പെർത്ത്: വനിത ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. ബംഗ്ലാദേശിനെ 18 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ഷെഫാലി വർമ്മയുടെയും ജെമിമ റോഡ്രിഗസിന്റെയും വെടിക്കെട്ട് ഇന്നിങ്സും പൂനം യാദവിന്റെയും ശിഖ പാണ്ഡെയുടെയും ബോളിങ് പ്രകടനവുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പനി മൂലം മത്സരത്തിൽ നിന്ന് വിശ്രമം അനുവദിച്ച സൂപ്പർ താരം സ്മൃതി മന്ദനയ്ക്ക് പകരം താനിയ ഭാട്ടിയയാണ് ഷെഫാലിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ താനിയയെ മടക്കി ബംഗ്ലാദേശ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നൽകി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഷെഫാലി – ജെമിമ സഖ്യം ഇന്ത്യയുടെ രക്ഷകരാവുകയായിരുന്നു.

വെടിക്കെട്ട് പ്രകടനവുമായി ഷെഫാലി ഇന്ത്യൻ സ്കോർബോർഡ് അതിവേഗം ചലിപ്പിച്ചു. 17 പന്തിൽ നാല് സിക്സും രണ്ട് ഫോറും അടക്കം 39 റൺസാണ് ഷെഫാലി അടിച്ചെടുത്തത്. 229.41 പ്രഹര ശേഷിയിലായിരുന്നു 16കാരി ഷെഫാലി ബാറ്റ് വീശിയത്. ക്രീസിൽ നിലയുറപ്പിച്ചുള്ള കളിയായിരുന്നു ജെമിമയുടേത്. 37 പന്തിൽ 34 റൺസുമായി ജെമിമയും ഇന്ത്യൻ സ്കോറിങ്ങിൽ നിർണായക പങ്കു വഹിച്ചു.

ഇരുവരും പുറത്തായതിന് പിന്നാലെ 20 റൺസ് നേടി വേദ കൃഷ്ണമൂർത്തിയും റിച്ച ഘോഷ് 14 റൺസും നേടി ഇന്ത്യൻ സ്കോർ 142ൽ എത്തിച്ചു. ബംഗ്ലാദേശിന് വേണ്ടി നായിക സൽമ ഖത്തൂൻ , പന്ന ഘോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ ഓപ്പണർ ഷമീമ സുൽത്താന മടങ്ങുമ്പോൾ ബംഗ്ലാദേശ് ടീം സ്കോർ അഞ്ചിൽ എത്തിയതേയുള്ളു. എന്നാൽ മുർഷിദ ഖത്തൂൻ ക്രീസിൽ നിലയുറപ്പിച്ചതോടെ ബംഗ്ലാദേശ് പ്രതീക്ഷകൾ സജീവമായി. കൂട്ടിന് നിഗർ സുൽത്താനയും എത്തിയതോടെ ബംഗ്ലാദേശ് വിജയലക്ഷ്യത്തിലേക്ക് കുതിച്ചു.

എന്നാൽ റൺസ് നിയന്ത്രിക്കുന്നതിൽ ശിഖ പാണ്ഡെയും പൂനം യാദവും വിജയിച്ചതോടെ ബംഗ്ലാദേശിന് കാലിടറി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളും വീണതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. ഒടുവിൽ വിജയലക്ഷ്യത്തിന് 18 റൺസ് അകലെ ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook