/indian-express-malayalam/media/media_files/uploads/2020/11/Maxwell-and-Rahul.jpg)
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ താരമായത് ഗ്ലെൻ മാക്‌സ്‌വെൽ ആണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സമ്പൂർണ പരാജയമായ ഓസീസ് താരം ബാറ്റ് കൊണ്ട് കിടിലൻ പ്രകടനമാണ് ഇന്നലെ സിഡ്‌നിയിൽ നടന്ന ആദ്യ ഏകദിനത്തിൽ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയക്ക് വേണ്ടി 19 പന്തിൽ നിന്ന് 45 റൺസ് മാക്‌സ്‌വെൽ നേടി. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങിയതായിരുന്നു മാക്സിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.
ക്രീസിൽ നിന്ന് മാക്‌സ്‌വെൽ വെടിക്കെട്ടിനു തീകൊളുത്തിയപ്പോൾ വിക്കറ്റിനു പിന്നിൽ ഇതെല്ലാം കണ്ട് അന്താളിച്ചു നിൽക്കുകയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റൻ കൂടിയായ കെ.എൽ.രാഹുൽ. കാരണം, ഐപിഎല്ലിൽ രാഹുൽ നയിക്കുന്ന കിങ്‌സ് ഇലവൻ പഞ്ചാബ് താരമായിരുന്നു മാക്‌സ്‌വെൽ, അതും വലിയ തുകയ്‌ക്ക് പഞ്ചാബ് സ്വന്തമാക്കിയ താരം. ഐപിഎല്ലിലെ മോശം പ്രകടനത്തിനു പഴികേട്ട മാക്‌സ്‌വെൽ തന്നെയാണോ ഇതെന്ന് ഒരു നിമിഷത്തേക്ക് രാഹുൽ ശങ്കിച്ചുകാണും.
Read Also: ബൗളിങ്ങിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിച്ച് പാണ്ഡ്യ; താരത്തിനു പ്രതിസന്ധിയാകുന്നത് പരുക്ക്
ഇത്തവണത്തെ ഐപിഎല്ലിൽ പഞ്ചാബിന് വേണ്ടി 11 കളികളിൽ നിന്ന് 15.42 എന്ന ചെറിയ ശരാശരിയിൽ വെറും 108 റൺസ് മാത്രമായിരുന്നു മാക്സിയുടെ സംഭാവന. എന്നാൽ, രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങിയപ്പോൾ എല്ലാവരെയും ഞെട്ടിച്ച പ്രകടനവും. ഇതെല്ലാം കണ്ട് രാഹുൽ മാത്രമല്ല ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ എല്ലാം ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാക്‌സ്‌വെൽ ട്രോളുകൾകൊണ്ട് നിറഞ്ഞു. മത്സരശേഷം അതിലൊരു ട്രോൾ ന്യുസിലൻഡ് ക്രിക്കറ്റ് താരം ജിമ്മി നീഷാം പങ്കുവച്ചു. ഈ ട്രോളിൽ മാക്‌സ്‌വെല്ലിനെയും മെൻഷൻ ചെയ്തിരുന്നു. ട്രോൾ കണ്ട് മാക്‌സ്‌വെല്ലിനും ചിരി അടക്കാനായില്ല. ബാറ്റ് ചെയ്യുന്നതിനിടെ താൻ കെ.എൽ.രാഹുലിനോട് ക്ഷമാപണം നടത്തിയതായി മാക്‌സ്‌വെൽ കമന്റ് ചെയ്‌തു. ഇതുകണ്ട ക്രിക്കറ്റ് ആരാധകർക്ക് ചിരി അടക്കാനായില്ല.
Hahaha that’s actually pretty good @Gmaxi_32https://t.co/vsDrPUx58M
— Jimmy Neesham (@JimmyNeesh) November 28, 2020
മാക്‌സ്‌വെല്ലുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ട്രോളുകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
മാക്‌സ്‌വെൽ മാത്രമല്ല, ഐപിഎല്ലിൽ വൻ നിരാശ സമ്മാനിച്ച ആരോൺ ഫിഞ്ച്, സ്റ്റീവ് സ്‌മിത്ത് എന്നിവരും ഓസീസ് ജഴ്‌സിയിൽ ഉശിരൻ പ്രകടനമാണ് പുറത്തെടുത്തത്.
ഓസ്‌ട്രേലിയക്ക് വേണ്ടി നായകൻ ആരോൺ ഫിഞ്ചും മുൻ നായകൻ സ്റ്റീവ് സ്‌മിത്തും സെഞ്ചുറി നേടി. 124 പന്തിൽ നിന്ന് ഒൻപത് ഫോറും രണ്ട് സിക്‌സും സഹിതം 114 റൺസ് നേടിയ നായകൻ ആരോൺ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. ഫിഞ്ചിനേക്കാൾ ആക്രമണകാരി സ്റ്റീവ് സ്‌മിത്തായിരുന്നു. വെറും 66 പന്തിൽ നിന്നാണ് സ്‌മിത്ത് 105 റൺസ് നേടിയത്. 11 ഫോറും നാല് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു സ്‌മിത്തിന്റേത്. ഐപിഎല്ലിൽ കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരമായിരുന്നു ആരോൺ ഫിഞ്ച്. സ്റ്റീവ് സ്‌മിത്ത് രാജസ്ഥാൻ റോയൽസ് നായകനും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.