/indian-express-malayalam/media/media_files/uploads/2022/07/eid-al-adha-.jpg)
ദുബായ്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്‌മരണകളുണർത്തി ഗൾഫിലെ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. രാവിലെ മുതൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കും. തുടർന്ന് ബലി അഥവാ ഉദുഹിയത്ത് കർമവുമുണ്ടാകും.
സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിനാണെന്ന് ഉറപ്പായത്. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ദുൽഹജ്ജ് മാസം പത്തിനാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. കേരളത്തിൽ ബലിപെരുന്നാൾ ഞായറാഴ്ചയാണ്.
പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മായീലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണു വിശ്വാസികള്‍ക്കു ബലിപെരുന്നാള്‍ അഥവാ ബക്രീദ്. പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യമാണ് പെരുന്നാൾ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാർഗത്തിൽ സമർപ്പിക്കുകയെന്നതാണ് അതിന്റെ പൊരുൾ.
ദുല്‍ഹജ്ജ് ഒന്‍പതായ ഇന്നലെ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം നടന്നു. ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ഇത്തവണ വെള്ളിയാഴ്ചയാണെന്നതും ഈ ഹജ്ജ് സീസണിന്റെ പ്രത്യേകതയായിരുന്നു. അറഫാ സംഗമത്തിലെ ഖുതുബയ്ക്കു മസ്ജിദുന്നമിറയില്‍ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ സെക്രട്ടറി ശൈഖ് ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ നേതൃത്വം നല്‍കി.
കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം പെരുന്നാൾ ആഘോഷങ്ങളെന്ന് വിവിധ രാജ്യങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി വേഗപരിധികൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ അറിയിക്കണമെന്ന നിർദേശവും പൊലീസ് നൽകിയിട്ടുണ്ട്.
ബലിപെരുന്നാൾ ആഘോഷങ്ങൾക്കു മുൻപായി എല്ലാവരും പി സി ആർ പരിശോധന നടത്തണമെന്ന് യു എ ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. നമസ്കാരത്തിനെത്തുന്നവർ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം. സ്വന്തമായി മുസല്ല കൊണ്ടുവരണമെന്നും നിർദേശങ്ങളിൽ പറയുന്നു. ഹസ്തദാനം നൽകലും ആലിംഗനം ചെയ്യലും പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
ഈദ് അല്‍ അദ്ഹ ആരംഭിക്കുന്നതിന്റെ സൂചനയായി ദുബായ് പൊലീസ് രണ്ട് സ്ഥലങ്ങളില്‍ പീരങ്കി വെടികള്‍ മുഴക്കും. സബീല്‍ ഗ്രാന്‍ഡ് മസ്ജിദിലും അല്‍ മന്‍ഖൂല്‍ പ്രാര്‍ഥനാ മൈതാനത്തുമാണു വെടിമുഴക്കുക. റമദാനിലും രണ്ട് ഈദ് ദിനങ്ങളിലും പീരങ്കി വെടിയുതിര്‍ക്കുന്ന പാരമ്പര്യം 1960-കളുടെ തുടക്കം മുതല്‍ ദുബായ് പൊലീസിനുണ്ട്. റമദാനില്‍ എല്ലാ ദിവസവും ഇഫ്താര്‍ വേളയില്‍ നോമ്പ് അവസാനിച്ചതിന്റെ സൂചനയായി ഒരൊറ്റ വെടിയാണ് ഉതിര്‍ക്കുക. ഈദ് അല്‍ ഫിത്തറിനെയും ഈദ് അല്‍ അദയുയെയും സ്വാഗതം ചെയ്തുകൊണ്ട് രണ്ട് വെടിയും.
/indian-express-malayalam/media/media_files/uploads/2022/07/Cannon-UAE-police.jpg)
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ മുതൽ നാല് ദിവസത്തെ അവധിയാണ് യു എ ഇയിലും ഒമാനിലും പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷങ്ങളോട് അനുബന്ധിച്ചു യു എ ഇയിലെ വിവിധയിടങ്ങളിൽ നാല് ദിവസം സൗജന്യ പാർക്കിങും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഇന്നു മുതല്‍ 11 വരെ അവധിയായിരിക്കും.
സൗദിയിൽ ഇന്നലെ മുതല്‍ 11 വരെ നാലു ദിവസമാണു സ്വകാര്യമേഖലയ്ക്ക് അവധി. മാനവശേഷി സാമൂഹിക മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. 12നു പ്രവൃത്തി പുനരാരംഭിക്കും. ബാങ്കുകള്‍ ഏഴു മുതല്‍ 12 വരെ അവധിയായിരിക്കും. അതേസമയം, ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും സീസണല്‍ ശാഖകളും പ്രവര്‍ത്തിക്കും.
ഖത്തറിൽ സ്വകാര്യ മേഖലയിൽ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയാണു തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. പെരുന്നാൾ ദിനത്തിലും ജോലി ചെയ്യേണ്ട മേഖലകളിൽ ഓവർടൈം ഉൾപ്പെടെയുള്ള അലവൻസുകൾ നൽകണം.
കുവൈത്തിൽ 10 മുതൽ 14 വരെയാണ് ഔദ്യോഗിക അവധി. 10 നു മുൻപും 14 നുശേഷമുള്ള വാരാന്ത്യ അവധികൾ കൂടി ആവുന്നതോടെ ആകെ അവധി ദിനം ഒൻപതാകും. 17നാണ് ഓഫിസുകൾ തുറക്കുക. ബാങ്കുകളുടെ പ്രധാന ശാഖകൾ 13നും 14നും സേവനം നൽകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.