/indian-express-malayalam/media/media_files/2025/02/11/bD2xxT3nyhrEaBhX9jrn.jpg)
കേരള ക്രിക്കറ്റ് താരങ്ങളായ എംഡി നിധീഷ്, സൽമാൻ നിസാർ: (കേരള ക്രിക്കറ്റ് അസോസിയേഷൻ)
ഒന്നാം ഇന്നിങ്സിലെ ഒരു റൺസ് ലീഡ്. സെഞ്ചുറി നേടി സൽമാൻ നിസാർ അവസാന വിക്കറ്റിൽ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് ചെറുത്ത് നിന്ന് നേടിത്തന്ന ആ ഒരു റൺസ് ലീഡ്. ആ ഒരു റൺ ലീഡ് കേരളത്തെ രഞ്ജി ട്രോഫി സെമി ഫൈനലിൽ എത്തിച്ചേക്കും. നാലാം ദിനം ജമ്മുകശ്മീർ 399 റൺസ് കേരളത്തിന്റെ മുൻപിൽ വെച്ച് ഡിക്ലയർ ചെയ്തതോടെ സച്ചിൻ ബേബിക്കും കൂട്ടർക്കും ഇനി അതിജീവിക്കേണ്ടത് ഒന്നര ദിവസം.
ഓൾഔട്ടാവാതെ അഞ്ചാം ദിനം അവസാന പന്ത് വരെ പിടിച്ചു നിന്ന് കളി സമനിലയിലാക്കിയാൽ ഒന്നാം ഇന്നിങ്സിൽ നേടിയ ആ ഒരു റൺസ് ലീഡിന്റെ ബലത്തിൽ കേരളം സെമി ഫൈനലിലേക്ക് എത്തും. ഇതിന് മുൻപ് കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ എത്തിയത് ഒരുവട്ടം മാത്രം. 2018-19 സീസണിൽ. ക്വാർട്ടർ ഫൈനലിൽ മുൻ ചാംപ്യന്മാരായ ഗുജറാത്തിനെ തോൽപ്പിച്ചായിരുന്നു അത്.
ജമ്മു കശ്മീർ ക്യാപ്റ്റൻ ദോഗ്രയുടെ സെഞ്ചുറിയാണ് ജമ്മു കശ്മീരിനെ 400ന് അടുത്ത് രണ്ടാം ഇന്നിങ്സ് ടോട്ടലിലേക്ക് എത്തിച്ചത്. 232 പന്തുകൾ നേരിട്ടാണ് ഡോഗ്ര 132 റൺസ് നേടിയത്. 13 ഫോറും രണ്ട് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ജമ്മുവിനെ ഒരു ഘട്ടത്തിൽ 78-3ലേക്ക് കേരളം വീഴ്ത്തി.
ജമ്മുവിനെ തുണച്ച് ക്യാപ്റ്റന്റെ സെഞ്ചുറി
എന്നാൽ ക്യാപ്റ്റൻ ഡോഗ്രയും കൻഹയയും ചേർന്ന് 146 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തിയതോടെ കേരള ബോളർമാർക്ക് മറുപടിയില്ലാതെയായി. ഒടുവിൽ അർധ ശതകം പിന്നിട്ട് നിന്ന ജമ്മുവിന്റെ വിക്കറ്റ് കീപ്പർ ബാറ്ററെ മടക്കി ബേസിലാണ് കേരളത്തിന് ബ്രേക്ക് നൽകിയത്. പക്ഷേ പിന്നാലെ വന്ന സഹിൽ ലോത്രയ്ക്കൊപ്പവും ഡോഗ്ര അർധ ശതക കൂട്ടുകെട്ട് കണ്ടെത്തി.
അർധ ശതകം കണ്ടെത്തിയ ലോത്രയെ സർവാതെയും മടക്കി. അപ്പോഴേക്കും ജമ്മു സ്കോർ നാന്നൂറിന് അടുത്തെത്തി. ഒൻപതാം വിക്കറ്റും വീണതോടെ ജമ്മു 399 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കേരളത്തിനായി നിധീഷ് രണ്ടാം ഇന്നിങ്സിലും നാല് വിക്കറ്റ് വീഴ്ത്തി. ബേസിൽ എൻപിയും സർവാതെയും രണ്ട് വിക്കറ്റ് വീതവും സക്സേന ഒരു വിക്കറ്റും പിഴുതു.
399 റണസ് വിജയ ലക്ഷ്യം മറികടക്കുക എന്ന ലക്ഷ്യത്തിന് പകരം ബുധനാഴ്ച മുഴുവൻ സെഷനും ബാറ്റ് ചെയ്ത് സമനിലയിലേക്ക് കളി എത്തിക്കുക എന്നതാവും കേരളത്തിന്റെ തന്ത്രം എന്ന് ഉറപ്പ്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സൽമാൻ നിസാറിൽ തന്നെയാണ് ബാറ്റിങ്ങിൽ പ്രധാനമായും കേരളത്തിന്റെ പ്രതീക്ഷകൾ. സക്സേനയുടെ പരിചയസമ്പത്തും ഇവിടെ കേരളത്തിന് ഗുണം ചെയ്തേക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.