ബൗളിങ്ങിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിച്ച് പാണ്ഡ്യ; താരത്തിനു പ്രതിസന്ധിയാകുന്നത് പരുക്ക്

മൂന്ന് പേസർമാരും രണ്ട് സ്‌പിന്നർമാരും മാത്രമായിരുന്നു ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്കായി ബോളെറിഞ്ഞത്

Hardik Pandya

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്ന ഇന്ത്യയ്‌ക്ക് ഏറ്റവും പ്രതികൂല ഘടകമായത് ഒരു പാർട് ടെെം ബൗളറുടെ അഭാവമായിരുന്നു. മത്സരശേഷം നായകൻ വിരാട് കോഹ്‌ലിയും ഇക്കാര്യം വ്യക്തമാക്കി.

മൂന്ന് പേസർമാരും രണ്ട് സ്‌പിന്നർമാരും മാത്രമായിരുന്നു ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്കായി ബോളെറിഞ്ഞത്. ഓള്‍റൗണ്ടർ എന്ന നിലയിൽ ഏറെ തിളക്കമാർന്ന ഇന്നിങ്‌സുകളുള്ള താരമാണ് ഹാർദിക് പാണ്ഡ്യ. എന്നാൽ, പാണ്ഡ്യയെ ഇപ്പോൾ ബാറ്റ്‌സ്‌മാൻ എന്ന നിലയിൽ മാത്രമാണ് ഇന്ത്യയ്‌ക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്. ലോവർ – ബാക്ക് പരുക്കിനെ തുടർന്ന് പാണ്ഡ്യയ്‌ക്ക് ബൗളിങ് ഏറെ പ്രയാസകരമായ കാര്യമായി മാറി.

പരുക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയ പാണ്ഡ്യ പിന്നീട് ബാറ്റിങ്ങിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാണ്ഡ്യയുടെ ബൗളിങ് ആക്ഷൻ പേശീവേദന വർധിപ്പിക്കാൻ സാധ്യതയുള്ളതാണ്. അതിനാലാണ് താരം പൂർണമായും ബൗളിങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ, വലിയ ടൂർണമെന്റുകളാണ് തന്റെ ലക്ഷ്യമെന്നും ആ സമയമാകുമ്പോഴേക്കും ബൗളിങ്ങിൽ തിരിച്ചെത്താൻ സാധിക്കുമെന്നും പാണ്ഡ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. ഓസീസിനെതിരായ ആദ്യ ഏകദിനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയപോലെ പന്തെറിയാൻ പൂർണ കായികക്ഷമത തനിക്കിപ്പോൾ ആയിട്ടില്ലെന്ന് പാണ്ഡ്യ പറയുന്നു. “ഞാൻ എന്റെ ബൗളിങ് മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിവിന്റെ പരമാവധി പുറത്തെടുക്കണമെന്ന് എനിക്കുണ്ട്. രാജ്യാന്തര മത്സരങ്ങളിൽ ആവശ്യമുള്ള വേഗത ഉണ്ടാവേണ്ടതുണ്ട്. ദീർഘകാലത്തേക്കുള്ളതാണ് ഞങ്ങൾ ചിന്തിക്കുന്നത്. വലിയ ടൂർണമെന്റുകളാണ് ലക്ഷ്യം. ലോകകപ്പ് ടി 20 അടുത്തുവരികയാണ്. അതിനുശേഷം ഏകദിന ലോകകപ്പ് അടക്കം വരാനുണ്ട്. അതുകൊണ്ട് ദീർഘകാലത്തേക്കുള്ള പ്രകടനമാണ് ലക്ഷ്യമിടുന്നത്. എപ്പോൾ മുതൽ ബൗളിങ് ആരംഭിക്കാൻ സാധിക്കുമെന്ന് എനിക്കിപ്പോൾ പറയാൻ സാധിക്കില്ല. നെറ്റ്‌സിൽ ഞാൻ ബൗളിങ് പരിശീലനം നടത്തുന്നുണ്ട്, പാണ്ഡ്യ പറഞ്ഞു.

Read Also: ഞങ്ങളുടെ ശരീരഭാഷ നിരാശപ്പെടുത്തുന്നതായിരുന്നു, ടീമിനൊരു പ്രശ്‌നമുണ്ട്; തോൽവിയിൽ നിരാശനായി കോഹ്‌ലി

ആവശ്യമെങ്കിൽ ഒരു ഓൾറൗണ്ടറെ കണ്ടെത്തേണ്ടതാണെന്നും പാണ്ഡ്യ പറഞ്ഞു. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരത്തെ മെച്ചപ്പെടുത്തിയെടുക്കാവുന്നതാണ്. അഞ്ച് ബൗളർമാരുമായി കളിക്കുക ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഒരു ബൗളറുടെ പ്രകടനം മോശമായാൽ ആ റോളിലേക്ക് ആരും ഉണ്ടാവില്ല. ഏതെങ്കിലും ഒരു താരത്തെ കണ്ടെത്തി ഓൾറൗണ്ടർ എന്ന നിലയിൽ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ടീമിലേക്ക് എത്തുമ്പോൾ താനൊരു ഓൾറൗണ്ടർ ആയിരുന്നില്ലെന്നും താനും ഇങ്ങനെ മെച്ചപ്പെടുകയായിരുന്നെന്നും പാണ്ഡ്യ പറഞ്ഞു.

ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ 66 റൺസിനാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴ്‌ചവച്ചു. കങ്കാരുക്കൾ ഉയർത്തിയ 375 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. നായകൻ വിരാട് കോഹ്‌ലി അടക്കമുള്ളവർ ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ ശിഖർ ധവാനൊപ്പം ചേർന്ന് ഹാർദിക് പാണ്ഡ്യ നടത്തിയ ചെറുത്ത് നിൽപ്പ് ഒരു സമയത്ത് ഇന്ത്യയ്‌ക്ക് നേരിയ വിജയപ്രതീക്ഷ വരെ സമ്മാനിച്ചു. 76 പന്തിൽ നിന്ന് 90 റൺസെടുത്താണ് പാണ്ഡ്യ പുറത്തായത്. നാല് സിക്‌സും ഏഴ് ഫോറും പാണ്ഡ്യയുടെ ബാറ്റിൽ നിന്ന് പിറന്നു. പാണ്ഡ്യ പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷയും അസ്തമിച്ചു. ഏകദിന കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് പാണ്ഡ്യ ഇന്നലെ ഓസ്ട്രേലിയക്കെതിരെ നേടിയത്.

മറ്റൊരു നേട്ടവും പാണ്ഡ്യ സ്വന്തമാക്കി. ഏകദിനത്തില്‍ വേഗതയില്‍ 1000 റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയത്. വെറും 857 പന്തില്‍ നിന്നാണ് പാണ്ഡ്യയുടെ നേട്ടം. ലോക ക്രിക്കറ്റിൽ അതിവേഗം ആയിരം റൺസ് സ്വന്തമാക്കിയ താരങ്ങളിൽ അഞ്ചാമനാണ് ഇപ്പോൾ പാണ്ഡ്യ. 767 പന്തുകളില്‍ നിന്ന് ആയിരം റൺസ് നേടിയ ആന്ദ്രെ റസലാണ് ഒന്നാം സ്ഥാനത്ത്. ലൂക്ക് റോഞ്ചി 807 പന്തുകളില്‍ നിന്ന് ഇത്രയും റണ്‍സ് തികച്ച് രണ്ടാം സ്ഥാനത്തുണ്ട്. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 834 പന്തുകളില്‍ നിന്നാണ് അഫ്രീദി ആയിരം റണ്‍സ് തികച്ചത്. നാലാം സ്ഥാനത്ത് കോറി ആന്‍ഡേഴ്‌സണാണ്. ന്യുസിലന്‍ഡ് ഓള്‍റൗണ്ടറായ ആന്‍ഡേഴ്‌സണ്‍ 854 പന്തുകളില്‍ നിന്നാണ് ആയിരം റൺസെടുത്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hardik pandya eyeing return to bowling india australia odi match

Next Story
ഞങ്ങളുടെ ശരീരഭാഷ നിരാശപ്പെടുത്തുന്നതായിരുന്നു, ടീമിനൊരു പ്രശ്‌നമുണ്ട്; തോൽവിയിൽ നിരാശനായി കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com