scorecardresearch

India Vs England ODI: കട്ടക്ക് ഏകദിനം; ഇന്ത്യക്ക് 305 റൺസ് വിജയ ലക്ഷ്യം; ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്

മൂന്ന് റൺഔട്ടുകളാണ് ഇംഗ്ലണ്ട് ഇന്നിങ്സിൽ ഉണ്ടായത്. 42ാം ഓവറിൽ ഇന്ത്യ ഒരു ബൌണ്ടറി വഴങ്ങിയതിന് ശേഷം പിന്നെ ഇംഗ്ലണ്ട് ബൌണ്ടറി കണ്ടെത്തിയത് 47ാം ഓവറിൽ

മൂന്ന് റൺഔട്ടുകളാണ് ഇംഗ്ലണ്ട് ഇന്നിങ്സിൽ ഉണ്ടായത്. 42ാം ഓവറിൽ ഇന്ത്യ ഒരു ബൌണ്ടറി വഴങ്ങിയതിന് ശേഷം പിന്നെ ഇംഗ്ലണ്ട് ബൌണ്ടറി കണ്ടെത്തിയത് 47ാം ഓവറിൽ

author-image
Sports Desk
New Update
VIrat Kohli, Ravindra Jadeja

വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

കട്ടക്ക് ഏകദിനത്തിൽ ജയിച്ച് പരമ്പരയിൽ ജീവൻ നിലനിർത്താൻ ഇറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യക്ക് മുൻപിൽ വെച്ചത് 305 റൺസ് വിജയ ലക്ഷ്യം. ഓപ്പണർ ബെൻ ഡക്കറ്റിന്റേയും വൺഡൌണായി വന്ന ജോ റൂട്ടിന്റേയും അർധ ശതകവും ലിവിങ്സ്റ്റണിന്റെ ബാറ്റിങ്ങുമാണ് ഇംഗ്ലണ്ട് സ്കോർ 300 കടത്തിയത്. ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ റൺസ് വഴങ്ങുന്നതിൽ യാതൊരു പിശുക്കും കാണിക്കാതിരുന്നപ്പോൾ സ്പിന്നർമാരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

Advertisment

10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് പിഴുതു. അരങ്ങേറ്റക്കാരൻ വരുൺ ചക്രവർത്തി 10 ഓവറിൽ 54 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് ഷമിയും ഹർഷിത് റാണയും ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ എട്ട് ഓവർ എറിഞ്ഞ മുഹമ്മദ് ഷമിയുടെ ഇക്കണോമി എട്ടിന് മുകളിലാണ്. 9 ഓവർ എറിഞ്ഞ ഹർഷിത് റാണയുടെ ഇക്കണോമി ഏഴിനോട് അടുത്തും. ഏഴ് ഓവർ എറിഞ്ഞ ഹർദിക്കിന്റെ ഇക്കണോമി 7.57. 

മികച്ച തുടക്കം നൽകി ഓപ്പണർമാർ

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ഫിൽ സോൾട്ടും ബെൻ ഡക്കറ്റും മികച്ച തുടക്കമാണ് നൽകിയത്. 11ാം ഓവറിലാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് സഖ്യത്തെ പിരിക്കാൻ ഇന്ത്യക്കായത്. ഫാസ്റ്റ് ബോളർമാർ ആദ്യ ഓവറുകളിൽ വിക്കറ്റ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടതോടെ രോഹിത് വരുണിനെ കൊണ്ടുവന്നു. 

വരുണിന്റെ ഓഫ് സ്റ്റംപിന് നേരെ എത്തിയ പന്തിൽ സ്ലോഗ് സ്വീപ്പ് കളിക്കാനാണ് 26 റൺസ് എടുത്ത് നിൽക്കെ ഫിൽ സോൾട്ട് ശ്രമിച്ചത്. എന്നാൽ ടോപ് എഡ്ജ് ആയി പന്ത് മിഡ് ഓണിൽ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തി. ഇംഗ്ലണ്ട് സ്കോർ 100 കടന്നതിന് പിന്നാലെ 16ാം ഓവറിൽ ബെൻ ഡക്കറ്റിനെ രവീന്ദ്ര ജഡേജയും മടക്കി. രവീന്ദ്ര ജഡേജയുടെ കളിയിലെ ആദ്യ ഓവറിൽ വൈൽഡ് സ്ലോഗ് കളിക്കാനുള്ള ബെൻ ഡക്കറ്റിന്റെ ശ്രമം പാളി. ടൈമിങ് തെറ്റിയതോടെ ലോങ് ഓണിൽ ഹർദിക്കിന്റെ കൈകളിലേക്ക് പന്ത് എത്തി. 

പിടിച്ചു നിന്ന് റൂട്ട്

Advertisment

56 പന്തിൽ നിന്ന് 10 ഫോറുകളോടെ ആക്രമിച്ച് കളിച്ചാണ് ബെൻ ഡക്കറ്റ് 65 റൺസ് എടുത്തത്. ബെൻ മടങ്ങിയതിന് പിന്നാലെ ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. എന്നാൽ 31 റൺസ് എടുത്ത ഹാരി ബ്രൂക്കിനെ ഹർഷിത് റാണ ഗില്ലിന്റെ കൈകളിൽ എത്തിച്ചു. പിന്നാലെ എത്തിയ ക്യാപ്റ്റൻ ബട്ട്ലറെ കൂട്ടുപിടിച്ചും ജോ റൂട്ട് അർധ ശതക കൂട്ടുകെട്ട് കണ്ടെത്തി. 

51 റൺസ് ആണ് ബട്ട്ലറും റൂട്ടും ചേർന്ന് കണ്ടെത്തിയത്. പക്ഷേ 35 പന്തിൽ നിന്ന് 34 റൺസ് എടുത്ത ബട്ട്ലറെ ഹർദിക് ഗില്ലിന്റെ കൈകളിലെത്തിച്ചു. 42ാം ഓവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അർധ ശതകം പിന്നിട്ട് നിൽക്കുന്ന ജോ റൂട്ടും ലിവിങ്സ്റ്റണും ചേർന്ന് ഡെത്ത് ഓവറുകളിൽ സ്കോറിങ്ങിന്റെ വേഗം കൂട്ടുമെന്ന് ഇംഗ്ലണ്ട് ആരാധകർ പ്രതീക്ഷിച്ചു.

നിർണായക വിക്കറ്റ് പിഴുത് ജഡേജ 

എന്നാൽ 43ാം ഓവറിലെ മൂന്നാമത്തെ പന്തിൽ റൂട്ടിനെ ജഡേജ മടക്കിയതോടെ കാര്യങ്ങൾ തിരികെ ഇന്ത്യയുടെ കൈകളിലേക്ക് വന്നു. 72 പന്തിൽ നിന്ന് 69 റൺസ് എടുത്ത് നിൽക്കെ ലോങ് ഓഫീൽ കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് റൂട്ട് മടങ്ങിയത്. 

തന്റെ പിന്നത്തെ ഓവറിൽ ഒവെർടനെ മടക്കി ജഡേജ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ജഡേജയുടെ പന്തിൽ സ്ലോഗിന് ഒവെർടൻ ശ്രമിച്ചെങ്കിലും ടോപ് എഡ്ജ് ആയി പന്ത് കവറിൽ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തി. കട്ടക് ഏകദിനത്തിലെ ഗില്ലിന്റെ മൂന്നാമത്തെ ക്യാച്ചായിരുന്നു അത്. 

42ാം ഓവറിൽ ഇന്ത്യ ബൌണ്ടറി വഴങ്ങിയതിന് ശേഷം പിന്നെ ഇംഗ്ലണ്ടിന് ബൌണ്ടറി കണ്ടെത്താനായത് 47ാം ഓവറിൽ. അതും ഫാസ്റ്റ് ബോളറുടെ കൈകളിലേക്ക് രോഹിത് പന്ത് നൽകിയതോടെ. 48ാം ഓവറിലെ ആദ്യ പന്തിൽ അറ്റ്കിൻസനെ മുഹമ്മദ് ഷമി വീഴ്ത്തി. എന്നാൽ ആ ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ ആദിൽ റാഷിദ് തുടരെ മൂന്ന് ബൌണ്ടറി അടിച്ചു.

മൂന്ന് റൺഔട്ടുകൾ 

49ാം ഓവറിൽ ഹർഷിത് റാണയ്ക്ക് എതിരെ സിക്സ് പറത്തി ലിവിങ്സ്റ്റൺ ഇംഗ്ലണ്ട് സ്കോർ മുന്നൂറിനോട് അടുപ്പിച്ചു. എന്നാൽ അതേ ഓവറിലെ അഞ്ചാമത്തെ പന്തിൽ ആദിൽ റാഷിദിനെ ഇന്ത്യ റൺഔട്ടാക്കി. 

അവസാന ഓവറിലെ ആദ്യ പന്ത് തന്നെ മുഹമ്മദ് ഷമിയെ ബൌണ്ടറി കടത്തിയാണ് ലിവിങ്സ്റ്റൺ തുടങ്ങിയത്. ഇതോടെ ഇംഗ്ലണ്ട് ടോട്ടൽ മുന്നൂറിലെത്തി. എന്നാൽ അവസാന ഓവറിലെ നാലാമത്തെ പന്തിൽ ലിവിങ്സ്റ്റണിനെ ശ്രേയസ് റൺഔട്ടാക്കി. 32 പന്തിൽ നിന്ന് 41 റൺസ് ആണ് ലിവിങ്സ്റ്റൺ നേടിയത്. ഡീപ്പ് മിഡ് വിക്കറ്റിലേക്ക് കളിച്ച് ഡബിളിനായി ഓടുകയായിരുന്നു ലിവിങ്സ്റ്റൺ. എന്നാൽ ശ്രേയസ് പന്തെടുത്ത് വിക്കറ്റ് കീപ്പർ എൻഡിലേക്ക് എറിഞ്ഞു. ലിവിങ്സ്റ്റൺ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല.അഞ്ചാമത്തെ പന്തിൽ സാഖിബ് മഹ്മൂദും റൺഔട്ടായതോടെ ഇംഗ്ലണ്ട് 304ന് ഓൾഔട്ടായി. മൂന്ന് റൺഔട്ടുകളാണ് ഇംഗ്ലണ്ട് ഇന്നിങ്സിൽ ഉണ്ടായത്. 

Read More

Indian Cricket Team Joe Root india vs england indian cricket Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: