ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ താരമായി ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സമ്പൂർണ പരാജയമായ ഓസീസ് താരം ബാറ്റ് കൊണ്ട് കിടിലൻ പ്രകടനമാണ് ഇന്ന് നടത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയക്ക് വേണ്ടി 19 പന്തിൽ നിന്ന് 45 റൺസ് മാക്‌സ്‌വെൽ നേടി. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങിയതായിരുന്നു മാക്സിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.

ക്രീസിൽ നിന്ന് മാക്‌സ്‌വെൽ വെടിക്കെട്ടിനു തീകൊളുത്തിയപ്പോൾ വിക്കറ്റിനു പിന്നിൽ ഇതെല്ലാം കണ്ട് അന്താളിച്ചു നിൽക്കുകയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റൻ കൂടിയായ കെ.എൽ.രാഹുൽ. കാരണം, ഐപിഎല്ലിൽ രാഹുൽ നയിക്കുന്ന കിങ്‌സ് ഇലവൻ പഞ്ചാബ് താരമായിരുന്നു മാക്‌സ്‌വെൽ, അതും വലിയ തുകയ്‌ക്ക് പഞ്ചാബ് സ്വന്തമാക്കിയ താരം. ഐപിഎല്ലിലെ മോശം പ്രകടനത്തിനു പഴികേട്ട മാക്‌സ്‌വെൽ തന്നെയാണോ ഇതെന്ന് ഒരു നിമിഷത്തേക്ക് രാഹുൽ ശങ്കിച്ചുകാണും.

ഇത്തവണത്തെ ഐപിഎല്ലിൽ പഞ്ചാബിന് വേണ്ടി 11 കളികളിൽ നിന്ന് 15.42 എന്ന ചെറിയ ശരാശരിയിൽ വെറും 108 റൺസ് മാത്രമായിരുന്നു മാക്സിയുടെ സംഭാവന. എന്നാൽ, രാജ്യത്തിനുവേണ്ടി കളത്തിലിറങ്ങിയപ്പോൾ എല്ലാവരെയും ഞെട്ടിച്ച പ്രകടനവും. ഇതെല്ലാം കണ്ട് രാഹുൽ മാത്രമല്ല ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ എല്ലാം ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാക്‌സ്‌വെൽ ട്രോളുകൾകൊണ്ട് നിറഞ്ഞു. കിങ്‌സ് ഇലവൻ പഞ്ചാബ് ഉടമ പ്രീതി സിന്റ വരെ ഞെട്ടിപ്പോയെന്നാണ് ട്രോളൻമാർ പറയുന്നത്.

ഇന്ത്യയുടെ മുൻതാരം വിരേന്ദർ സെവാഗിനും മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് തലവേദനയായി. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മാക്‌സ്‌വെല്ലിനെ പരിഹസിച്ച് സെവാഗ് രംഗത്തെത്തിയത്. ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരിലായിരുന്നു സെവാഗ് മാക്‌സ്‌വെല്ലിനെ ട്രോളിയത്. പഞ്ചാബിന്റെ ‘10 കോടിയുടെ ചിയർലീഡർ’ എന്നാണ് മാക്‌സ്‌വെല്ലിനെ സെവാഗ് വിശേഷിപ്പിച്ചത്. ഐപിഎലിലെ അഞ്ച് മോശം താരങ്ങളെ തിരഞ്ഞെടുക്കുമ്പോഴാണ് സെവാഗ് മാക്‌സ്‌വെല്ലിനെതിരെ രംഗത്തെത്തിയത്. സെവാഗിന്റെ പരിഹാസത്തിന് മാക്‌സ്‌വെൽ മറുപടി നൽകുകയും ചെയ്തിരുന്നു.

‘ഗ്ലെൻ മാക്‌സ്‌വെൽ. 10 കോടിയുടെ ഈ ചിയർലീഡർ ഇത്തവണ കിങ്സ് ഇലവൻ പഞ്ചാബിന് വൻ നഷ്ടക്കച്ചവടമായിപ്പോയി. വിശ്രമിക്കാനായി ജോലിയിൽനിന്ന് കുറച്ചുകാലം മാറിനിൽക്കുന്നതുപോലെയാണ് വർഷങ്ങളായി മാക്സ്‍വെലിന്റെ ഐപിഎൽ കരിയർ. ഇത്തവണ ആ റെക്കോർഡും തകർന്നു. വൻ ശമ്പളത്തോടെയുള്ള അവധിയെന്ന് പറയുന്നത് ഇതിനെയാണ്.’ ഇതായിരുന്നു സെവാഗിന്റെ ട്രോൾ. എന്നാൽ, സെവാഗിന്റെ പരിഹാസത്തെ താൻ കാര്യമായി എടുക്കുന്നില്ലെന്നും ഇത്തരം പരമാർശങ്ങൾ നടത്തി വാർത്തയിൽ നിറഞ്ഞുനിൽക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നുമാണ് മാക്‌സ്‌വെൽ മറുപടി നൽകിയത്.

സെവാഗിന്റെ പരിഹാസത്തിനു കലക്കൻ മറുപടി കൂടി നൽകിയിരിക്കുകയാണ് ഇപ്പോൾ മാക്‌സ്‌വെൽ. ഇന്ത്യക്കെതിരായ ഏകദിന മത്സരത്തിൽ മാക്‌സ്‌വെൽ നടത്തിയ പ്രകടനം സെവാഗിനും തിരിച്ചടിയായി. സെവാഗിനെതിരെയാണ് ഇപ്പോൾ ട്രോളുകളെല്ലാം.

മാക്‌സ്‌വെൽ മാത്രമല്ല, ഐപിഎല്ലിൽ വൻ നിരാശ സമ്മാനിച്ച ആരോൺ ഫിഞ്ച്, സ്റ്റീവ് സ്‌മിത്ത് എന്നിവരും ഓസീസ് ജഴ്‌സിയിൽ ഉശിരൻ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

ഓസ്‌ട്രേലിയക്ക് വേണ്ടി നായകൻ ആരോൺ ഫിഞ്ചും മുൻ നായകൻ സ്റ്റീവ് സ്‌മിത്തും സെഞ്ചുറി നേടി. 124 പന്തിൽ നിന്ന് ഒൻപത് ഫോറും രണ്ട് സിക്‌സും സഹിതം 114 റൺസ് നേടിയ നായകൻ ആരോൺ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ.

ഫിഞ്ചിനേക്കാൾ ആക്രമണകാരി സ്റ്റീവ് സ്‌മിത്തായിരുന്നു. വെറും 66 പന്തിൽ നിന്നാണ് സ്‌മിത്ത് 105 റൺസ് നേടിയത്. 11 ഫോറും നാല് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു സ്‌മിത്തിന്റേത്.

ഐപിഎല്ലിൽ കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരമായിരുന്നു ആരോൺ ഫിഞ്ച്. സ്റ്റീവ് സ്‌മിത്ത് രാജസ്ഥാൻ റോയൽസ് നായകനും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook