ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി ഇന്ത്യ. ബംഗ്ലാദേശ് പരമ്പര 2-0 ന് സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം ഭദ്രമാക്കാന്‍ ഇന്ത്യക്കായി. ഓസ്ട്രേലിയയാണ് ഒന്നാമത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 74-7 എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ രവിചന്ദ്രന്‍ അശ്വിന് (42), ശ്രേയസ് അയ്യര്‍ (29) എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശകരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സാണ് നേടിയത്.
ജയത്തോടെ 58.92 ശതമാനത്തോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തിയത്. വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും മികവ് പുലര്‍ത്താനായാല്‍ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ എന്ന സ്വപ്നം ഇന്ത്യക്ക് സാധ്യതമാകും.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന നാല് മത്സരങ്ങളുള്ള പരമ്പര അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായാണ് നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയ ബഹുദൂരം മുന്നിലാണ്. 76.92 ശതമാനമാണ് ഓസ്ട്രേലിയക്കുള്ളത്.
നിലവില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി ഓസ്ട്രേലിയ വിജയിച്ചു. അവശേഷിക്കുന്ന രണ്ടിലും വിജയം നേടാനായാല്‍ ഫൈനല്‍ ഉറപ്പിക്കാനാകും കങ്കാരുപ്പടയ്ക്ക്.
ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന മത്സരങ്ങളും നാട്ടില്‍ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും നേടിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും അവസാന രണ്ടിലെത്താനുള്ള സാധ്യതകളുണ്ട്.