/indian-express-malayalam/media/media_files/uploads/2019/06/yuvraj-ganguly.jpg)
മുംബൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും താൻ വിരമിക്കുന്നതായി യുവരാജ് സിങ് പ്രഖ്യാപിച്ചത്. യുവരാജിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്ത് വലിയൊരു ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്. യുവരാജിന് വിടവാങ്ങൽ മത്സരത്തിന് അവസരം നൽകണമെന്നായിരുന്നു ചിലർ ആവശ്യപ്പെട്ടത്. യുവരാജ് ഇതിലും നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നുവെന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മ പരസ്യമായി അഭിപ്രായപ്പെടുകയും ചെയ്തു.
വിടവാങ്ങൽ മത്സരം യുവരാജ് അർഹിച്ചിരുന്നോയെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയോട് ചോദിക്കുകയുണ്ടായി. ഇതിനു ഗാംഗുലി പറഞ്ഞത് തനിക്ക് വിടവാങ്ങൽ മത്സരത്തിൽ വിശ്വാസമില്ലെന്നായിരുന്നു. ''വിടവാങ്ങൽ മത്സരത്തിന്റെ ആവശ്യമുണ്ടെന്നു ഞാൻ കരുതുന്നില്ല. ഞാൻ ഇങ്ങനെയുളള വിടവാങ്ങൽ മത്സരത്തിൽ വിശ്വസിക്കുന്നില്ല. യുവരാജിന് വിടവാങ്ങൽ മത്സരം ലഭിച്ചില്ലെങ്കിലും, ഒരു കളിക്കാരൻ എന്ന നിലയിൽ നേടിയ നേട്ടങ്ങളൊന്നും പാഴായി പോകില്ല. യുവരാജ് അതിശയപ്പെടുത്തുന്ന കളിക്കാരനാണ്. മാച്ച് വിന്നറാണ്. താൻ നേടിയത് എന്താണോ, അതിൽ അവൻ അഭിമാനിക്കുന്നയാളാണ്,'' ലോകകപ്പ് ക്രിക്കറ്റിന്റെ ഭാഗമായുളള ഫെയ്സ്ബുക്ക് ലൈവിൽ സംസാരിക്കവേ ഗാംഗുലി പറഞ്ഞു.
Read Also: ഇതിലും നല്ലൊരു വിടവാങ്ങൽ നീ അർഹിക്കുന്നുവെന്ന് രോഹിത് ശർമ്മ, മറുപടിയുമായി യുവരാജ്
യുവരാജിന് ഒപ്പമുളള ഓർമ്മകളെക്കുറിച്ച് ചോദിച്ചപ്പോൾ ഗാംഗുലി പങ്കുവച്ചത് 2007 ലെ ടി 20 ലോകകപ്പിൽ ഒരു ഓവറിലെ ആറു ബോളിൽ ആറും യുവി സിക്സ് ഉയർത്തിയതിനെ കുറിച്ചായിരുന്നു. ''യുവരാജ് സിങ്ങുമായുളള ഓരുപാട് ഓർമ്മകളുണ്ട്. എന്റെ ക്യാപ്റ്റൻസിയിൽ ആണ് അവൻ കളിച്ചു തുടങ്ങിയത്. അവനെക്കുറിച്ചുളള ഓർമ്മകളിൽ എന്നുമുളളത് ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് ടി 20 യിൽ ഒരു ഓവറിൽ ആറു ബോളിൽ ആറു സിക്സ് ഉയർത്തിയതാണ്.''
താൻ വിടവാങ്ങൽ മത്സരം കളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് യുവി വിരമിക്കൽ പ്രഖ്യാപനം നടത്തവേ പറഞ്ഞിരുന്നു. ബിസിസിഐ തനിക്ക് വിടവാങ്ങല്‍ മത്സരം വാഗ്‌ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നുമാണ് യുവരാജ് വെളിപ്പെടുത്തിയത്. വിരമിക്കല്‍ പ്രഖ്യാപനത്തിനിടെയാണ് താരം മനസ് തുറന്നത്. 2017 ലായിരുന്നു യുവരാജ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.
Read Also: നിറകണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് യുവരാജ് സിങ്
”നിനക്ക് യോയോ ടെസ്റ്റ് പാസാകാന്‍ പറ്റിയില്ലെങ്കില്‍ ഒരു വിരമിക്കല്‍ മത്സരം തരാം എന്നവര്‍ പറഞ്ഞിരുന്നു” വികാരഭരിതനായിട്ടായിരുന്നു യുവി സംസാരിച്ചത്. സമകാലികനായിരുന്ന വീരേന്ദര്‍ സെവാഗ് തനിക്ക് വിടവാങ്ങല്‍ മത്സരം ലഭിക്കാതിരുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിഹാസ താരങ്ങളായ വി.വി.എസ്.ലക്ഷ്മണിനും രാഹുല്‍ ദ്രാവിഡിനും വിടവാങ്ങല്‍ മത്സരമില്ലായിരുന്നു. എന്നാല്‍ തനിക്ക് വിടവാങ്ങാനായി ഒരു മത്സരം വേണ്ട എന്നതായിരുന്നു യുവിയുടെ നിലപാട്.
”എനിക്ക് അവസാന മത്സരം കളിക്കണമെന്ന് ഞാന്‍ ബിസിസിഐയോട് പറഞ്ഞില്ല. യോഗ്യനാണെങ്കില്‍ ഗ്രൗണ്ടില്‍ തന്നെ അവസാനിപ്പിക്കാമായിരുന്നു. എനിക്കൊരു അവസാന മത്സരത്തിനായി ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെയല്ല ഞാന്‍ ക്രിക്കറ്റ് കളിച്ചത്. അതുകൊണ്ട് അന്ന് ഞാന്‍ പറഞ്ഞു, എനിക്കൊരു വിടവാങ്ങല്‍ മത്സരം വേണ്ട, യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ ഞാന്‍ മിണ്ടാതെ വീട്ടിലേക്ക് പോകാം. പക്ഷെ ഞാന്‍ ടെസ്റ്റ് പാസായി. പിന്നെ സംഭവിച്ചതൊന്നും എന്റെ തീരുമാനമായിരുന്നില്ല” താരം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.