/indian-express-malayalam/media/media_files/uYhfuAcAasL8urTbDNyh.jpg)
ഇന്ത്യൻ ക്രിക്കറ്റ് ടീം സ്റ്റാർ സ്പിന്നർ യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീയും വേർപിരിയുന്നതായി റിപ്പോർട്ട്. ഇരുവരുടേയും ഡിവോഴ്സ് ഉടൻ ഉണ്ടാകും എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ചഹലോ ഭാര്യ ധനശ്രീയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സമൂഹമാധ്യമങ്ങളിൽ പല രസകരമായ വിഡിയോകളുമായും മറ്റും ആരാധകരെ കയ്യിലെടുത്തിരുന്ന സെലിബ്രിറ്റി ദമ്പതികളാണ് ചഹലും ധനശ്രീയും. കോറിയോഗ്രാഫറായ ധനശ്രീയുമായി നാല് വർഷം മുൻപായിരുന്നു ചഹലിന്റെ വിവാഹം. എന്നാൽ ഇരുവരും തമ്മിൽ കഴിഞ്ഞ കുറേ മാസങ്ങളായി അകന്ന് കഴിയുകയാണെന്നാണ് വിവരം.
ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി ചഹൽ എത്തുകയും ചെയ്തു. 'കഠിനാധ്വാനമാണ് ആളുകളുടെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നത്. നിങ്ങളുടെ യാത്രയെ കുറിച്ച് നിങ്ങൾക്ക് അറിയാം. നിങ്ങളുടെ വേദനകൾ അറിയുന്നതും നിങ്ങൾക്കാണ്. ഇവിടെ വരെ എത്താൻ എന്തെല്ലാം പരിശ്രമിച്ചു എന്നും നമുക്കാണ് അറിയാവുന്നത്. ലോകത്തിന് അറിയാം. അച്ഛനും അമ്മയ്ക്കും അഭിമാനിക്കാനായി നിങ്ങൾ ചോര നീരാക്കിയാണ് പ്രയത്നിച്ചത്. അഭിമാനിയായ മകൻ എന്ന നിലയിൽ തല ഉയർത്തി നിൽക്കു', ചഹൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Yuzvendra Chahal's Instagram story. pic.twitter.com/YlDags1ULy
— Mufaddal Vohra (@mufaddal_vohra) January 4, 2025
ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തു. ധനശ്രീക്ക് ഒപ്പമുള്ള ചിത്രങ്ങൾ ചഹൽ നീക്കി. എന്നാൽ ധനശ്രീയുടെ അക്കൌണ്ടുകളിൽ ഇപ്പോഴും ചഹലിനൊപ്പമുള്ള ചിത്രങ്ങളുണ്ട്. 2020 ഡിസംബറിലാണ് ധനശ്രീയും ചഹലും വിവാഹിതരായത്. കോവിഡ് ലോക്ഡൌണിന്റെ സമയത്താണ് ഇരുവരും തമ്മിലുള്ള ബന്ധം വളരുന്നത്. അത് പിന്നാലെ വിവാഹത്തിലേക്ക് എത്തി.
ക്രിക്കറ്റിലേക്ക് വരുമ്പോൾ നിലവിൽ ഡൊമസ്റ്റിക് ക്രിക്കറ്റിലാണ് ചഹൽ ശ്രദ്ധ വെക്കുന്നത്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ആണ് ചഹലിനെ സ്വന്തമാക്കിയത്. 18 കോടി രൂപയ്ക്കാണ് ചഹൽ പഞ്ചാബിലെത്തിയത്. 2023ലാണ് ചഹൽ ഇന്ത്യക്ക് വേണ്ടി അവസാനമായി ഏകദിനം കളിച്ചത്. 72 ഏകദിന മത്സരങ്ങളിൽ നിന്ന് 121 വിക്കറ്റാണ് ചഹൽ വീഴ്ത്തിയത്. ട്വന്റി20യിൽ 80 കളിയിൽ നിന്ന് 96 വിക്കറ്റും വീഴ്ത്തി. 160 ഐപിഎൽ മത്സരങ്ങൾ കളിച്ച ചഹൽ 205 വിക്കറ്റാണ് വീഴ്ത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.