ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിമൂന്നാം പതിപ്പിലേക്ക് എത്തുമ്പോഴുള്ള പ്രധാന നഷ്ടങ്ങളിലൊന്ന് എന്തൊന്ന് ചോദിച്ചാൽ നിസംശയം പറയാം ആളൊഴിഞ്ഞ ഗ്യാലറിയും ആരവങ്ങളില്ലാത്ത മൈതാനവുമാണെന്ന്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയും പിന്നീട് യുഎഇയിലേക്ക് പറിച്ച് നടപ്പെടുകയും ചെയ്തപ്പോൾ മറ്റ് പലതും സാധാരണ പോലെ ആയെങ്കിലും ആരാധകരുടെ അസാനിധ്യം എടുത്തുപറയേണ്ടത് തന്നെയാണ്. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ താരങ്ങളെല്ലാം മനസ് കീഴടക്കിയപ്പോഴും ഗ്യാലറിയിലെ ഒഴിഞ്ഞ കസേരകൾ ആവേശത്തിന്റെ ആഴം കുറച്ചു.

എന്നാൽ അതിന് പരിഹാരം ബിസിസിഐയും ഐപിഎൽ ഗവേണിങ് ബോഡിയും കണ്ടെത്തിയിരുന്നു. ഇന്നലത്തെ മത്സരംകണ്ട പലരും ശ്രദ്ധിച്ചുകാണും ഇടയ്ക്കിടയ്ക്ക് ആരാധകരുടെ ആർപ്പുവിളികളും കയ്യടികളും സ്റ്റേഡിയത്തിൽ മുഴങ്ങി കേൾക്കുന്നത്. ഇത്തരമൊരു പ്രത്യേക സാഹചര്യത്തിൽ ആദ്യമായി കളിക്കുന്ന താരങ്ങൾക്ക് അത്തരത്തിലൊരു മാറ്റം വ്യക്തമാകത്ത തരത്തിൽ ശബ്ദസാനിധ്യം ഒരുക്കിയാണ് ബിസിസിഐ ശ്രദ്ധ നേടിയത്.

ബൗണ്ടറികൾ പായുമ്പോഴും വിക്കറ്റുകൾ വീഴുമ്പോഴും ഗ്യാലറികളിൽ നിന്ന് ആർപ്പുവിളികൾ മുഴങ്ങിക്കൊണ്ടിരുന്നു. താരങ്ങളുടെ പേരും ടീമിന്റെ പേരുമെല്ലാം ഇത്തരത്തിൽ ഇടയ്ക്കിടയ്ക്ക് മത്സരത്തെ ശബ്ദമുഖരിതമാക്കുന്നത് രസകരമായ അനുഭവമായിരുന്നു.

മത്സരത്തിന് ശേഷം മുംബൈ നായകൻ രോഹിത് ശർമ തന്നെ ഇതിനെ പ്രശംസിച്ച് രംഗത്തെത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ബിസിസഐ ഒരുക്കിയ ശബ്ദ സംവിധാനങ്ങൾ മികച്ചതായിരുന്നെന്നും ഇഷ്ടപ്പെട്ടെന്നും രോഹിത് പറഞ്ഞത്.

അതേസമയം മത്സരത്തിൽ മുംബൈ പരാജയപ്പെട്ടു. മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. അർധസെഞ്ചുറി തികച്ച അമ്പാട്ടി റയ്ഡുവിന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും ഇന്നിങ്സാണ് ചെന്നൈ ജയം അനായാസമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook