തലമുറകളുടെ കാത്തിരിപ്പ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ സ്വപ്നം, ഒരു ജനതയുടെ മുഴുവന്‍ ആവേശം, യുവരാജ് സിങ്ങിന്റെ അതിജീവനം ഇതെല്ലാം ഒത്തു ചേര്‍ന്നതായിരുന്നു 2011 ലോകകപ്പ്. ധാക്കയിലെ മൈതാനത്ത് ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ കപിലിന്റ ചെകുത്താന്മാര്‍ 83ല്‍ നേടിയ കിരീടത്തിന്റെ ഓര്‍മകള്‍ മാത്രമാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. സ്വന്തം മണ്ണില്‍ പഴയ ഓര്‍മകളില്‍ നിന്ന് ക്രിക്കറ്റിനെ പുതിയ വസന്തത്തിലേക്ക് നയിക്കാന്‍ മഹേന്ദ്ര സിങ് ധോണിക്കും കൂട്ടര്‍ക്കുമായി.
സച്ചിന്‍, വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, യുവരാജ് സിങ്, എന്നിവരടങ്ങിയ മുന്‍നിര തന്നെയായിരുന്നു ഇന്ത്യന്‍ കരുത്ത്. ടൂര്‍ണമെന്റിലുടനീളം പ്രതീക്ഷകാക്കാന്‍ ഇവര്‍ക്കായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു തോല്‍വി മാത്രമാണ് ടീമിന് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ടുമായുള്ള മത്സരം സമനിലയിലും കലാശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ശക്തരായ ഓസ്ട്രേലിയയാരുന്നു എതിരാളികള്‍.
ഓസിസിന് മുന്നില്‍ 2003ല്‍ ലോകകപ്പ് അടിയറവ് വച്ച ഇന്ത്യ അല്ലായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍. പോണ്ടിങ്ങും കൂട്ടരും ഉയര്‍ത്തിയ വെല്ലുവിളി അനായാസം തന്നെ മറികടന്നു. ബ്രറ്റ് ലീയുടെ പന്ത് കവറിലൂടെ പായിച്ച് യുവരാജ് ഇന്ത്യയെ സെമിയിലെത്തിച്ചു. ഫൈനലോളം ആവേശം നിറഞ്ഞ സെമിയായിരുന്നു കാത്തിരുന്നത്. ചിരവൈരികളായ പാക്കിസ്ഥാനുമായി.
സച്ചിന്‍ മുന്നില്‍ നിന്ന് നയിച്ചു. അതിക സമ്മര്‍ദം പാക്കിസ്ഥാനെ പിഴവുകളിലേക്ക് തള്ളി. നാല് തവണയാണ് അവര്‍ സച്ചിന്റെ ക്യാച്ച് കൈവിട്ടത്. 85 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ടോപ് സ്കോററാകുകയും ചെയ്തു. 260 റണ്‍സെന്ന പൊരുതാവുന്ന സ്കോറായിരുന്നു ഇന്ത്യ നേടിയത്. പക്ഷെ ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ കീഴടക്കാനിയിട്ടില്ല എന്ന റെക്കോര്‍ഡ് പാകിസ്ഥാന്‍ ആവര്‍ത്തിച്ചു. 29 റണ്‍സ് വിജയവുമായി ഇന്ത്യ കലാശപ്പോരിലേക്ക്.
Read More: ‘പന്ത് ധോണിയേക്കാൾ മികച്ച താരമാകും’
എതിരാളികള്‍ ശ്രീലങ്ക. സംഗക്കാര നയിച്ച ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍. ടൂര്‍ണമെന്റില്‍ ഉടനീളം തിളങ്ങിയ സഹീര്‍ ഖാന്റെ മനോഹരമായ ആദ്യ സ്പെല്‍, മഹേല ജയവര്‍ധനയുടെ സെഞ്ച്വറി. ശ്രീലങ്ക 274 എന്ന സ്കോറിലേക്ക് എത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തിലെ പതറി.
റണ്ണൊന്നുമെടുക്കാതെ സേവാഗും, 18 റണ്‍സുമായി സച്ചിനും പുറത്തായതോടെ വാംഖഡെ സ്റ്റേഡിയത്തിനൊപ്പം ഇന്ത്യ മുഴുവന്‍ നിശബ്ദമായി. പോരാടാനുറച്ച് ഒരാള്‍ മൂന്നാമനായി ഇറങ്ങി. ഗൗതം ഗംഭീര്‍. 97 റണ്‍സും മണ്ണില്‍ക്കുളിച്ച ഗംഭീറിന്റെ നീലക്കുപ്പായവും. എന്നാല്‍ ശ്രീലങ്കയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത് ധോണിയായിരുന്നു.
വിരാട് കോഹ്ലി മടങ്ങിയതിന് ശേഷം യുവരാജിന് മുകളില്‍ ധോണി ക്രീസിലെത്തി. ലോകകപ്പ് നേടുമെന്ന ഉറപ്പോടെയാണ് അയാള്‍ ഒരോ നിമിഷവും കളിച്ചത്. ഒടുവില്‍ നുവാന്‍ കുലശേഖരയുടെ പന്ത് ഹെലിക്കോപ്ടര്‍ തൊട്ടു. “ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍, ഇന്ത്യ ലിഫ്റ്റഡ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 യിയേഴ്സ്,” രവിശാസ്ത്രിയുടെ വാക്കുകള്‍ മുഴങ്ങി.
മരണത്തെ അതിജീവിച്ച് യുവരാജ് നടത്തിയ ഓള്‍ റൗണ്ടര്‍ പ്രകടനം അദ്ദേഹത്തെ ടൂര്‍ണമെന്റിന്റെ താരമാക്കി. ധോണി ഫൈനലിലേയും. പിന്നീട് നടന്ന 2015, 2019 ലോകകപ്പുകളില്‍ സെമി ഫൈനല്‍ വരെ എത്താനെ ഇന്ത്യക്ക് സാധിച്ചൊള്ളു.