ദുബായ്: യു എ ഇയില്‍ സ്വകാര്യ മേഖലയ്ക്കു നാലു ദിവസത്തെ ബലിപെരുന്നാള്‍ (ഈദ് അല്‍ അദ) അവധി പ്രഖ്യാപിച്ചു. അറഫ ദിനമായ ജൂലൈ എട്ടു മുതല്‍ (ദു അല്‍ ഹിജ്ജ ഒന്‍പത്) 11 വരെയാണു ശമ്പളത്തോടെയുള്ള അവധി. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവധിയും എട്ടു മുതല്‍ 11 വരെയാണ്. എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം 12നു പുനരാരംഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് സര്‍ക്കുലറില്‍ അറിയിച്ചു.
സൗദിയിലും എട്ടു മുതല്‍ മുതല്‍ 11 വരെ നാലു ദിവസമാണു സ്വകാര്യമേഖലയ്ക്ക് അവധി. മാനവശേഷി സാമൂഹിക മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. 12നു പ്രവൃത്തി പുനരാരംഭിക്കും.
ബാങ്കുകള്‍ ഏഴു മുതല്‍ 12 വരെ അവധിയായിരിക്കും. അതേസമയം, ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും സീസണല്‍ ശാഖകളും പ്രവര്‍ത്തിക്കും.
Also Read: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് ഖത്തറില്‍ നിരോധനം
ഒമാനില്‍ എട്ടു മുതല്‍ 12 വരെയാണു പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ അവധി. 13 മുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ബഹ്‌റൈനില്‍ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും എട്ടു മുതല്‍ 11 വരെ അവധിയായിരിക്കും.
സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണു ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിനാണെന്ന് ഉറപ്പായത്. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഈ സാഹചര്യത്തില്‍ അറബിമാസമായ ദു അല്‍ ഹിജ്ജ മാസം വ്യാഴാഴ്ച ആരംഭിച്ചു. ദു അല്‍ ഹിജ്ജ പത്താം ദിവസമാണ് ഈദ് അല്‍ അദ അഥവാ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ദു അല്‍ ഹിജ്ജ ഒന്‍പതിനും. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസമാണിത്.
ഹജ്ജിനായി ഇന്നലെ വരെ വിവിധ രാജ്യങ്ങളില്‍നിന്നു 3,30,451 തീര്‍ത്ഥാടകരാണു മദീനയിലെത്തിയിരിക്കുന്നത്. 2,39,547 പേര്‍ മക്കയിലെ പുണ്യസ്ഥലങ്ങളിലേക്കു പുറപ്പെട്ടു.