/indian-express-malayalam/media/media_files/2025/07/03/f-35-b-fighter-trolls-2025-07-03-18-26-40.jpg)
എഫ് 35ബിയെ ട്രോളി മലയാളികൾ
F-35B Fighter: 940 കോടി രൂപയോളം വിലമതിക്കുന്ന എഫ് 35 ബി. ബ്രിട്ടന്റെ അഞ്ചാം തലമുറയിൽപ്പെട്ട യുദ്ധ വിമാനം. എന്നാൽ ഈ കൊമ്പനെ ഒരു ദയയുമില്ലാതെ ട്രോളുകയാണ് മലയാളികൾ. റഡാർ സംവിധാനങ്ങളെ വരെ കബളിപ്പിച്ച് പറക്കാൻ സാധിക്കുന്ന എഫ് 35 ബി തിരുവനന്തപുരം വിമാനത്താവളത്തിലെ ബേ നാലിൽ മഴയും നനഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. ഇത് കണ്ട് മലയാളികൾ പറയുന്നത് ശോഭനയുടെ ആ ഡയലോഗ് ആണ്, "കൊണ്ടുപോകാൻ പറ്റുന്നില്ലെങ്കിൽ ഇവിടെ തന്നെ കുഴി കുഴിച്ച് സംസ്കരിച്ചേക്ക്. അസ്ഥി നമുക്ക് ഭാരതപ്പുഴയിൽ കൊണ്ടുപോയി ഒഴുക്കാം".
'ഇപ്പ ശരിയാക്കിത്തരാ... ആ ചെറിയ സ്പാനറിങ്ങെടുത്തേ' എന്നും പറഞ്ഞ് എഫ് 35 ബി നന്നാക്കാനിറങ്ങിയിട്ട് ഇതുവരെ നടന്നിട്ടില്ല. എഫ് 35 ബിയുടെ അവസ്ഥയും വെള്ളാനകളുടെ നാട്ടിലെ റോഡ് റോളറിന്റെ അവസ്ഥയും ഇപ്പോൾ ഒന്ന് തന്നെ! ഇപ്പോ ശരിയാക്കും എന്ന് വിചാരിച്ച് കാത്തിരുന്ന് മടുത്ത് പൈലറ്റും റിസർവ് പൈലറ്റും വരെ എഫ് 35 ബിനെ ഇവിടെയിട്ട് നാട്ടിലേക്ക് മടങ്ങി.
'ഒന്ന് ബഹുമാനിക്കെടാ മലയാളികളേ...'
പ്രിയദർശന്റെ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ റോഡ് റോളറുമായി കൂട്ടിച്ചേർത്ത രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. എഫ് 35ന് മുകളിൽ തന്റെ ചെറിയ സ്പാനറും കൊണ്ടിരിക്കുകയാണ് നമ്മുടെ പപ്പു ചേട്ടൻ. ഇത് കണ്ട് എങ്ങനെ ചിരിക്കാതിരിക്കാനാണ്. ഇത്രയും പ്രശസ്തനും കരുത്തനുമായ എന്നെ ഈ വിധം ട്രോളാതെ അൽപ്പം ബഹുമാനിക്കെടാ മലയാളികളേ എന്നാവും എഫ് 35 ബി പറയുന്നുണ്ടാവുക...
Also Read: മോദി-ട്രംപ് കൂടിക്കാഴ്ച: എഫ് 35 അടക്കമുള്ള വിമാനങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അമേരിക്ക
കഴിഞ്ഞ ദിവസം കേരള സർക്കാർ തന്നെ 'വീണിടം വിദ്യയാക്കി' എഫ് 35 ബിയെ ഉപയോഗിച്ചെത്തിയതും കൗതുകമായി. " ഏറെ മനോഹരമായ ഇടമാണ് കേരളം. എനിക്ക് ഇവിടെ നിന്ന് പോകണ്ട എന്നും പറഞ്ഞ് കേരളത്തിന് ഫൈവ് സ്റ്റാർ നൽകുകയാണ് കേരള ടൂറിസത്തിന്റെ പരസ്യത്തിൽ എഫ് 35ബി. ടൂറിസം വകുപ്പിന്റെ ഈ മാർക്കറ്റിങ് തന്ത്രത്തിന് മലയാളികളുടെ കയ്യടി കിട്ടുകയും ചെയ്തു.
എഫ് 35ബിയെ കൊണ്ടുപോകാൻ യുകെയുടെ അറ്റകൈ
എഫ് 35 ബിയെ എയർലിഫ്ഫ് ചെയ്യാൻ ഒരുങ്ങുകയാണ് യുകെ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സി 17 ഗ്ലോബ്സ്റ്റാർ ട്രാൻസ്പോർട്ട് എയർക്രാഫ്ഫ് ഉപയോഗിച്ച് എഫ് 35 ബിയെ കേരളത്തിൽ നിന്ന് കൊണ്ടുപോകാനുള്ള അറ്റകൈ ശ്രമമാണ് യുകെയുടെ ഭാഗത്ത് നിന്ന് വരുന്നത്. അസാധാരണ നീക്കം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
Also Read: "ഒരു കിലോ പഴം മതി, അവൻ വൈകുന്നേരം വരെ നിന്നോളും;" വനം വകുപ്പ് കാണേണ്ടന്ന് കമന്റ്
ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു എച്ച് 35 ബി. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്താൻ പൈലറ്റ് അനുവാദം തേടുകയായിരുന്നു.
എച്ച് 35 ബി കേരളത്തിൽ തുടരുന്നതിന് പിന്നിൽ മറ്റ് ഗൂഢ നീക്കങ്ങളുണ്ടോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. കാറ്റപ്പൾട്ട് സംവിധാനങ്ങളില്ലാതെ തന്നെ വിമാന വാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതുൾപ്പെടെ നിരവധി പ്രത്യേകതകളാണ് എഫ് 35ബിക്കുള്ളത്. എന്നാൽ മലയാളികൾക്ക് ഇത് നമ്മുടെ ലാലേട്ടനെ കുഴക്കിയ റോഡ് റോളറിന് തുല്യം!
Read More: 'ഇതിൽ ഇപ്പൊ ഏതാ ഒറിജിനൽ, റീൽ എടുക്കാൻ പറഞ്ഞതിന് സിനിമ എടുത്തു വച്ചിരിക്കുന്നു'; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.