ദേവദൂതർ പാടി എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന ചാക്കോച്ചന്റെ ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രധാന ചർച്ചകളിലൊന്ന്. ഇൻസ്റ്റഗ്രാം റീലുകളിലും ട്രോളുകളിലും സ്റ്റാറ്റസുകളിലുമെല്ലാം നിറഞ്ഞാടുകയാണ് ചാക്കോച്ചനും ദേവദൂതരും! കഴിഞ്ഞ ദിവസം സീതാരാമത്തിന്റെ പ്രമോഷന് ഇടയിൽ ദുൽഖറും ഈ ഗാനത്തിന് അനുസരിച്ച് വേദിയിൽ ചുവടുവെച്ചിരുന്നു.
ഏറെനാളുകൾക്കു ശേഷം ഒരു വൈറൽ ഗാനം ഒത്തു കിട്ടിയ സന്തോഷത്തിലാണ് ട്രോളന്മാരും. രസകരമായ വീഡിയോകളാണ് ട്രോൾ പേജുകളിൽ നിറയുന്നത്. അതിനിടെ, ‘ദ ടൈമിംഗ് വിസാഡ്’ എന്ന പേരിൽ പ്രശസ്തമായ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഗാനരംഗത്തിൽ ഡാൻസിനിടെ എന്തോ കണ്ട് ശ്രദ്ധ മാറി ചാക്കോച്ചൻ പതിയെ രംഗത്തുനിന്നും മാറുന്ന ഒരു വിഷ്വലുണ്ട്. പൊലീസുകാർ തന്നെ നിരീക്ഷിക്കുന്നത് കണ്ടാണ് യഥാർത്ഥത്തിൽ ചാക്കോച്ചൻ മുങ്ങുന്നത്. ഒരു മദ്യപാനിയുടേതെന്ന് തോന്നിപ്പിക്കുന്ന മാനറിസമാണ് ഗാനരംഗത്തിൽ ഉടനീളം ചാക്കോച്ചനിൽ കാണാനാവുക. ഇതുമായി കണക്റ്റ് ചെയ്ത്, മദ്യം ഒഴിച്ചുവച്ചത് കണ്ടാണ് ചാക്കോച്ചന്റെ കഥാപാത്രം ഡാൻസിനിടെ മുങ്ങിയത് എന്ന് പുനർവ്യാഖ്യാനിക്കുകയാണ് ടൈമിംഗ് വിസാഡിന്റെ വീഡിയോ.
ടൈമിംഗ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ വിനോയ് അലക്സാണ്ടറാണ് ചാക്കോച്ചന്റെ വൈറൽ ഡാൻസിന് ഒരു ബിഹൈൻഡ് സ്റ്റോറിയുമായി എത്തിയിരിക്കുന്നത്. മുൻപും സിനിമരംഗങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ വിനോയ് പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മിൽമയും ചാക്കോച്ചന്റെ ഡാൻസ് വീഡിയോയ്ക്ക് ഒരു ടൈമിംഗ് വീഡിയോ ഇറക്കിയിരുന്നു.
“ഉത്സവപ്പറമ്പിൽ മിൽമയുണ്ടെങ്കിൽ, ആരും പാടും, ആടും! ന്നാ താൻ മിൽമ കൊട്,” എന്നായിരുന്നു ചാക്കോച്ചന്റെ വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി മിൽമ കുറിച്ചത്.