ന്യൂഡൽഹി: 2011 ലെ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യ. പത്ത് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ഏപ്രിൽ രണ്ടിനാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി മഹേന്ദ്രസിങ് ധോണിയും സംഘവും ലോകകപ്പിൽ മുത്തമിട്ടത്. ഇന്ത്യയുടെ രണ്ടാം ലോകകപ്പ് നേട്ടമായിരുന്നു അത്. ഇന്ത്യയുടെ ഓപ്പണർ ബാറ്റ്‌സ്‌മാൻ ഗൗതം ഗംഭീറായിരുന്നു ഫൈനലിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. 97 റൺസാണ് ഗംഭീർ നേടിയത്. ലോകകപ്പ് ജയത്തിന്റെ പത്താം വാർഷികം ആഘോഷിക്കുമ്പോൾ ഓർമകൾ അയവിറക്കുകയാണ് ഗംഭീർ.
2011 ലെ ലോകകപ്പ് ജയം ഒരു കൂട്ടായ്‌മയുടെ നേട്ടമാണെന്ന് ഗംഭീർ പറയുന്നു. വ്യക്തിഗത നേട്ടങ്ങളല്ല, മറിച്ച ടീം സ്‌പിരിറ്റാണ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്നാണ് ഗംഭീറിനു പറയാനുള്ളത്. ലോകകപ്പ് വിജയത്തിനു കാരണം ആരുടെയും ഒറ്റയാൾ പ്രകടനമല്ലെന്ന് കഴിഞ്ഞ വർഷവും ഗംഭീർ പറഞ്ഞിരുന്നു. ‘ഒരു സിക്‌സ് അല്ല ഇന്ത്യയെ ലോകകപ്പ് ജയിപ്പിച്ചത്,’ എന്നായിരുന്നു ഗംഭീറിന്റെ കഴിഞ്ഞ വർഷത്തെ പ്രസ്‌താവന. ഇതേകുറിച്ച് കൂടുതൽ വ്യക്തമാക്കാമോ എന്ന ചോദ്യത്തിനു ഗംഭീർ ഇത്തവണ മറുപടി നൽകി. ‘ടൈംസ് ഓഫ് ഇന്ത്യ’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: കാത്തിരിപ്പ്, അതിജീവനം, സ്വപ്‌നം, ആവേശം; ലോകം സാക്ഷ്യം വഹിച്ച പട്ടാഭിഷേകത്തിന് പത്ത് വയസ്
“ഏതെങ്കിലും ഒരു വ്യക്തിയാണ് ലോകകപ്പ് നേടിയതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിർഭാഗ്യമെന്ന് പറയട്ടെ, ഇന്ത്യയിൽ ഏതെങ്കിലും വ്യക്തികൾ മാത്രം ആഘോഷിക്കപ്പെടുന്നു. ഒരു ടീം ഗെയിം എന്ന നിലയിൽ വ്യക്തികൾക്ക് ഇവിടെ സ്ഥാനമില്ല. വ്യക്തികൾക്ക് തങ്ങളുടേതായ പങ്ക് നൽകാനേ സാധിക്കൂ. സഹീർ ഖാന്റെ പങ്ക് നമുക്ക് മറക്കാൻ സാധിക്കുമോ? തുടർച്ചയായി മൂന്ന് മെയ്‌ഡൻ ഓവറുകളാണ് ഫൈനലിൽ സഹീർ എറിഞ്ഞത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ യുവരാജ് സിങ് നടത്തിയ പ്രകടനം വിസ്‌മരിക്കാൻ കഴിയുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ സച്ചിൻ നേടിയ സെഞ്ചുറി മറക്കാമോ? പക്ഷേ, എന്തുകൊണ്ടാണ് നമ്മൾ ഒരു സിക്‌സ് മാത്രം ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്? ആരും യുവരാജിനെ പറ്റി സംസാരിക്കുന്നില്ല. 2011 ലോകകപ്പിൽ യുവരാജ് ആയിരുന്നു ടൂർണമെന്റിലെ താരം. പക്ഷേ, നമ്മൾ ആ ഒരു സിക്‌സിനെ പറ്റി മാത്രമാണ് സംസാരിക്കുന്നത്,” ഗംഭീർ പറഞ്ഞു.
നായകൻ മഹേന്ദ്രസിങ് ധോണി സിക്‌സടിച്ചാണ് ഫെെനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പിന്നീട് ഈ സിക്‌സ് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഇതിനെ പരോക്ഷമായി ഉദ്ദേശിച്ചാണ് ഗംഭീറിന്റെ പ്രസ്‌താവന. ധോണി 91 റൺസ് നേടി പുറത്താകാതെ നിന്നു. ടൂർണമെന്റിലെ താരമായ യുവരാജ് സിങ് ഫെെനലിൽ പത്ത് ഓവറിൽ 49 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും പുറത്താകാതെ 21 റൺസ് നേടുകയും ചെയ്‌തു.