരാണ് എന്നതാണ് അവരെ കൂടുതൽ ആക്രമണകാരികളാക്കുന്നത്. ഇത് അവരുടെ സ്പെഷ്യലിസ്റ്റ് ബൌളർമാരുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കാറുണ്ട്. ഫീൽഡിങ്ങിന്റെ കാര്യത്തിലും ഇന്ത്യയേക്കാൾ ഒരുപടി മുമ്പിലായി ന്യൂസിലൻഡിന്റെ ബ്ലാക്ക് ക്യാപ്സ് ഉണ്ട്. രചിൻ രവീന്ദ്രയും ഡെവോൺ കോൺവേയും നേതൃത്വം നൽകുന്ന ബാറ്റിങ്ങ് നിര ഈ ലോകകപ്പിൽ, നിരവധി തവണ നാനൂറിനടുത്ത് സ്കോർ ചെയ്തിട്ടുണ്ടെന്നത് ഇന്ത്യയ്ക്ക് നെഞ്ചിടിപ്പേറ്റുന്ന വസ്തുതയാണ്.
Read More Sports News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.