/indian-express-malayalam/media/media_files/uploads/2020/02/kapil-Dev.jpg)
ന്യൂഡൽഹി: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടെസ്റ്റിലും ഇന്ത്യയ്ക്കെതിരെ ആധിപത്യം തുടരാൻ ന്യൂസിലൻഡിന് സാധിച്ചു. ലോക ഒന്നാം നമ്പർ ടീമിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയ കിവികൾ വലിയ പ്രശംസകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നത്.
ക്രിക്കറ്റ് ഇതിഹാസങ്ങൾ ഉൾപ്പടെയുള്ളവർ ന്യൂസിലൻഡിന്റെ പ്രകടനത്തെ പ്രശംസിച്ചും ഒന്നു പൊരുതാൻ പോലും ശ്രമിക്കാതെ കീഴടങ്ങിയ ഇന്ത്യയെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. വെല്ലിങ്ടണിൽ നടന്ന ആദ്യ മത്സരം പരാജയപ്പെട്ടതിന് പിന്നാലെ നായകൻ വിരാട് കോഹ്‌ലിക്കെതിരെയും ടീമിനെതിരെയും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ നായകൻ കപിൽ ദേവും.
"എങ്ങനെയാണ് ഓരോ മത്സരം കഴിയുമ്പോഴും ഇത്രയധികം മാറ്റങ്ങൾ ടീമിൽ വരുത്താൻ സാധിക്കുന്നതെന്ന് മനസിലാകുന്നില്ല. ടീമിൽ ആരും സ്ഥിരമല്ല എന്നതാണ് വാസ്തവം. അവരവരുടെ സ്ഥാനങ്ങളിൽ ഉറപ്പില്ലെങ്കിൽ അത് താരങ്ങളുടെ പ്രകടനത്തെയും ബാധിക്കും." കപിൽ ദേവ് പറഞ്ഞു.
Also Read: വനിത ടി20 ലോകകപ്പ്: ബംഗ്ലാ കടുവകളെയും പിടിച്ചുകെട്ടി ഇന്ത്യൻ പെൺപുലികൾ
പേരുകേട്ട ബാറ്റിങ് നിരയാണെങ്കിലും രണ്ട് ഇന്നിങ്സുകളിൽനിന്ന് 200 റൺസ് പോലും സ്വന്തമാക്കാൻ സാധിക്കുന്നില്ലെങ്കിൽ സാഹചര്യങ്ങൾ മനസിലാക്കാൻ പോലും സാധിക്കുന്നില്ലായെന്നാണ് അർഥം. വ്യക്തമായ പദ്ധതിയും തന്ത്രവും ആവിഷ്കരിക്കേണ്ടതുണ്ടെന്നും കപിൽ ദേവ് പറഞ്ഞു.
Also Read: കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഗോകുലം കേരള എഫ്സി
ഫോമിലുള്ള രാഹുലിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെതിരെയും കപിൽ ദേവ് ആഞ്ഞടിച്ചു. "നിരവധി മാറ്റങ്ങൾ ടീമിൽ വരുത്തുന്നുണ്ടെങ്കിലും അതിലൊന്നും അർഥമില്ല. ടീം നിർമിക്കുമ്പോൾ താരങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ സാധിക്കണം. മാനേജ്‌മെന്റ് ഫോർമാറ്റ് സ്‌പെസിഫിക് താരങ്ങളിൽ വിശ്വസിക്കുന്നു. രാഹുൽ മികച്ച ഫോമിലാണ്, എന്നാൽ പുറത്താണ്. അതിൽ അർഥമില്ല. ഒരു താരം ഫോമിലാണെങ്കിൽ അദ്ദേഹം കളിക്കണം. നമ്മൾ നേരത്തെ കളിച്ചതും ഇപ്പോൾ ആയിരിക്കുന്നതുമായി ഒരുപാട് വ്യത്യാസമുണ്ട്," കപിൽ ദേവ് പറഞ്ഞു.
Also Read: സച്ചിന്റെ പേര് തെറ്റായി ഉച്ചരിച്ചു; ട്രംപിനെ ട്രോളി ഐസിസി, വീഡിയോ
ന്യൂസിലൻഡിന്റെ പ്രകടനത്തെ പ്രശംസിക്കാനും കപിൽ ദേവ് മറന്നില്ല. അവർ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളിലും ആദ്യ ടെസ്റ്റ് മത്സരത്തിലും അവർ മികവ് പുലർത്തിയെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു. ടി20 പരമ്പര 5-0ന് തൂത്തുവാരിയ ഇന്ത്യയ്ക്കെതിരെ ശക്തമായ തിരിച്ചുവരവാണ് ന്യൂസിലൻഡ് നടത്തിയത്. ഏകദിന പരമ്പര തൂത്തുവാരിയ കിവികൾ വെല്ലിങ്ടൺ ടെസ്റ്റിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യയെ കീഴ്പ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.