/indian-express-malayalam/media/media_files/uploads/2022/07/Devadoothar-Paadi-viral-dance-.jpg)
റിലീസിനൊരുങ്ങുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍ ചുവടുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയിലും പുറത്തും 'ദേവദൂതര്‍ പാടി' തരംഗമാണ്. ഉത്സവപ്പറമ്പിലെ നടന്‍ കുഞ്ചാക്കോ ബോബന്റെ ഫ്രീസ്‌റ്റൈല്‍ പാമ്പ് ഡാന്‍സ് സാധാരണക്കാരെ മുതല്‍ പ്രശ്‌സതരെ വരെ ഒരുപോലെ ആകര്‍ഷിച്ചുകഴിഞ്ഞു.
കുഞ്ചാക്കോ ബോബനോട് സാദൃശ്യമുള്ള ഒരാള്‍ മുതല്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെയുള്ളവരുടെ 'ദേവദൂതര്‍ പാടി'യുടെ വേര്‍ഷനുകള്‍ ഇതിനകം വൈറലായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരു അപ്പൂപ്പനും മോളും. ഒരു വിവാഹസത്കാര വേദിയില്‍നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
വരനും വരനും ഫൊട്ടോയ്ക്കു പോസ് ചെയ്യുന്ന വേദിക്കു മുന്നിലാണു അപ്പൂപ്പന്റെ ഡാന്‍സ്. ഒരു ക്യാമറാമാന്‍ സംഭവം റെക്കോര്‍ഡ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെയാണു കൊച്ചുമകള്‍ അപ്പൂപ്പന് അരികിലെത്തുന്നത്. തുടര്‍ന്ന് ഇരുവരും തകര്‍ത്താടുകയാണ്.
ഇതിനിടെ ഫൊട്ടോയ്ക്കു പോസ് ചെയ്യാനായി ആളുകള്‍ വധൂവരന്മാര്‍ക്ക് അടുത്ത് എത്തുന്നുണ്ടെങ്കിലും അപ്പൂപ്പനും കൊച്ചുമോള്‍ക്കും അതൊന്നും ഒരു പ്രശ്‌നമാവുന്നില്ല. ഇവരും ആസ്വദിച്ച് നൃത്തം ചെയ്യുകയാണ്.
'എന്റെ കോട്ടയം' എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കിട്ട വീഡിയോ കുറഞ്ഞ സമയം കൊണ്ട് മൂന്നു ലക്ഷത്തോളം വ്യൂവും മുപ്പതിനായിരത്തിലേറെ ലൈക്കുകളും നേടിക്കഴിഞ്ഞു. വിവാഹ ഫൊട്ടോഗ്രാഫറായ ബിനു കൊക്കാടന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഹ്രസ്വ വീഡിയോ ആദ്യം പങ്കിട്ടത്. അപ്പൂപ്പനും കൊച്ചു മോളും ആറാടുകയാണെന്നു കുറിച്ചുകൊണ്ടാണു ബിനു വീഡിയോ പങ്കുവച്ചത്.
1985-ല്‍ പുറത്തിറങ്ങിയ 'കാതോട് കാതോരം' എന്ന ചിത്രത്തിലെ 'ദേവദൂതര്‍ പാടി' എന്ന ഹിറ്റ് പാട്ടിന്റെ പുതിയ അവതരണമാണ് 'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കാ ബോബന്‍ ചിത്രത്തിലേത്. ഉത്സവപ്പറമ്പിലെ വേദിയില്‍ നടക്കുന്ന ഗാനമേളയില്‍ ഈ പാട്ട് പാടുന്നതും ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് കുഞ്ചാക്കോ ബോബന്‍ 'പാമ്പ് ഡാന്‍സ്' ചെയ്യുന്നതുമാണു പുറത്തുവന്നിരിക്കുന്നത്. ലുങ്കിയും മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച് അലസമായ മുടിയും താടിയുമായുള്ള കുഞ്ഞാക്കോ ബോബന്‍ റിയലിസ്റ്റിക് പ്രകടനത്തിന്റെ പൂര്‍ണ രൂപം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണു പ്രേക്ഷകര്‍.
മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചന്‍ സംഗീതം ചെയ്ത 'ദേവദൂതര്‍ പാടി' ഗാനം കെ ജെ യേശുദാസാണ് ആലപിച്ചത്. മമ്മൂട്ടിയും ഔസേപ്പച്ചനും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ 'ദേവദൂതര്‍ പാടി'യുടെ പുനരവതരണത്തിലെ പ്രകടനത്തിനു കുഞ്ചാക്കോ ബോബനെ അഭിനന്ദിച്ചിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.