ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിറകണ്ണുകളോടെയാണ് വിരമിക്കുന്ന വിവരം യുവരാജ് പ്രഖ്യാപിച്ചത്.

2007ലെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ആയിരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ യുവരാജ് വാണിജ്യ ടൂര്‍ണമെന്റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read More: ഇനിയെല്ലാം ചടങ്ങുകള്‍ മാത്രം; യുവരാജ് സിങ് കളി മതിയാക്കുന്നു

പഞ്ചാബില്‍ നിന്നുള്ള ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ഇതിനായി ബിസിസിഐയുടെ അനുമതിക്കായി സമീപിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനവസരം ലഭിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. ബിസിസിഐയ്ക്ക് കീഴിലുള്ള കളിക്കാരനാണെങ്കില്‍ പോകുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവര്‍ ക്രിക്കറ്ററായ യുവരാജ് സിങ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. കാന്‍സറിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയ ഫോം തുടരാന്‍ യുവിക്കായില്ല. 2012ലാണ് കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. 2017ൽ അദ്ദേഹം ഏകദിനങ്ങളും കളിച്ചിട്ടില്ല.

‘എന്തൊക്കെ വന്നാലും, അവസ്ഥ എത്ര മോശമായാലും 2019 വരെ ഞാന്‍ കളിക്കും. ആ വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ വിരമിക്കും. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഒരു തീരുമാനമെടുക്കണം. 2000 മുതല്‍ ഞാന്‍ രാജ്യാന്തര മൽസരങ്ങള്‍ കളിക്കുന്നുണ്ട്. 18 വര്‍ഷത്തോളമായി ക്രീസില്‍. അതുകൊണ്ട് തന്നെ 2019ന് ശേഷം ഞാന്‍ വിരമിക്കും’ യുവി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാഗ്യതാരമാണ് യുവരാജ് സിങ്. ഐസിസി ഏകദിന ലോകകപ്പും, ഐസിസി ട്വന്റി-20 ലോകകപ്പും, ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടവും സ്വന്തമാക്കുന്ന അപൂർവ്വ താരങ്ങളിൽ ഒരാളാണ് ആരാധകരുടെ പ്രിയ താരമായ യുവി.

വിരമിക്കലിന് ശേഷം താൻ എന്ത് ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാധകർക്ക് സന്തോഷം നൽകുന്ന മറുപടിയാണ് യുവി നൽകിയത്. പാഡഴിച്ചതിന് ശേഷം ഒരു പരിശീലകൻ ആവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവരാജ് സിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിവുളള പാവപ്പെട്ട താരങ്ങളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുകയാവും തന്റെ പ്രഥമ പരിഗണനയെന്ന് താരം പറയുന്നു. അവരുടെ കായിക വിദ്യാഭ്യാസത്തിന് തന്നാൽ കഴിയുന്നത് ചെയ്യുമെന്നും അവരുടെ പഠന ചെലവുകൾ താൻ തന്നെ വഹിക്കുമെന്നും യുവരാജ് കൂട്ടിച്ചേർത്തു.

കാൻസർ രോഗികളെ സഹായിക്കുന്നതിനായി ആരംഭിച്ച YouWeCaN എന്ന സംരംഭത്തിന്റെ പ്രവർത്തനത്തിലും സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ രോഗം ബാധിച്ചവർക്ക് മാനസികമായുളള കരുത്ത് നൽകുകയാണ് പ്രധാനമെന്ന് തന്റെ ജീവിതകഥ അതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 304 ഏകദിന മൽസരങ്ങളും, 40 ടെസ്റ്റ് മൽസരങ്ങളും, 58 ട്വന്റി-20 മൽസരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook