കോഴിക്കോട്. 2022-23 സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലെ ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ രാജസ്ഥാന്റെ ഗോള്‍ വല നിറച്ച് കേരളത്തിന് വിജയം. എതിരില്ലാത്ത ഏഴ് ഗോളിനാണ് കേരളം രാജസ്ഥാനെ തകര്‍ത്തത്. വിഘ്നേഷ് (12′, 20′), നരേഷ് (23′, 36′), റിസ്വാന് (54′, 81′) എന്നിവര്‍ ഇരട്ടഗോള്‍ നേടി. നിജൊ ഗില്‍ബേര്‍ട്ടാണ് (6′) മറ്റൊരു സ്കോറര്‍.
കഴിഞ്ഞ തവണ സ്വീകരിച്ച അതേ തന്ത്രം തന്നെയായിരുന്ന ഇപ്രാവശ്യവും കേരളം സ്വീകരിച്ചത്, ആക്രമണ ഫുട്ബോള്‍. ആറാം മിനുറ്റില്‍ തന്നെ രാജസ്ഥാന് പ്രതിരോധം ഉലഞ്ഞു, ഗില്ബേര്ട്ടായിരുന്നു ടൂര്‍ണമെന്റിലെ കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. അനായസ ഫിനിഷിങ്ങാണ് ഗോളിന് വഴിയൊരുക്കിയത്.
ആദ്യ ഗോളിന്റെ ആഘോഷം അവസാനിക്കുന്നതിന് മുന്‍പ് 12-ാം മിനുറ്റില്‍ വിഷ്നേഷും ലക്ഷ്യം കണ്ടു. ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു വിഘ്നേഷിന്റെ ഷോട്ട്. എട്ട് മിനുറ്റുകള്‍ക്ക് ശേഷം വീണ്ടും വിഘ്നേഷ് രാജസ്ഥാന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇടതുവിങ്ങിലൂടെയെത്തിയ വിഘ്നേഷിന്റെ വലം കാല് ഷോട്ടാണ് പന്ത് ഗോള്‍ വര കടത്തിയത്.
മൂന്ന് ഗോള്‍ വീണിട്ടും ആക്രമണ ഫുട്ബോള്‍ അവസാനിപ്പിക്കാന്‍ കേരളം തയാറായില്ല. 23-ാം മിനുറ്റില്‍ നരേഷിന്റെ ബൂട്ടില്‍ നിന്നും ഗോള്‍ വീണു. രാജസ്ഥാന്റെ പ്രതിരോധ താരങ്ങളേയും ഗോളിയേയും മറികടന്നായിരുന്നു നരേഷിന്റെ ഫിനിഷിങ്. 36-ാം മിനുറ്റിലാണ് നരേഷ് തന്റെ രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളിന്റെ ലീഡ്.
രണ്ടാം പകുതിയിലും കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ രാജസ്ഥാന് പ്രതിരോധം കാണിയായി മാറി. 54-ാം മിനുറ്റില്‍ വലതു വിങ്ങിലൂടെ വിഘ്നേഷിന്റെ കുതിപ്പ്. ബോക്സിലേക്ക് നീട്ടി നല്കിയ പാസ് സ്വീകരിച്ച് റിസ്വാന്റെ ബുള്ളറ്റ് ഷോട്ട്. രാജസ്ഥാന് ഗോളിയുടെ മുഴുനീള ഡൈവിനും തടയാനായില്ല. ആറാം ഗോളും പിറന്നു.
ആറ് ഗോളുകള്‍ വീണതിന് ശേഷം അല്‍പ്പ നേരം കേരള ഗോള്‍ മുഖത്തേക്ക് ആക്രമണങ്ങള്‍ നടത്താന്‍ രാജസ്ഥാനായി. എന്നാല്‍ ഗോളി മിഥുന്റെ കരങ്ങളെ ഒരിക്കല്‍ പോലും മറികടക്കാന്‍ സാധിച്ചില്ല. 81-ാം മിനുറ്റില്‍ വീണ്ടും റിസ്വാന് അവതരിച്ചു. ബോക്സിനുള്ളില്‍ നിന്ന് തൊടുത്ത ഇടം കൈല്‍ ഷോട്ട് അതിവേഗം ഗോള്‍വര പിന്നിട്ടു, 7-0.