ഇന്ത്യൻ ക്രിക്കറ്റിൽ വർഷങ്ങളോളം തിളങ്ങിനിന്നിരുന്ന താരമായിരുന്നു യുവരാജ് സിങ്. രാജ്യാന്തര കരിയറിനോട് ഇന്നലെയാണ് യുവി ഗുഡ്ബൈ പറഞ്ഞത്. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ വികാരാധീനനായാണ് യുവി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇതിനുപിന്നാലെ ലോകത്തിന്റെ പല കോണിൽനിന്നും യുവിക്ക് മുന്നോട്ടുളള യാത്രയ്ക്ക് ഭാവുകങ്ങൾ നേർന്ന് ആശംസകളെത്തി. ഇക്കൂട്ടത്തിൽ യുവിയുടെ മുൻസഹതാരവും ഇന്ത്യയുടെ ഉപനായകനുമായ രോഹിത് ശർമ്മയും ഉണ്ടായിരുന്നു.

ട്വിറ്ററിലൂടെയാണ് രോഹിത് ശർമ്മ യുവിക്കായി ഹൃദയത്തിൽനിന്നെഴുതിയ സന്ദേശം പോസ്റ്റ് ചെയ്തത്. ”നിനക്ക് കിട്ടിയത് എന്താണെന്ന് അത് നഷ്ടപ്പെടുന്നതുവരെ നിനക്ക് അറിയില്ല. സഹോദരാ, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഇതിലും നല്ലൊരു വിടവാങ്ങൽ നീ അർഹിക്കുന്നു.”

രോഹിതിന്റെ ട്വീറ്റിന് യുവി മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ”ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് എന്താണെന്ന് നിനക്ക് അറിയാം, സഹോദരാ നിന്നെ ഞാൻ സ്നേഹിക്കുന്നു. നീയൊരു ഇതിഹാസ താരമായി മാറും,” യുവരാജ് ട്വീറ്റ് ചെയ്തു.

താൻ വിടവാങ്ങൾ മത്സരം കളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് യുവി വിരമിക്കൽ പ്രഖ്യാപനം നടത്തവേ പറഞ്ഞിരുന്നു. ബിസിസിഐ തനിക്ക് വിടവാങ്ങല്‍ മത്സരം വാഗ്‌ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നുമാണ് യുവരാജ് വെളിപ്പെടുത്തിയത്. വിരമിക്കല്‍ പ്രഖ്യാപനത്തിനിടെയാണ് താരം മനസ് തുറന്നത്. 2017 ലായിരുന്നു യുവരാജ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.

Read Also: നിറകണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് യുവരാജ് സിങ്

”നിനക്ക് യോയോ ടെസ്റ്റ് പാസാകാന്‍ പറ്റിയില്ലെങ്കില്‍ ഒരു വിരമിക്കല്‍ മത്സരം തരാം എന്നവര്‍ പറഞ്ഞിരുന്നു” വികാരഭരിധനായിട്ടായിരുന്നു യുവി സംസാരിച്ചത്. സമകാലികനായിരുന്ന വീരേന്ദര്‍ സെവാഗ് തനിക്ക് വിടവാങ്ങല്‍ മത്സരം ലഭിക്കാതിരുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിഹാസ താരങ്ങളായ വി.വി.എസ്.ലക്ഷ്മണിനും രാഹുല്‍ ദ്രാവിഡിനും വിടവാങ്ങല്‍ മത്സരമില്ലായിരുന്നു. എന്നാല്‍ തനിക്ക് വിടവാങ്ങാനായി ഒരു മത്സരം വേണ്ട എന്നതായിരുന്നു യുവിയുടെ നിലപാട്.

Read Also: ക്രിക്കറ്റ് ഇഷ്ടമാണ്, അതേസമയം വെറുപ്പുമാണ്; യുവരാജ് സിങ്

”എനിക്ക് അവസാന മത്സരം കളിക്കണമെന്ന് ഞാന്‍ ബിസിസിഐയോട് പറഞ്ഞില്ല. യോഗ്യനാണെങ്കില്‍ ഗ്രൗണ്ടില്‍ തന്നെ അവസാനിപ്പിക്കാമായിരുന്നു. എനിക്കൊരു അവസാന മത്സരത്തിനായി ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെയല്ല ഞാന്‍ ക്രിക്കറ്റ് കളിച്ചത്. അതുകൊണ്ട് അന്ന് ഞാന്‍ പറഞ്ഞു, എനിക്കൊരു വിടവാങ്ങല്‍ മത്സരം വേണ്ട, യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ ഞാന്‍ മിണ്ടാതെ വീട്ടിലേക്ക് പോകാം. പക്ഷെ ഞാന്‍ ടെസ്റ്റ് പാസായി. പിന്നെ സംഭവിച്ചതൊന്നും എന്റെ തീരുമാനമായിരുന്നില്ല” താരം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook