/indian-express-malayalam/media/media_files/uploads/2020/09/DC-IPL-Delhi-Capitals.jpg)
IPL 2020-DC vs KXIP Live Updates: മാർക്കസ് സ്റ്റോയിനിസ് എന്ന ഓസിസ് താരത്തിന്റെ ഓൾറൗണ്ട് മികവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. ബാറ്റിങ്ങിലും ബോളിങ്ങിലും രക്ഷകന്റെ റോളിലെത്തിയ സ്റ്റോയിനിസ് ഡൽഹിക്ക് പതിമൂന്നാം സീസണിൽ വിജയം തുടക്കം നൽകി. നിശ്ചിത ഓവറിൽ ഇരു ടീമുകളും 157 റൺസ് കണ്ടെത്തിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. ബാറ്റിങ് നിര തകർന്നപ്പോൾ അർധസെഞ്ചുറിയായും തോൽവിയിലേക്ക് വീണപ്പോൾ അവസാന ഓവറിൽ രണ്ട് വിക്കറ്റുമായും തിളങ്ങിയ സ്റ്റോയിനിസാണ് കളിയിലെ താരം.
അവസാന ഓവറിൽ 13 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന പഞ്ചാബിനുവേണ്ടി സ്റ്റോയിനിസിന്റെ ആദ്യ പന്ത് മായങ്ക് സിക്സർ പായിച്ചു. രണ്ടാം പന്തിൽ ഡബിൾ കണ്ടെത്തിയ മായങ്ക് മൂന്നാ പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. എന്നാൽ മൂന്നാം പന്ത് മിസായ മായങ്ക് അഞ്ചാം പന്തിൽ ബൗണ്ടറിക്ക് ശ്രമിക്കുന്നതിനിടയിൽ ഹെറ്റ്മയറിന്റെ കൈകളിൽ പുറത്തായി. അവസാന പന്തിൽ ഒരു റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് അവസാന പന്തിൽ ജോർദാനെയും നഷ്ടമായതോടെ മത്സരം സൂപ്പർ ഓവറിലേക്ക്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാനെത്തിയ പഞ്ചാബ് നായകനെ രണ്ടാം പന്തിൽ പുറത്താക്കിയ കഗിസോ റബാഡ ഡൽഹിക്ക് മേൽക്കൈ നൽകി. അടുത്ത പന്തിൽ പൂറന്റെ കുറ്റി തെറിപ്പിച്ച് വിജയലക്ഷ്യം മൂന്നിലേക്ക് ചുരുക്കി. ഡൽഹിക്കായി കളത്തിലിറങ്ങിയ പന്തിനും ശ്രേയസിനും കാര്യങ്ങൾ എളുപ്പമായിരുന്നു. രണ്ട് പന്തിൽ മൂന്ന് റൺസ് നേടി ഡൽഹി ജയം ഉറപ്പിച്ചു.
Also Read: മുഖം ചുവന്നു, ഒന്നും മിണ്ടിയില്ല; ചഹറിന്റെ മിസ് ഫീൽഡിൽ നിരാശനായി ധോണി, വീഡിയോ
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പെട്ടന്നായിരുന്നു പഞ്ചാബ് മുൻനിരയും മധ്യനിരയും വീണത്. ഒന്നാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തപ്പോൾ 21 റൺസെടുത്ത രാഹുലിനെ മോഹിത് പുറത്താക്കി. നിക്കോളാസ് പൂറാൻ പൂജ്യത്തിന് പുറത്തായപ്പോൾ കരുൺ നായരുടെയും ഗ്ലെൻ മാക്സ്‌വെല്ലിന്റെയും പോരാട്ടം ഒരു റൺസിൽ അവസാനിച്ചു. സർഫ്രാസ് ഖാനും കാര്യമായി ഒന്നും ചെയ്യാനായില്ല. തകർത്തടിക്കുന്നതിനിടയിൽ കൃഷ്ണപ്പ ഗൗതവും 20 റൺസിന് പുറത്ത്.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച മായങ്ക് അഗർവാൾ പഞ്ചാബിന്റെ പ്രതീക്ഷയായി അവശേഷിച്ചു. റബാഡയെയും മോഹിത് ശർമയെയുമെല്ലാം ബൗണ്ടറി പായിച്ച മായങ്ക് അനായാസം അർധസെഞ്ചുറിയും കടന്ന് കുതിച്ചു, പഞ്ചാബ് ടീം സ്കോറും. 60 പന്തിൽ 89 റൺസാണ് മായങ്ക് അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് അടിച്ചെടുത്തത്. മുൻനിര പരാജയപ്പെട്ടടുത്ത് മധ്യനിരയുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. നായകൻ ശ്രേയസ് അയ്യരുടെയും യുവതാരം റിഷഭ് പന്തിന്റെയും ഓസിസ് താരം മാർക്കസ് സ്റ്റോയിനിസിന്റെയും പ്രകടനമാണ് വൻതകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. 20 പന്തിൽ അഞധസെഞ്ചുറി കണ്ടെത്തിയ സ്റ്റോയിനിസ് ശരിക്കും ഡൽഹിയുടെ രക്ഷകനാവുകയായിരുന്നു.
Also Read: ആരാധകരില്ലാത്ത ഗ്യാലറിയിൽ ആരവം സൃഷ്ടിച്ച് ബിസിസിഐ; പരിപാടി കൊള്ളാമെന്ന് രോഹിത്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. സൂപ്പർ താരം ശിഖർ ധവാനാണ് ആദ്യം പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്നെ റൺഔട്ടിലൂടെയാണ് ധവാനെ പഞ്ചാബ് പുറത്താക്കിയത്. പിന്നാലെ ഒരു ഓവറിൽ പൃഥ്വി ഷായെ ജോർദാന്റെ കൈകളിലും ഹെറ്റ്മയറെ മയങ്കിന്റെ കൈകളിലും എത്തിച്ച ഷമി പഞ്ചാബിന് ആധിപത്യം നൽകുകയായിരുന്നു.
എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന അയ്യർ-പന്ത് കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിച്ചു. സാവധാനം ഡൽഹി സ്കോർബോർഡ് ചലിപ്പിച്ച ഇരുവരും ബൗണ്ടറികളും കണ്ടെത്താൻ തുടങ്ങിയതോടെ ഡൽഹി ഭേദപ്പെട്ട നിലയിലേക്ക് ഉയർന്നു. എന്നാൽ കൂട്ടുകെട്ട് കൂടുതൽ അപകടകരമാകുന്നതിന് മുമ്പ് പന്തിനെ യുവതാരം രവി ബിഷ്ണോയിയും അയ്യരെ മുഹമ്മദ് ഷമിയും പുറത്താക്കി. അയ്യര് 39റൺസും പന്ത് 31 റൺസും നേടി.
അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസ് നടത്തിയ പ്രകടനവും ഡൽഹി ഇന്നിങ്സിൽ നിർണായകമായി. അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്ന കോട്ട്രലിനെയും ജോർദാനെയും നിരന്തരം ബൗണ്ടറി പായിച്ച സ്റ്റോയിനിസ് ഡൽഹിയുടെ ടീം സ്കോർ ഉയർത്തി. 21 പന്തിൽ 53 റൺസാണ് ഓസിസ് താരം നേടിയത്.
തുടക്കത്തിൽ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന ഓവറുളിൽ റൺസ് വഴങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെൽട്ടൻ കോട്ടരൽ രണ്ടും അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയി ഒരു വിക്കറ്റും സ്വന്തമാക്കി.
#KXIP Captain @klrahul11 wins the toss and elects to field first in Match 2 of #Dream11IPL
Follow the game here - https://t.co/IDJkgYiXN0#DCvKXIPpic.twitter.com/K6yx8Q33M4— IndianPremierLeague (@IPL) September 20, 2020
സൂപ്പർ താരം ക്രിസ് ഗെയ്ൽ ഇല്ലാതെയാണ് കിങ്സ് ഇലവൻ പഞ്ചാബ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലീഷ് പര്യടനത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലായിരിക്കും മധ്യനിരയിൽ പഞ്ചാബിന്റെ വെടിക്കെട്ടിന് ചുക്കാൻ പിടിക്കുക. രാജസ്ഥാനിൽ നിന്ന് ഡൽഹിയിലെത്തിയ അജിങ്ക്യ രാഹനെയും ആദ്യ മത്സരത്തിൽ കളിക്കുന്നില്ല.
ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് ഇലവൻ: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഷിമ്രോൻ ഹെറ്റ്മയർ, മാർക്കസ് സ്റ്റോയിനിസ്, അക്സർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാഡ, അൻറിച്ച് നോർഷെ, മോഹിത് ശർമ
കിങ്സ് ഇലവൻ പഞ്ചാബ് പ്ലെയിങ് ഇലവൻ: കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ, സർഫ്രാസ് ഖാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പൂറാൻ, കെ ഗൗതം, ക്രിസ് ജോർദാൻ, ഷെൽട്ടൻ കോട്ട്രൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.