/indian-express-malayalam/media/media_files/2025/03/01/5nadxhMv1N3flhtqYjPw.jpeg)
രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ കേരള ക്രിക്കറ്റ് ടീം Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
Kerala Vs Vidarbha Ranji Trophy Final: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് എതിരെ രണ്ടാം ഇന്നിങ്സിൽ ശക്തമായ നിലയിൽ വിദർഭ. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിലാണ് വിദർഭ. 286 റൺസിന്റെ ലീഡ് ആണ് വിദർഭയ്ക്ക് ഇപ്പോഴുള്ളത്. അവസാന ദിനം സ്കോർ ഉയർത്തി കളി സമനിലയിലാക്കി ഒന്നാം ഇന്നിങ്സിൽ നേടിയ ലീഡിന്റെ ബലത്തിൽ കിരീടം ചൂടുകയാണ് വിദർഭയുടെ ലക്ഷ്യം.
ഒന്നാം ഇന്നിങ്സിൽ അർഹിച്ച സെഞ്ചുറി നേടാനാവാതെയാണ് കരുൺ നായർ മടങ്ങിയത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ടീമിന് അനിവാര്യമായ ഇന്നിങ്സോടെ സെഞ്ചുറി നേടി നാലാം ദിനം കരുൺ പുറത്താവാതെ നിൽക്കുന്നു. 280 പന്തിൽ നിന്ന് 10 ഫോറും രണ്ട് സിക്സും അടിച്ചാണ് 132 റൺസോടെ കരുൺ നായർ പുറത്താവാതെ നിൽക്കുന്നത്.
33 പന്തിൽ നിന്ന് നാല് റൺസുമായി ക്യാപ്റ്റൻ അക്ഷയ് വഡ്കറാണ് കരുണിനൊപ്പം ക്രീസിലുള്ളത്. കരുണും ഡാനിഷ് മലേവാറും ചേർന്ന് കണ്ടെത്തിയ 182 റൺസിന്റെ കൂട്ടുകെട്ട് ആണ് ലീഡ് ഉയർത്താൻ വിദർഭയെ സഹായിച്ചത്. ഈ കൂട്ടുകെട്ടിൽ 100 റൺസും വന്നത് കരുണിൽ നിന്നാണ്.
കരുൺ-ഡാനിഷ് കൂട്ടുകെട്ട് തകർത്ത് അക്ഷയ്
162 പന്തിൽ നിന്ന് 73 റൺസ് എടുത്ത് നിൽക്കെ അക്ഷയ് ചന്ദ്രനാണ് ഡാനിഷിനെ മടക്കിയത്. പിന്നാലെ യഷ് റാത്തോഡ് ക്രീസിലേക്ക് എത്തി. യഷ് റാത്തോഡും കരുണും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. ഈ സഖ്യത്തെ വേഗത്തിൽ പിരിക്കാൻ കേരളത്തിന് സാധിച്ചു.
56 പന്തിൽ നിന്ന് 24 റൺസ് എടുത്ത യഷ് റാത്തോഡിനെ ആദിത്യ സർവാതെ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഉടനെ വിദർഭയെ കേരളം വിറപ്പിച്ചിരുന്നു. ഓപ്പണർമാരെ തുടരെ മടക്കിയാണ് കേരളം കരുത്ത് കാണിച്ചത്.
അഞ്ച് പന്തിൽ നിന്ന് ഒരു റൺസ് എടുത്ത് നിന്ന പാർഥ് രേഖഡെയെ സക്സേന ബൗൾഡാക്കിയപ്പോൾ വിദർഭയുടെ സ്കോർ അഞ്ച് റൺസ് മാത്രം. പിന്നാലെ നിധീഷിന്റെ ഊഴമായിരുന്നു. ധ്രുവ് ഷോറയെ നിധീഷ് വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിൽ എത്തിച്ചു. ഇതോടെ വിദർഭ 7-2ലേക്ക് വീണു. എന്നാൽ ഒന്നാം ഇന്നിങ്സിലേതിന് സമാനമായി രണ്ടാം ഇന്നിങ്സിലും കരുണും ഡാനിഷും ചേർന്ന് വിദർഭയെ കരകയറ്റി.
Read More
- Kerala Blasters: ഇന്നെങ്കിലും ജയിക്കുമോ? ജംഷഡ്പൂരിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ്; മത്സരം എവിടെ കാണാം?
- Women Premier League: മിന്നു മണിക്ക് മൂന്ന് വിക്കറ്റ്; മുംബൈയെ തകർത്ത് ഷഫാലിയും മെഗ് ലാനിങ്ങും
- Champions Trophy: മഴ വില്ലനായി; ഓസ്ട്രേലിയ സെമിയിൽ
- തുടർ തോൽവികളുടെ നാണക്കേട്; ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബട്ട്ലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.