അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം തുടരുകയാണ്. രാവിലെ അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ആദ്യം പോയത് മാഹത്മ ഗാന്ധിയുടെ സബർമതി ആശ്രമത്തിലേക്കായിരുന്നു.

ഇവിടെ നിന്നും മോട്ടെര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റിനെ കാണാൻ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേര് പറഞ്ഞ് ട്രംപ് കുരുക്കിലായത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെയും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും പേര് പ്രസംഗത്തിനിടയിൽ തെറ്റായാണ് ട്രംപ് ഉച്ചരിച്ചത്. ബോളിവുഡും ക്രിക്കറ്റുമെല്ലാം നിറഞ്ഞുനിന്ന പ്രസംഗത്തിൽ എന്നാൽ ട്രംപിന്റെ നാക്ക് പിഴയ്ക്കുകയായിരുന്നു. സച്ചിൻ ടെൻഡുൽക്കറിന് പകരം ‘സൂച്ചിൻ ടെൻഡോൽക്കർ’ എന്നും വിരാട് കോഹ്‌ലിക്ക് പകരം ‘വിരോട് കോലി’ എന്നുമാണ് ട്രംപ് പറഞ്ഞത്.

Read Also: ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം, ചിത്രങ്ങൾ കാണാം

ഇതിന് പിന്നാലെ ട്രംപിനെ ട്രോളി ഐസിസി തന്നെ രംഗത്തെത്തി. ക്രിക്കറ്റ് ഇതിഹാസത്തിന്രെ പേര് ഐസിസിയുടെ ഡേറ്റ് ബെയ്സിൽ എഡിറ്റ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഐസിസി രംഗത്തെത്തിയത്. സച്ചിന്റെ പേര് സൂച്ചിൻ എന്നാണ് തിരുത്തുന്നത്.

സ്വാമി വിവേകാനന്ദന്റെ പേരും പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെറ്റിച്ചാണ് ഉച്ചരിച്ചത്. മോദിയെ വാനോളം പ്രശംസിക്കുന്ന പ്രസംഗമായിരുന്നു മൊട്ടേര സ്റ്റേഡിയത്തിൽ ട്രംപ് നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. 300 ദശലക്ഷത്തിലധികം പേർക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ മധ്യവർഗത്തിന്റെ ആസ്ഥാനമായി മാറും. ശ്രദ്ധേയമായ കാര്യം, ജനാധിപത്യമെന്ന നിലയിലും സഹിഷ്ണുത പുലർത്തുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ ഇതെല്ലാം നേടിയിട്ടുണ്ട് എന്നതാണ്. ഇന്ത്യയുടെ നേട്ടം സമാനതകളില്ലാത്തതാണെന്നും ട്രംപ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook