/indian-express-malayalam/media/media_files/2025/07/21/harbhajan-singh-sreesanth-2025-07-21-11-59-28.jpg)
ചിത്രം: എക്സ്
ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നുണ്ടെങ്കിൽ അത് സഹതാരമായിരുന്ന എസ്. ശ്രീശാന്തിനെ മർദ്ദിച്ച സംഭവമാണെന്ന് മനസുതുറന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഐപിഎൽ ഉദ്ഘാടന പതിപ്പിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ താൻ പൂർണ്ണമായും തെറ്റുകാരനാണെന്നും പിന്നീട് ശ്രീശാന്തിന്റെ മകളുമായുണ്ടായ സംഭാഷണം തന്നെ മാനസ്സികമായി തകർത്തുവെന്നും ഹർഭജൻ സിങ് പറഞ്ഞു.
ക്രിക്കറ്റ് താരം ആർ. അശ്വിന്റെ യൂട്യൂബ് ചാനലിലെ 'കുട്ടി സ്റ്റോറീസ്' എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു ഹർഭജൻ. ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ആഗ്രിക്കുന്ന എന്തെങ്കിലും സംഭവം ഉണ്ടോ എന്ന അശ്വിന്റെ ചോദ്യത്തിനായിരുന്നു ഹർബജൻ സിങിന്റെ മറുപടി.
"എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. തെറ്റായിരുന്നു അന്ന് സംഭവിച്ചത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഞാൻ ചെയ്തത്. ഇരുന്നൂറു തവണയെങ്കിലും ഞാൻ ക്ഷമാപണം നടത്തി. ആ സംഭവത്തിന് വർഷങ്ങൾക്ക് ശേഷവും എനിക്ക് അതിൽ കുറ്റബോധമുണ്ട്. ഇപ്പോഴും ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഞാൻ ക്ഷമാപണം നടത്താറുണ്ട്. അത് തെറ്റായിരുന്നു."
Also Read: കെസിഎല്‍ സീസണ്‍ 2-ന് തുടക്കം; ക്രിക്കറ്റ് ആവേശം വാനോളമുയര്‍ത്തി ഗ്രാന്‍ഡ് ലോഞ്ച്
"നമ്മളെല്ലാവരും തെറ്റ് വരുത്തുന്നവരാണ്, അത്തരം ഒരു തെറ്റ് ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ഞൻ ശ്രമിക്കും. ശ്രീശാന്ത് എന്റെ സഹതാരമായിരുന്നു. ആ കളിയിൽ ഞങ്ങൾ എതിരാളികളായിരുന്നു. പക്ഷേ അങ്ങനെ പെരുമാറുന്ന തലത്തിലേക്ക് ആ വിഷയം പോകരുതായിരുന്നു. അതെ, തെറ്റ് എന്റെ ഭാഗത്താണ്. അവന്റെ ഒരേയൊരു തെറ്റ് അവൻ എന്നെ പ്രകോപിപ്പിച്ചു എന്നതാണ്. പക്ഷേ യഥാർത്ഥത്തിൽ അതിനെ തെറ്റെന്ന് പറയാനാകില്ല. ഞാൻ ചെയ്തത് ഒരിക്കലും ശരിയായില്ല. ക്ഷമിക്കണം," ഹർഭജൻ പറഞ്ഞു.
വർഷങ്ങൾക്കിപ്പുറം ശ്രീശാന്തിന്റെ മകളുമായി സംസാരിക്കാൻ അവസരമുണ്ടായെന്നും എന്നാൽ അത് തന്നെ അക്ഷരാര്‍ത്ഥത്തില്‍ തകർത്തുകളഞ്ഞെന്നും ഹർഭജൻ സിങ് പറഞ്ഞു. "വർഷങ്ങൾക്ക് ശേഷവും എന്നെ വേദനിപ്പിച്ചത്, ശ്രീശാന്തിന്റെ മകളെ ഞാൻ കണ്ടുമുട്ടിയപ്പോഴാണ്. ഞാൻ അവളോട് ഒരുപാട് സ്നേഹത്തോടെ സംസാരിച്ചപ്പോൾ, 'എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്നും നിങ്ങൾ എന്റെ അച്ഛനെ തല്ലയ ആളാണെന്നും' അവൾ പറഞ്ഞു. അതുകേട്ട് എന്റെ ഹൃദയം തകർന്നുപോയി. ഞാൻ കണ്ണീരിന്റെ വക്കിലെത്തി."
Also Read:ബുമ്ര 'GOAT'; രോഹിത് 'ലെജൻഡ്' എന്ന് ലാറ; രോഹിത്തിനും മേലെയാണോ ബുമ്രയെന്ന് ചോദ്യം
"ഞാൻ അവളിൽ എന്ത്രമാത്രം മോശം മതിപ്പാണ് ഉണ്ടാക്കിയതെന്ന് ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. അവൾ എന്നെക്കുറിച്ച് മോശമായാകും ചിന്തിക്കുക, അല്ലേ? അവളുടെ അച്ഛനെ അടിച്ച ആളായിട്ടാണ് എന്നെ കാണുന്നത്. എനിക്ക് വളരെ വിഷമം തോന്നി. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിൽ ഞാൻ ഇപ്പോഴും അദ്ദേഹത്തിന്റെ മകളോട് ക്ഷമ ചോദിക്കുന്നു. അവൾ വലുതാകുമ്പോൾ എന്നെ ഇതേ രീതിയിൽ കാണരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ്, ആ അധ്യായം എന്റെ ജീവിതത്തിൽനിന്നു ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നത്," ഹർഭജൻ പറഞ്ഞു.
Also Read:ഇന്ത്യൻ കളിക്കാർ പിന്മാറി; ഇന്ത്യ-പാക്കിസ്ഥാൻ ലെജൻഡ്സ് മത്സരം റദ്ദാക്കി
2008 ലെ ഐപിഎൽ സീസണിലായിരുന്നു മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിങ് ശ്രീശാന്തിന്റെ കരണത്തടിച്ചത്. അന്ന് കിങ്സ് ഇലവൻ പഞ്ചാബ് താരമായിരുന്നു ശ്രീശാന്ത്. സംഭവം ഏറെ വിവാദമാവുകയും ഹർഭജനെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ബിസിസിഐ വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചർച്ചചെയ്യപ്പെട്ട സംഭവങ്ങളിൽ ഒന്നായി അതിപ്പോഴും തുടരുന്നു.
Read More:ഹർദിക് പാണ്ഡ്യയും ജാസ്മിനും വേർപിരിഞ്ഞു? ഇൻസ്റ്റഗ്രാം ചികഞ്ഞ് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.