/indian-express-malayalam/media/media_files/uploads/2021/04/kkr-team-preview-kolkata-knight-riders-with-super-allrounders-477400-fi.png)
ആറ് തവണ പ്ലേയോഫിൽ, രണ്ട് തവണ ചാമ്പ്യന്മാർ, പക്ഷെ കഴിഞ്ഞ രണ്ട് സീസണുകളിലും താളം നഷ്ട്ടപ്പെട്ട ടീമാണ് കൊൽക്കത്ത. 2016 മുതൽ തുടരെ മൂന്ന് കൊല്ലം പ്ലേയോഫ് കളിച്ച ടീം അവസാന രണ്ട് സീസണിലും ലീഗ് സ്റ്റേജിൽ പുറത്തായി. ഗംഭീർ പോയ ശേഷം താളം നഷ്ടപെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓയിൻ മോർഗന്റെ ക്യാപ്റ്റൻസിയിൽ ഈ വർഷം വമ്പൻ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. കിരീടത്തിൽ കുറഞ്ഞതൊന്നും ആരാധകരും ആഗ്രഹിക്കുന്നില്ല.
യുഎഇ യിൽ നടന്ന കഴിഞ്ഞ ഐപിഎൽ സീസണിൽ ബാറ്റിങ്ങിന്റെ എല്ലാ മേഖലകളിലും താളം നഷ്ടപ്പെട്ട ടീമായിരുന്നു കൊൽക്കത്ത. നല്ലൊരു ഓപ്പണിങ് കോമ്പിനേഷൻ കണ്ടെത്തുന്നതിനും, സന്തുലിതമായ മധ്യ നിരയെ ഉണ്ടാക്കുന്നതിനും, മികച്ച ഒരു ഫിനിഷറെ കണ്ടെത്താനും ടീമിന് സാധിച്ചിരുന്നില്ല. ആദ്യ ഏഴ് മത്സരങ്ങൾക്ക് ശേഷം ദിനേശ് കാർത്തിക്കിന് പകരം ഓയിൻ മോർഗനെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. അതും ടീമിനെ പ്ലേയോഫിലേക്ക് എത്താന്‍ സഹായിച്ചില്ല. മുൻ സീസണുകളിൽ കൊൽക്കത്തക്ക് വേണ്ടി തിളങ്ങിയ വെസ്റ്റ് ഇൻഡീസ് കരുത്തരായ ആന്ദ്രേ റസ്സലിന്റെയും സുനിൽ നരെയ്ന്റെ മോശം ഫോമും കൊൽക്കത്തക്ക് വിനയായിരുന്നു.
ഈ വര്‍ഷത്തെ മത്സരഫലങ്ങള്‍ അനുകൂലമാക്കാന്‍ പരിചയസമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പുമുള്ള ടീമുമായാണ് കൊൽക്കത്ത അങ്കത്തിനിറങ്ങുന്നത്. ടീമിന്റെ കരുത്തും ദൗര്‍ബല്യങ്ങളും പരിശോധിക്കാം.
Read Also: ഇന്ത്യ ലോകകപ്പ് ജയിക്കാൻ കാരണം ‘ഒരു സിക്‌സ്’ അല്ല: ഗൗതം ഗംഭീർ
കരുത്ത്
മുഴുവൻ സമയം ക്യാപ്റ്റനായി ഓയിൻ മോർഗൻ എത്തുന്നു എന്നതാണ് കൊൽക്കത്തയുടെ ഏറ്റവും വലിയ കരുത്ത്. ഇംഗ്ലണ്ടിന് കഴിഞ്ഞ വേൾഡ് കപ്പ് നേടിക്കൊടുത്ത ഓയിൻ മോർഗൻ ഇന്ന് വൈറ്റ് ബോൾ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തക്കായി കളിച്ച മികച്ച കളിക്കാരിൽ ഒരാളും ഓയിൻ തന്നെയാണ്.
14 ഇന്നിങ്‌സുകളിൽ നിന്നായി 41.80 റൺസ് ആവറേജിൽ 418 റൺസാണ് ഓയിൻ മോർഗൻ നേടിയത്. കൂറ്റനടിക്കാരുള്ള ടീമിൽ കൂടുതൽ സിക്സറുകളും (24) ഈ ഇടം കയ്യൻ ബാറ്റ്സ്മാനാണു നേടിയത്.
മോശം സീസണായിരുന്നു അവസാനത്തേതെങ്കിലും 17 ഓളം താരങ്ങളെ നിലനിർത്തി. മുൻ സീസണുകളിൽ കൊൽക്കത്തയ്ക്ക് വേണ്ടി കരുത്ത് കാണിച്ച ഷാക്കിബ് അൽ ഹസൻ, ബെൻ കട്ടിങ് എന്നിവരെ സ്വന്തമാക്കിയതും ഈ സീസണിൽ ടീമിന് കരുത്താകും. കഴിഞ്ഞ സീസണിൽ തിളങ്ങാതിരുന്ന സുനിൽ നരൈനും, ആന്ദ്രേ റസ്സലിനും പകരക്കാരനാവാനും ഇവർക്ക് സാധിക്കും.
ഓസ്‌ട്രേലിയൻ പേസർ പാറ്റ്കമ്മിൻസും, ന്യൂസീലാൻഡ് പേസർ ലോക്കി ഫെർഗൂസണും ചേർന്ന് നയിക്കുന്ന കരുത്തുറ്റ ബോളിങ് നിരയാണ് കൊൽക്കത്തയുടെത്.ഇവരോടൊപ്പം ഇന്ത്യൻ യുവതാരം പ്രസീദ് കൃഷ്ണയും ശിവം മാവിയും ചേരുമ്പോൾ ബോളിങ് നിര കൂടുതൽ മികച്ചതാവും.
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റുകൾ നേടിയാണ് പ്രസീദ് കൃഷ്ണ ഐപിഎലിലേക്ക് എത്തുന്നത്.
ദൗര്‍ബല്യങ്ങൾ
മുൻവർഷങ്ങളിൽ മികച്ചതായിരുന്ന സ്പിൻ നിര തകരുന്ന കാഴ്‌ചയാണ് കഴിഞ്ഞ സീസണിൽ കണ്ടത്. കൊൽക്കത്ത നിരയിലെ പ്രധാനപ്പെട്ട സ്പിന്നർ കുൽദീപ് യാദവ് കഴിഞ്ഞ സീസണിൽ 5 മത്സരങ്ങൾ കളിച്ചതിൽ നിന്നും ആകെ ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്.
മുൻ സീസണുകളിൽ ഗംഭീറിന്റെ ക്യാപ്റ്റൻസിയിൽ മികച്ച കളി പുറത്തെടുത്തിരുന്ന സുനിൽ നരൈനും കഴിഞ്ഞ സീസണിൽ പതറുന്ന കാഴ്ചയാണ് കണ്ടത്.
Read Also: കാത്തിരിപ്പ്, അതിജീവനം, സ്വപ്നം, ആവേശം; ലോകം സാക്ഷ്യം വഹിച്ച പട്ടാഭിഷേകത്തിന് പത്ത് വയസ്
അവസരങ്ങൾ
ക്യാപ്റ്റൻസിയിൽ നിന്ന് മാറിയ ദിനേശ് കാർത്തിക്കിന് ഈ സീസണിൽ സമ്മർദ്ദങ്ങളില്ലാതെ ബാറ്റിങ്ങിൽ മാത്രം ശ്രദ്ധകേന്ദ്രികരിച്ച് കളിക്കാൻ സാധിക്കുമെന്നത് ടീമിന് ഗുണം ചെയ്‌തേക്കാം.
മത്സരപരിചയമുള്ള ഷാക്കിബ് അൽ ഹസ്സൻ ഹർഭജൻ സിംഗ് എന്നീ ഓഫ് സ്പിന്നർമാർക്ക് ചെന്നൈയിലെയും ഡൽഹിയിലെയും സ്ലോ വിക്കറ്റിൽ മികവ് പുലർത്താൻ സാധിച്ചാൽ അതും ടീമിന് മുതൽക്കൂട്ടാവും.
വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യറും, ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിയ വൈഭവ് അറോറയും അവസരം മുതലാക്കിയാൽ അതും ടീമിന്റെ കരുത്താകും.
ഭീഷണികൾ
പവർപ്ലേ ഓവറുകളുടെ തുടക്കത്തിൽ തന്നെ ശുഭമാൻ ഗിൽ സ്കോർ ചെയ്ത തുടങ്ങണം. കഴിഞ്ഞ സീസണിൽ ആദ്യ ഓവറുകളിൽ ശുഭമാൻ ഗിൽ ഡോട്ട് ബോളുകൾ നൽകിയത് മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാർക്ക് സമ്മർദ്ദം നൽകിയിരുന്നു. കഴിഞ്ഞ വർഷം നഷ്ടമായ താളം ഓപ്പണിങ്ങിലും മധ്യ ഓവറുകളിലും കൊണ്ടുവന്ന് ഒരു വിജയസാധ്യതയുള്ള കോമ്പിനേഷൻ ടീം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. കിരീടത്തിലേക്കുള്ള യാത്രയിൽ അത് പ്രധാനപ്പെട്ട ഘടകമായിരിക്കും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം
ഓയിൻ മോർഗൻ, ദിനേശ് കാർത്തിക്, ശുഭമാൻ ഗിൽ , നിതീഷ് റാണ, ടിം സെയ്ഫെർട്, റിങ്കു സിംഗ്, ആന്ദ്രേ റസ്സൽ, സുനിൽ നരൈൻ, കുൽദീപ് യാദവ്, ശിവം മാവി, ലോക്കി ഫെർഗുസൺ, പാറ്റ് കമ്മിൻസ്, കമലേഷ് നഗർകോട്ടി, സന്ദീപ് വാരിയർ, പ്രസീദ് കൃഷ്ണ, രാഹുൽ ത്രിപാഠി, വരുൺ ചക്രവർത്തി, ഷാകിബ് അൽ ഹസൻ, ഷെൽഡൺ ജാക്സൺ, വൈഭവ് അറോറ, ഹർഭജൻ സിംഗ്, കരുൺ നായർ, ബെൻ, കട്ടിങ്, വെങ്കടേഷ് അയ്യർ, പവൻ നേഗി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us