/indian-express-malayalam/media/media_files/uploads/2022/12/Kerala-Blasters-FI-1.jpg)
Photo: Facebook/ ISL
ISL 2022-23, Kerala Blasters vs Odisha FC Live Score Updates: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2022-23 സീസണിലെ പതിനൊന്നാം റൗണ്ട് മത്സരത്തില്‍ ഒഡിഷ എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം (1-0). സൊറയ്ഷാം സന്ദീപാണ് (86') വിജയഗോള്‍ നേടിയത്. സീസണിലെ ഏഴാം ജയത്തോടെ പോയിന്റ് പട്ടികയില്‍ മഞ്ഞപ്പട മൂന്നാം സ്ഥാനത്തെത്തി.
ഗോള്‍ വന്ന വഴി
86-ാം മിനുറ്റിലായിരുന്നു കൊച്ചിയിലെ ഗ്യാലറി കാത്തിരുന്ന നിമിഷം. ഇടതു കോര്‍ണറില്‍ നിന്ന് ബ്രൈസ് മിറാണ്ട പോസ്റ്റിലേക്ക് പന്ത് ഉയര്‍ത്തി നല്‍കി. ഒഡിഷയുടെ പ്രതിരോധ താരങ്ങള്‍ക്കും ഗോളിക്കും പന്ത് തടയാനായില്ല. മൈതാനത്ത് കുത്തിയുയര്‍ന്ന പന്തില്‍ സന്ദീപിന്റെ അവസരോചിത ഹെഡര്‍. പന്ത് അനായാസം ഗോള്‍ വര കടന്നു.
ഒഡീഷ നിറഞ്ഞു കളിച്ച ആദ്യ പകുതി
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെ സമ്മര്‍ദത്തിലാഴ്ത്താനുള്ള ശ്രമമാണ് ഒഡിഷയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മൂന്നാം മിനുറ്റില്‍ തന്നെ റെയിനിയര്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ഒഡിഷയ്ക്ക് തിരിച്ചടിയായി. തിരികെ എത്തിയ പന്തില്‍ നിന്ന് നന്ദകുമാര്‍ ശേഖറിന്റെ ഗോള്‍ ശ്രമവും പാഴായി.
എട്ടാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം മൈതാനത്ത് കണ്ടു. പന്തുമായി ഇവാന്‍ കാലിയുസ്നിയുടെ മുന്നേറ്റം. ദിമിത്രി ഡയമന്റക്കോസിന് ത്രൂ പാസ്. എന്നാല്‍ പന്ത് സ്വീകരിക്കാന്‍ ദിമിത്രിയോസിന് സാധിക്കാതെ പോയി. ഒഡിഷയുടെ പ്രതിരോധ മികവ് അവസരം തടഞ്ഞു. ചെന്നൈയിന്‍ എഫ് സിക്കെതിരായ ആദ്യ ഗോളിന് വഴിയൊരുക്കിയതിന് സമാനമായിരുന്നു മുന്നേറ്റം.
15 മിനുറ്റുകള്‍ക്ക് ശേഷമാണ് കളത്തില്‍ അല്‍പ്പമെങ്കിലും സാന്നിധ്യം സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായത്. പതിയെ ഒഡിഷയില്‍ നിന്ന് മധ്യനിര വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഇവാന്‍ കാലിയുസ്നി - അഡ്രിയാന്‍ ലൂണ ദ്വയം നടത്തി. 18-ാം മിനുറ്റില്‍ ബോക്സിനുള്ളില്‍ നിന്ന് ജെസെല്‍ കാര്‍ണയിറൊ തൊടുത്ത വോളി പോസ്റ്റിന് മുകളിലൂടെ പാഞ്ഞു.
ആദ്യ പകുതിയുടെ അവസാന നിമിഷം ഒഡിഷയുടെ വിക്ടര്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരങ്ങളെ മറികടന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും ഗില്‍ പന്ത് കൈപ്പിടിയിലൊതുക്കി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിനെ നിഴല്‍ മാത്രമാക്കിയാണ് ഒഡിഷ കളി അവസാനിപ്പിച്ചത്. തൊടുത്തത് എട്ട് ഷോട്ടുകള്‍, മഞ്ഞപ്പടയ്ക്ക് മടക്കാനായത് ഒന്ന് മാത്രം. ആറ് കോര്‍ണറുകളും ഒഡിഷ നേടി.
മഞ്ഞപ്പട ആത്മവിശ്വാസം വീണ്ടെടുത്ത രണ്ടാം പകുതി
രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോള്‍ ശ്രമങ്ങള്‍ ആരംഭിച്ചു. സഹലിലൂടെ രണ്ട് തവണ ബോക്സിനുള്ളിലേക്കെത്താന്‍ ആതിഥേയര്‍ക്കായി. എന്നാല്‍ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലില്‍ ഗോള്‍ ശ്രമം പാഴാവുകയായിരുന്നു. 57-ാം മിനുറ്റില്‍ അഡ്രിയാന്‍ ലൂണ ബോക്സിലേക്ക് മനോഹരമായ ക്രോസ് നല്‍കിയെങ്കിലും ഒഡിഷയുടെ പ്രതിരോധം അപകടം ഒഴിവാക്കി.
67-ാം മിനുറ്റില്‍ സഹല്‍ ഇടതു വിങ്ങിലൂടെ കുതിച്ചു. ബോക്സിനുള്ളില്‍ ഒഡിഷയുടെ പ്രതിരോധത്തെ കീറിമുറിച്ച് തൊടുത്ത വലം കാല്‍ ഷോട്ട് ഗോളിക്ക് വെല്ലുവിളി ഉയര്‍ത്താതെ വഴിമാറി. സഹലിലൂടെ തന്നെ അടുത്ത അവസരവുമൊരുങ്ങി. ബോക്സിലേക്ക് സഹല്‍ ചിപ് ചെയ്ത് നല്‍കിയ പന്ത് ഗോളാക്കാന്‍ നിഹാല്‍ സുധീഷ് ഓടിയെത്തിയെങ്കിലും പരാജയപ്പെട്ടു.
അധികം വൈകാതെ തന്നെ വീണ്ടും ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര ഒഡിഷയുട ഗോള്‍ മുഖത്തേക്ക് ഇരമ്പിയെത്തി. ജെസലിന്റെ ഷോട്ട് ഒഡിഷയുടെ ഗോളി തട്ടിയകറ്റി. റീബൗണ്ടില്‍ നിന്ന് ലഭിച്ച അവസരത്തില്‍ സഹലിന്റെ ആക്രോബാറ്റിക്ക് ശ്രമം ഗോള്‍ പോസ്റ്റിനെ തലോടി മടങ്ങി.
83-ാം മിനുറ്റില്‍ കളി കൈപ്പിടിയിലൊതുക്കാനുള്ള സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സിനെ തേടിയെത്തി. ഫ്രീ കിക്കില്‍ നിന്നായിരുന്നു തുടക്കം. കിക്കെടുക്കാതെ ലൂണ ജെസലിന് ബോക്സിലേക്ക് പാസ് നല്‍കി. ജെസലിന്റെ ഇടം കാല്‍ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. എന്നാല്‍ തുറന്ന ബോക്സ് മുന്നില്‍ നില്‍ക്കെ ലെസ്കൊവിച്ചിന്റെ ടച്ച് ഒന്നുമാകാതെ പോയി.
86-ാം മിനുറ്റിലായിരുന്നു കൊച്ചിയിലെ ഗ്യാലറി കാത്തിരുന്ന നിമിഷം. ഇടതു കോര്‍ണറില്‍ നിന്ന് ബ്രൈസ് മിറാണ്ട പോസ്റ്റിലേക്ക് പന്ത് ഉയര്‍ത്തി നല്‍കി. ഒഡിഷയുടെ പ്രതിരോധ താരങ്ങള്‍ക്കും ഗോളിക്കും പന്ത് തടയാനായില്ല. മൈതാനത്ത് കുത്തിയുയര്‍ന്ന പന്തില്‍ സന്ദീപിന്റെ അവസരോചിത ഹെഡര്‍ ഗോള്‍ വര കടന്നു.
കേരള ബ്ലാസ്റ്റേഴ്സ്
പ്രഭ്സുഖൻ ഗിൽ, സൊറൈഷാം സന്ദീപ് സിങ്, റൂയിവ ഹോർമിപാം, ജെസൽ കാർണെറോ, മാർക്കോ ലെസ്‌കോവിച്ച്, അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ്, ഇവാൻ കലിയൂസ്‌നി, സഹൽ അബ്ദുള്‍ സമദ്, രാഹുൽ കെപി, ദിമിത്രിയോസ് ഡയമന്റക്കോസ്
ഒഡിഷ
അമരീന്ദർ സിങ്, നരേന്ദർ ഗഹ്ലോട്ട്, കാർലോസ് ഡെൽഗാഡോ, സാഹിൽ പൻവാർ, ഒസാമ മാലിക്, റെയ്നിയർ ഫെർണാണ്ടസ്, തോയ്ബ സിങ്, ഐസക് ചക്ചുവാക്ക്, വിക്ടർ റോഡ്രിഗസ്, നന്ദകുമാർ സെക്കർ, പെഡ്രോ മാർട്ടിൻ
പ്രിവ്യു
അവസാന അഞ്ച് മത്സരങ്ങളില്‍ നാല് ജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ആറാമത്തെ തുടര്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ മഞ്ഞപ്പടയെ ചെന്നൈയിന്‍ എഫ് സിയാണ് സമനിലയില്‍ തളച്ചത്. എങ്കിലും കഴിഞ്ഞ ആറ് മത്സരങ്ങളില്‍ തോല്‍വിയറിയാത്തതിന്റെ ആത്മവിശ്വാസം ഇവാന്‍ വുകുമനോവിച്ച് പരിശീലിപ്പിക്കുന്ന സംഘത്തിനുണ്ടാകും.
ദിമിത്രിയോസ് ഡയമന്റക്കോസ്, സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെപി, അഡ്രിയാന്‍ ലൂണ, ഇവാന്‍ കാലിയുസ്നി തുടങ്ങിയ സുപ്രധാന താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ചെന്നൈയിനെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മുതലെടുക്കാന്‍ അവാതെ പോയതായിരുന്നു അര്‍ഹിച്ച ജയം തട്ടിമാറ്റിയത്.
മറുവശത്ത് ഓഡിഷ മോശമല്ലാത്ത ഫോമിലാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവും ഒന്ന് വീതം തോല്‍വിയും സമനിലയുമാണ് സമ്പാദ്യം. അവസാന കളിയില്‍ എടികെ മോഹന്‍ ബഗാനോടാണ് ഗോള്‍ രഹിത സമനില വഴങ്ങിയത്. ആത്മവിശ്വാസത്തില്‍ സ്വന്തം കളിത്തട്ടിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഒഡിഷയ്ക്ക് വെല്ലുവിളിയായിരിക്കും.
ഐഎസ്എല്‍ ചരിത്രത്തില്‍ ഏഴ് തവണയാണ് ബ്ലാസ്റ്റേഴ്സും ഒഡിഷയും മുഖാമുഖം വന്നിട്ടുള്ളത്. ഇരുടീമുകളും രണ്ട് വീതം ജയങ്ങള്‍ നേടി. മൂന്ന് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാമതും ഒഡിഷ ആറാമതുമാണ്. 19 വീതം പോയിന്റാണ് രണ്ട് ടീമിനുമുള്ളത്. ഇന്ന് ജയിക്കുന്നവര്‍ മൂന്നാം സ്ഥാനത്തെത്തും.
ഒഡിഷ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Odisha FC Match Details
ഒഡിഷ എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.