/indian-express-malayalam/media/media_files/uploads/2020/12/india-vs-australia-indian-team-cricket-t20.jpg)
മാർച്ച് 23ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിലുള്ള ടീം ഇന്ത്യയിൽ സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ, ക്രുനാൽ പാണ്ഡ്യ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മൂന്ന് ഏകദിനങ്ങളും.
മുൻ ഇന്ത്യൻ പേസർ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീം പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ്, പ്രസീദ് കൃഷ്ണ, ക്രുനാൽ പാണ്ഡ്യ എന്നിവരെ അപ്രതീക്ഷിതമായാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഏകദിനത്തിൽ ഇവർക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഏറ്റവുമൊടുവിൽ കളിച്ച രണ്ട് ഏകദിന പരമ്പരകൾ ഇന്ത്യക്ക് നഷ്ടമായിരുന്നു. പൂനെയിൽ ഇന്ത്യ കളിച്ച നാല് ഏകദിനങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചിരുന്നു.
അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനം കൃഷ്ണയും ക്രുനാലും ടീമിലെത്താൻ സഹായകമായി. ഇംഗ്ലണ്ടിനെതിരായ നാലാം ടി 20 യിൽ ടി 20 അരങ്ങേറ്റം കുറിച്ച സൂര്യകുമാർ അർധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
Read More: അരങ്ങേറ്റമത്സരത്തിൽ അർദ്ധസെഞ്ചുറിയുമായി സൂര്യകുമാർ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം
കുറച്ചുകാലമായി ശ്രദ്ധിക്കപ്പെട്ടിരുന്ന കൃഷ്ണ ആഭ്യന്തര ഏകദിനത്തിൽ 14 വിക്കറ്റ് വീഴ്ത്തി. ബറോഡയ്‌ക്കായി18 ടി 20 കളിച്ച ക്രുനാൽ രണ്ട് സെഞ്ചുറികളും അത്രത്തോളം അർധ സെഞ്ചുറികളും നേടി.
വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റിഷഭ് പന്ത്, പേസർ ഭുവനേശ്വർ കുമാർ എന്നിവർ വീണ്ടും ടീമിലെത്തിയിട്ടുണ്ട്. അതുപോലെ 2017 ഡിസംബറിൽ ഏക ഏകദിനം കളിച്ച വാഷിങ്ടൺ സുന്ദറും ടീമിലെത്തി. ഇപ്പോൾ നടക്കുന്ന ടി 20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഭുവനേശ്വർ 2019 ഓഗസ്റ്റിനു ശേഷമുള്ള തന്റെ ആദ്യ ഏകദിനം കളിക്കാൻ ഒരുങ്ങുകയാണ്.
അടുത്തിടെ വിവാഹിതനായ ജസ്പ്രീത് ബുംറയുടെയും പരുക്കേറ്റ മുഹമ്മദ് ഷമിയുടെയും അഭാവത്തിൽ ഭുവനേശ്വർ പേസ് ആക്രമണത്തിന് നേതൃത്വം നൽകും. ഇടംകൈയൻ പേസർ ടി.നടരാജൻ ഫിറ്റ്നസ് വീണ്ടെടുക്കുകയും ഓസ്‌ട്രേലിയക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തതോടെ ടീമിൽ ഇടം നേടി.
ടി 20 യിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇഷാൻ കിഷനെ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. കെ.എൽ.രാഹുൽ, ഋഷഭ് പന്ത് എന്നീ രണ്ട് വീക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാർ ടീമിലുണ്ടെന്നതാവാം ഇതിന് കാരണം. ടി 20 യിൽ രാഹുലാണ് ഓപ്പണർ. എന്നാൽ ഏകദിനത്തിൽ രാഹുൽ മധ്യനിരയിൽ ബാറ്റ് ചെയ്യും. ശിഖർ ധവാനും രോഹിത്ത് ശർമയും ഓപ്പണർമാരാവും.
Read More: IPL 2021: ധോണി ക്ലീൻ ബൗൾഡ്; സിഎസ്‌കെയിൽ മികച്ച പ്രകടനവുമായി ഇരുപത്തിരണ്ടുകാരൻ
പന്ത് വിക്കറ്റ് കീപ്പറാവും, മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യും. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ പരമ്പരയിലെ ടീമിൽ നിന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ ഇടം നേടാത്ത കളിക്കാർ മായങ്ക് അഗർവാൾ, നവദീപ് സൈനി, മനീഷ് പാണ്ഡെ എന്നിവരാണ്.
ടെസ്റ്റിൽ തകർപ്പൻ പ്രകടനം നടത്തിയ മുഹമ്മദ് സിറാജിനെ ടീമിലെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിശീലനം പുനരാരംഭിച്ചുവെങ്കിലും പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ലാത്തതിനാലാണ് ജഡേജയെ ഒഴിവാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us